ജസ്റ്റീസ് കര്‍ണ്ണനെതിരായ നടപടി മനുഷ്യാവകാശ ലംഘനം; സുപ്രീം കോടതി നടപടിയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ പരാതിയെത്തി

106 പേജുകളുള്ള പരാതിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രസ്തുത പരാതിയില്‍ ആവശ്യപ്പെടുന്നു...

ജസ്റ്റീസ് കര്‍ണ്ണനെതിരായ നടപടി
മനുഷ്യാവകാശ ലംഘനം; സുപ്രീം കോടതി നടപടിയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ പരാതിയെത്തി

ജസ്റ്റിസ് കര്‍ണനെതിരായ സുപ്രീം കോടതി നടപടിയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ പരാതി. കര്‍ണന്റെ കാര്യത്തില്‍ നടന്നിരിക്കുന്നതു കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഹ്യൂമണ്‍ റൈറ്റ്സ് സെക്യൂരിറ്റി കൗണ്‍സില്‍ യുനൈറ്റഡ് നേഷന്‍സ് ഹൈ കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. അഴിമതിക്കാരാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയ ജഡ്ജിമാരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ ജസ്റ്റിസ് കര്‍ണനു പുറമേ ആത്മഹത്യ ചെയ്ത അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുളിനെയും ഇരകളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസ് കര്‍ണനെതിരായ നടപടി തെറ്റാണെന്നും അന്യായമാണെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരമൊരു നടപടിയെടുത്ത ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അടക്കമുള്ള ഏഴ് സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 218,219, 220, 201, 166, 120 (ആ), 34 എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് ഖേഹാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ആവശ്യമായ നിയമപ്രക്രിയകള്‍ നടത്താതെയാണ് കോടതിയലക്ഷ്യ നിയമം അനുസരിച്ച് നടപടിയെടുത്തതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ രാജ്യത്തെ നിയമരാഹിത്യത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിയിട്ടുകൊണ്ടിരിക്കുമ്പോള്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

106 പേജുകളുള്ള പരാതിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രസ്തുത പരാതിയില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 19 അനുസരിച്ച് അവര്‍ അവകാശ ലംഘനം നടത്തിയെന്നും പരാതിയിലുണ്ട്.

Read More >>