രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയായി ഐഎന്‍എസ് വിക്രാന്തിലെ മോഷണം; ഇരുട്ടിൽ തപ്പി അന്വേഷണ ഏജൻസികൾ

മറ്റു രാജ്യങ്ങളുടെ ചാര സംഘടനകൾ മുതൽ രാജ്യങ്ങളുടെ സുരക്ഷാ രഹസ്യങ്ങൾ മോഷ്ടിച്ച് ശത്രു രാഷ്ട്രങ്ങൾക്കും തീവ്രവാദ സംഘങ്ങൾക്കും വിൽക്കുന്ന പ്രൊഫഷണൽ കവർച്ചാ സംഘങ്ങൾ വരെ ഇതിനു പിന്നിലുണ്ടാകാൻ ഇടയുണ്ട്.

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയായി ഐഎന്‍എസ് വിക്രാന്തിലെ മോഷണം; ഇരുട്ടിൽ തപ്പി അന്വേഷണ ഏജൻസികൾ

ഇന്ത്യൻ നേവിയുടെ തന്ത്രപ്രധാന പടക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്, റാം, പ്രോസ്സസര്‍ എന്നിവ മോഷണം പോയ സംഭവത്തിൽ അന്വേഷണ ഏജൻസികൾ ഇരുട്ടിൽ തപ്പുന്നു. സെപ്റ്റംബർ പതിമ്മൂന്നിനാണ് ഐഎൻഎസ് വിക്രാന്തിൽ ഇന്‍സ്റ്റാള്‍ ചെയ്ത സുപ്രധാന കംപ്യൂട്ടറുകളിലെ പ്രോസ്സസര്‍, റാം, ഹാര്‍ഡ് ഡിസ്‌ക് എന്നിവ മോഷണം പോയത്. ഇത് കൂടാതെ മറ്റു മൂന്ന് കംപ്യൂട്ടറുകളുടെ ആറ് റാമുകളും മോഷ്ടിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ എന്ന നിലയിൽ കൂടി തന്ത്രപ്രധാനമാണ് വിക്രാന്ത്. ഇന്ത്യന്‍ നേവിയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ ആണ് വിക്രാന്തിന്റെ രൂപകൽപന നടത്തിയിരിക്കുന്നത്. വിക്രാന്തിൽ നടന്ന മോഷണം രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. കനത്ത സുരക്ഷാ വീഴ്ച സംഭവിച്ചതിനു പുറമെ നാളിതുവരെയായി കുറ്റക്കാരെ കണ്ടെത്താൻ കഴിയാതിരിക്കുന്നതും രാജ്യത്തെ അന്വേഷണ ഏജൻസികൾക്ക് നാണക്കേടുണ്ടാക്കുന്നതാണ്.

മോഷണത്തെ സംബന്ധിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലാണ് മോഷണം നടന്നത് എന്നാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 24 മണിക്കൂറും സ്പീഡ് ബോട്ടില്‍ സായുധ സേനയുടെ പട്രോളിങ്ങും സിസിടിവി സംവിധാനങ്ങളും ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും സിഎസ് എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനാൽ തന്നെ എല്ലാവരുടെയും കണ്ണുവെട്ടിച്ച് മോഷണം നടന്നിരിക്കുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഐഎൻഎസ് വിക്രാന്തിന്റെ പ്രവർത്തനത്തെക്കുറിച്ചും കപ്പലിന്റെ രൂപരേഖയെക്കുറിച്ചും നിർണായക വിവരങ്ങൾ അടങ്ങുന്ന വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ട ഹാർഡ് ഡിസ്കുകളിലുൾപ്പെടെ ഉണ്ടായിരുന്നതെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. കപ്പലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളും ഇവയിലുണ്ടായിരുന്നത്രെ. അതുകൊണ്ടു തന്നെ രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഇത്. മറ്റു രാജ്യങ്ങളുടെ ചാര സംഘടനകൾ മുതൽ രാജ്യങ്ങളുടെ സുരക്ഷാ രഹസ്യങ്ങൾ മോഷ്ടിച്ച് ശത്രു രാഷ്ട്രങ്ങൾക്കും തീവ്രവാദ സംഘങ്ങൾക്കും വിൽക്കുന്ന പ്രൊഫഷണൽ കവർച്ചാ സംഘങ്ങൾ വരെ ഇതിനു പിന്നിലുണ്ടാകാൻ ഇടയുണ്ട്.

