കേന്ദ്ര കന്നുകാലി നയത്തെ എതിര്‍ത്തു കോണ്‍ഗ്രസ് നേതാവ് ബീഫ് ഫെസ്റ്റിവിലേക്ക്

27 തീയതി ശനിയാഴ്ച വൈകുന്നേരം നോമ്പ് തുറയ്ക്കു ശേഷം 7 മണിയോടെയായിരിക്കും ആലുവയുടെ ഹൃദയഭാഗത്ത് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെടുക

കേന്ദ്ര കന്നുകാലി നയത്തെ എതിര്‍ത്തു കോണ്‍ഗ്രസ് നേതാവ് ബീഫ് ഫെസ്റ്റിവിലേക്ക്

എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടരിയും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തംഗമായ ബാബു പുത്തനങ്ങാടി, കോണ്‍ഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി വില്യം ആലത്തറ എന്നിവരുടെ നേതൃത്വത്തില്‍ നാളെ ആലുവാ പാലസിന് മുന്‍പില്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കന്നുകാലി നയത്തിനോടുള്ള പ്രതിഷേധമായാണ് കോണ്‍ഗ്രസ് നേതാക്കന്മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി ഒരു ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്.

27 തീയതി ശനിയാഴ്ച വൈകുന്നേരം നോമ്പ് തുറയ്ക്കു ശേഷം 7 മണിയോടെയായിരിക്കും ആലുവയുടെ ഹൃദയഭാഗത്ത് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെടുക എന്ന് സംഘാടകര്‍ അറിയിച്ചു.

മുന്‍കേന്ദ്ര പരിസ്ഥിതി മന്ത്രി മാധവ ദേവ് ഡ്രാഫ്റ്റ്‌ ചെയ്തു പോയ ഒരു ബില്‍ യാതൊരു വിധ ധാരണയുമില്ലാതെ നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെ അംഗീകരിക്കുവാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ എന്നും ജനഹിത്തിനൊപ്പവും മതനിരപേക്ഷകത ഉയര്‍ത്തി പിടിക്കുന്നതുമായിരുന്നു.റംസാന്‍ തുടങ്ങുന്നതിനു മുന്‍പ് ഇങ്ങനെയൊരു വിജ്ഞാപനം ഓര്‍ഡിനന്‍സ് ആയി കൊണ്ട് വരുന്നത് മുസ്ലിം ന്യൂനപക്ഷത്തെ മാത്രം ഉന്നം വച്ചുക്കൊണ്ടാണ് എന്ന് ബാബു നാരദാ ന്യുസിനോട് പറഞ്ഞു. ഇന്ത്യയിലെ കന്നുകാലി കച്ചവടത്തില്‍ ഏര്‍പ്പെട്ടിര്‍ക്കുന്ന നല്ലൊരു ശതമാനം മുസ്ലീം സഹോദരങ്ങളാണ്. ഈ ഒരു വിജ്ഞാപനത്തോടു കൂടി അവരുടെ സാമ്പത്തിക ഭദ്രത മാത്രമല്ല അവരുടെ കുടുംബങ്ങളെ വേട്ടയാടുന്നതിന്നുള്ള നിയമപരിരക്ഷ കൂടി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുകയാണ് എന്നും ബാബു ആരോപിച്ചു.

കേരളത്തെ സംബന്ധിച്ച് എല്ലാ മതസ്ഥരുടെയും ജീവിതത്തിന്‍റെ ഭാഗമാണ് ബീഫും മാംസാഹാരവും എന്നു വില്യം പ്രതികരിച്ചു. മതസൗഹാര്‍ദ്ദ തകര്‍ത്തു ഇന്ത്യയുടെ അടുക്കളയിലേക്ക് ആയുധം എറിയാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്ന സന്ദേശമാണ് ഞങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതെന്നും വില്യം പറഞ്ഞു.

Read More >>