ജയനഗർ ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത് കോൺഗ്രസ്

കോൺഗ്രസുമായി സഖ്യത്തിലായതോടെ ജനതാദൾ അവരുടെ സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജയനഗർ ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത് കോൺഗ്രസ്

ഭരണം പിടിക്കാൻ ആവുന്ന കളികളെല്ലാം കളിച്ച് ഒടുവിൽ പിൻ‌വാങ്ങേണ്ടി വന്ന ബിജെപിക്ക് കർണാടകയിൽ നിന്ന് വീണ്ടും അശുഭവാർത്ത. തുടർച്ചയായി നടന്ന രണ്ടാം ഉപതെരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസിന് ജയം. സിറ്റിംഗ് സീറ്റായ ജയനഗറാണ് ബിജെപി കൈവിട്ടത്. 2889 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സൗമ്യ റെഡ്ഡിയാണ് കോൺഗ്രസിന് വിജയം സമ്മാനിച്ചത്. കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് 54,457 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദിന് 51,568 വോട്ടുകളെ നേടാനായുള്ളു.

മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ കൂടിയായ ബിജെപി സ്ഥാനാർഥി ബി.എൻ. വിജയകുമാർ, തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിലെ വോട്ടെടുപ്പു മാറ്റിവച്ചത്. സ്ഥാനാ‍ർത്ഥിയുടെ സഹോദരൻ ബി‌എൻ പ്രഹ്ലാദ് ആയിരുന്നു സ്ഥാനാർത്ഥി. സഹോദരനെത്തന്നെ സ്ഥാനാർത്ഥിയാക്കിയതോ മണ്ഡലത്തിലുയർന്ന സഹതാപ തരംഗമോ ബിജെപിയെ തുണച്ചില്ല.

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി. കോൺഗ്രസുമായി സഖ്യത്തിലായതോടെ ജനതാദൾ അവരുടെ സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Read More >>