ബിജെപിക്ക് മറുപണി; ഗോവയിലും ബിഹാറിലും സർക്കാരുണ്ടാക്കാൻ വലിയ ഒറ്റക്കക്ഷികളായ കോൺഗ്രസും ആർജെഡിയും

വലിയ ഒറ്റക്കക്ഷിയായ ബിജെപി ഭരിക്കട്ടെ എന്ന് സുപ്രീം കോടതി നാളെ തീരുമാനിച്ചാൽ ഗോവയും ബിഹാറും ബിജെപിക്ക് മറക്കേണ്ടി വരും. മറിച്ചാണെങ്കിൽ കർണാടകയും.

ബിജെപിക്ക് മറുപണി; ഗോവയിലും ബിഹാറിലും സർക്കാരുണ്ടാക്കാൻ വലിയ ഒറ്റക്കക്ഷികളായ കോൺഗ്രസും ആർജെഡിയും

ബിജെപിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ പാർട്ടികളുടെ മറുപണി. ഗോവയിൽ കോൺഗ്രസും ബിഹാറിൽ ആർജെഡിയും സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുമെന്ന് പ്രഖ്യാപിച്ചു. ഗോവയിലെ 16 എംഎൽഎമാർ പാർലമെൻ്ററി പാർട്ടി നേതാവ് ചന്ദ്രകാന്ത് കവ്ലേക്കറിനൊപ്പവും ബിഹാറിലെ 80 ആർജെഡി എംഎൽഎമാർ നിയമസഭാ കക്ഷി നേതാവായ തേജസ്വി യാദവിനൊപ്പവും ഗവർണറെ കാണും. അതത് സംസ്ഥാനങ്ങളിലെ വലിയ ഒറ്റക്കക്ഷികളാണ് കോൺഗ്രസും ആർജെഡിയും.

കർ'നാടക'മാടിയ ബിജെപി- ഗവർണർ ധാരണയ്ക്കുള്ള മറുപണിയായാണ് കോൺഗ്രസിൻ്റെയും ആർജെഡിയുടെയും പത്മവ്യൂഹം. കർണാടക കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിലെ വിധിയെന്തായാലും ബിജെപിക്ക് തിരിച്ചടിയാണ്. വലിയ ഒറ്റക്കക്ഷിയായ ബിജെപി ഭരിക്കട്ടെ എന്ന് സുപ്രീം കോടതി തീരുമാനിച്ചാൽ ഗോവയും ബിഹാറും ബിജെപിക്ക് മറക്കേണ്ടി വരും. മറിച്ചാണെങ്കിൽ കർണാടകയും. അതാണെങ്കിൽ ബിജെപിയുടെ അഭിമാനപ്രശ്നവും.

രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ വലിയ ഒറ്റക്കക്ഷിയെ മറികടന്ന് സഖ്യമുണ്ടാക്കിയാണ് ബിജെപി അധികാരമേറിയത്. 60 അംഗ മണിപ്പൂർ നിയമസഭയിലേക്ക് 2017 നടന്ന തെരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായിരുന്നു. കേവലഭൂരിപക്ഷത്തിന് 3 സീറ്റുകളുടെ മാത്രം കുറവ്. എന്നാൽ 21 സീറ്റുള്ള ബിജെപിക്ക് സർക്കാരുണ്ടാക്കാൻ ക്ഷണം ലഭിച്ചു. 60 പേർ തന്നെയുള്ള മേഘാലയ നിയമസഭയിൽ 21 സീറ്റുകളുമായി വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസ്. സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത് ബിജെപി പിന്തുണയുള്ള എൻപിപിയെ.

60 അംഗ നാഗാലാൻഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണെങ്കിൽ 26 സീറ്റുമായി എൻപിഎഫ് വലിയ ഒറ്റക്കക്ഷിയായിട്ടും ഗവർണറുടെ ക്ഷണം ലഭിച്ചത് ബിജെപി പിന്തുണയുള്ള എൻഡിപിപിക്കാണ്. 17 സീറ്റ് മാത്രമാണ് അവർക്ക് ലഭിച്ചിരുന്നത്. 2014ൽ അരുണാചൽ പ്രദേശിൽ നടന്ന തെരഞ്ഞെടുപ്പിൽ സ്ഥിതി അല്പം വ്യത്യസ്തമായിരുന്നു. 60ൽ 42 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തി. പക്ഷേ അതിൽ 41 പേരെയും ബിജെപി വാങ്ങി. ബിജെപിക്കിപ്പോൾ 46 സീറ്റ്, കോൺഗ്രസിന് ഒന്നും.

സമാനമായ സ്ഥിതിയിലാണ് കോൺഗ്രസിന് ഗോവയിൽ അധികാരം നഷ്ടപ്പെട്ടത്. 40ൽ 16 സീറ്റുള്ള കോൺഗ്രസിനെ മറികടന്ന് ഗോവ ഗവർണർ 14 സീറ്റുള്ള ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. ബിഹാറിലാണെങ്കിൽ ആർജെഡി സഖ്യമുപേക്ഷിച്ച് നിതിഷ് കുമാറും ജെഡിയുവും ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി ഭരിക്കാൻ തുടങ്ങിയപ്പോൾ 243അംഗ സംഭയിൽ 80 സീറ്റുമായി ഒന്നാം സ്ഥാനത്തുള്ള ആർജെഡി പ്രതിപക്ഷത്ത്.

കർണാടകയിൽ ബിജെപി വച്ച 'ആപ്പ്' തിരിച്ചു വച്ച് പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ബിജെപി ഇതുപോലെ അധികാരമേറിയ മറ്റു സംസ്ഥാനങ്ങളിലും പ്രതിപക്ഷം ഇത്തരം തീരുമാനങ്ങളിലേക്കെത്തിയാൽ ബിജെപി വിയർക്കുമെന്നത് തീർച്ച.


Read More >>