മോഷണം നടന്നപ്പോൾ തന്നെ ഷിപ്‌യാഡ് അധികൃതർ പൊലീസിൽ പരാതി നൽകി. കപ്പലിന്റെ നിർമാണ ജോലികൾ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് എറണാകുളം സൗത്ത് പൊലീസ് അന്വേഷണം തുടങ്ങിയത്. കപ്പൽ നിര്മാണശാലയ്ക്ക് പുറത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്നത് സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ ആളുകളാണെന്നതും ഈ ഭാഗത്ത് വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തിയിരുന്നുവെന്നതും അന്വേഷണത്തെ സങ്കീർണമാക്കി. മോഷണം നടന്ന സ്ഥലത്ത് നിന്നും 12 വിരലടയാളവും കൈപ്പത്തികളുടെ അടയാളങ്ങളും പൊലീസ് കണ്ടെത്തി. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കമ്പ്യൂട്ടർ ഭാഗങ്ങൾ ഇളക്കിമാറ്റിയാണ് മോഷണം നടന്നത് എന്നതിനാൽ തന്നെ കപ്പലിന്റെ സാങ്കേതിക ജോലികൾ ചെയ്യുന്ന ആളുകളാകാം മോഷണം നടത്തിയത് എന്ന പ്രാഥമിക നിഗമനത്തിലാണ് കേരളാ പൊലീസ് എത്തിയത്.

കേരള പൊലീസിലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ ഏതാണ്ട് 12000 വ്യക്തികളുടെ വിരലടയാളവും കൈപ്പത്തിയുടെ അടയാളവും പരിശോധിച്ച് വരികയാണ്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിട്ടി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍, എഞ്ചീനീയര്‍മാര്‍, ടെക്‌നിക്കല്‍ ഇതര സ്റ്റാഫുകള്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് പരിശോധിക്കുന്നത്. എന്നാൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കേരള പൊലീസിന് സാധിച്ചില്ല.

കേരള പോലീസിന്റെ ഒരാഴ്ചത്തെ അന്വേഷണത്തിന് ശേഷം എന്‍ഐഎ കേസ് ഏറ്റെടുത്തു. കേരള പൊലീസിന്റെ റിപ്പോര്‍ട്ടിനൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121 (യുദ്ധം നടത്താനുള്ള ശ്രമം, അല്ലെങ്കില്‍ രാജ്യത്തിനെതിരെ യുദ്ധത്തിന് സഹായം ചെയ്യുക) ) 121 എ (ഇന്ത്യന്‍ ശിക്ഷാ നിയമം 121 പ്രകാരമുള്ള കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തുക) എന്നിവയ്ക്ക പുറമെ 457 (നിയമലംഘനം നടത്തുന്നതിനായി അതിക്രമിച്ച് കടക്കുക) 461, 380 (മോഷണം) എന്നീ വകുപ്പുകളും ഐടി ആക്ട് 66 എഫ് പ്രകാരം സൈബര്‍ കുറ്റകൃത്യവും കൂട്ടിച്ചേര്‍ത്താണ് എന്‍ഐഎ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഐഎ അന്വേഷണത്തിലും നാളിതുവരെയായി കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. കേരളാ പൊലിസിന്റെ സംശയപ്പട്ടികയിൽ ഉള്ള ഉദ്യോഗസ്ഥരുടെയും കപ്പൽശാല ജീവനക്കാരുടെയും വീടുകളിൽ ഉൾപ്പെടെ ചില കേന്ദ്രങ്ങളിൽ വരും ദിനങ്ങളിൽ റെയ്‌ഡ്‌ നടത്താനാണ് എൻഐഎ പദ്ധതിയിടുന്നത്.

Read More >>