സഹാരണ്‍പൂര്‍ പ്രക്ഷോഭം: മാറുന്ന ദളിത് രാഷ്ട്രീയത്തിന്റെ തെളിവ്

ഉത്തർ പ്രദേശിൽ ദളിതർക്കിയിൽത്തന്നെ വിഭജനമുണ്ടാക്കി സാംസ്കാരിക ധ്രുവീകരണം സാധ്യമാക്കിയിരിക്കുകയാണു ഹിന്ദുത്വ ശക്തികൾ.

സഹാരണ്‍പൂര്‍ പ്രക്ഷോഭം: മാറുന്ന ദളിത് രാഷ്ട്രീയത്തിന്റെ തെളിവ്

ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂർ രണ്ടു ജാതിക്കാര്‍ തമ്മിലുള്ള വഴക്കും വര്‍ഗീയ ഏറ്റുമുട്ടലുകളും കൊണ്ടു വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ജില്ലയിയെ ദളിത് പ്രക്ഷോഭം ഡല്‍ഹി വരെ എത്തിക്കഴിഞ്ഞു. സംസ്ഥാനത്തിലെ ദളിത് രാഷ്ട്രീയത്തിലെ പുതിയ ഘട്ടത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ബിഎസ്പിയുടെ പതനവും ദളിതരെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ബിജെപിയുടെ ശ്രമങ്ങളുമാണ് അതു വെളിച്ചത്തു കൊണ്ടുവരുന്നത്. കഴിഞ്ഞ ചില പതിറ്റാണ്ടുകളിലായി യുപിയിലെ ദളിത് രാഷ്ട്രീയം വളരെയേറെ മാറിയിട്ടുണ്ട്. ബിഎസ്പിയുടെ തന്ത്രങ്ങളും സംസ്ഥാനത്തെ വേഗത്തിലുള്ള സാമൂഹ്യമാറ്റങ്ങളും അതിന്റെ കാരണങ്ങളാകുന്നു. തൊണ്ണൂറുകളില്‍ കന്‍ഷീറാം, മായാവതി എന്നിവരുടെ നേതൃത്വത്തിൽ ദളിത് സ്വത്വം മുന്നോട്ടുവച്ച് ബിഎസ്പി സവര്‍ണ വിരുദ്ധ രാഷ്ട്രീയം കൊണ്ടുവന്നു.

യുപിയിലെ കീഴ്ത്തട്ടിലുള്ള പ്രദേശങ്ങളിലെ ദളിത് ഉപവിഭാഗങ്ങളിലേയ്ക്കു അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ ദശാബ്ധം കഴിഞ്ഞപ്പോഴേയ്ക്കും രണ്ടു പ്രധാന വികസനങ്ങള്‍ ഉണ്ടായി. ദളിത് സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ ഉയര്‍ച്ചയും കാര്‍ഷികേതര തൊഴിലുകളിലേയ്ക്കുള്ള അവരുടെ മുന്നേറ്റവും. അത് അവിടത്തെ സ്വത്വരാഷ്ട്രീയത്തെ തളര്‍ത്തുകയും സംസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ച എന്ന ആഗ്രഹം തിരിച്ചുകൊണ്ടുവരുകയും ചെയ്തു.

ഉയര്‍ന്ന ദളിത് വിഭാഗങ്ങള്‍ക്കു സാമ്പത്തികനില തുല്യപ്രധാനമാകുകയും അവര്‍ പതിയെപ്പതിയെ ബിഎസ്പിയില്‍ നിന്നും അകലുകയും ചെയ്തു. ജാതവരല്ലാത്ത ദളിതരില്‍ ആയിരുന്നു ഈ മാറ്റം പ്രകടമായത്. സഹാരണ്‍പൂരിലെ ദളിതരില്‍ അധികവും തുകല്‍ ജോലിക്കാരാണ്. അവരില്‍ ചിലര്‍ ബുദ്ധമതക്കാരുമാണ്. ദളിതരുടെ കേന്ദ്രമായ ജാതവ് നഗറില്‍ ദളിതര്‍ രണ്ടായി പിളര്‍ന്നു. ബിജെപിയോടു ചേര്‍ന്നുള്ളവരും ബിഎസ്പിയെ അനുകൂലിക്കുന്നവരും. ആദ്യത്തെ ഗണത്തില്‍ കൂടുതലും ബിജെപിയുടെ വികസന വാഗ്ദാനങ്ങള്‍ വിശ്വസിച്ചുപോയ ചെറുപ്പക്കാരായിരുന്നു. രണ്ടാമത്തെ കൂട്ടര്‍ ബിഎസ്പിയെ പിന്തുണച്ചു വന്നിരുന്നവരും ആയിരുന്നു.

ഇങ്ങനെ ദളിതര്‍ക്കിടയിലെ പിളര്‍ച്ച സമൂഹത്തില്‍ വലിയ വിടവുകളുണ്ടാക്കി. അത് സാംസ്‌കാരിക രാഷ്ട്രീയത്തിലേയ്ക്കും വഴിതെളിച്ചു. ബിജെപി ദളിതര്‍ സ്വാമി രവിദാസിന്റെ ഭക്തിപ്രസ്ഥാനം പിന്തുടര്‍ന്നു. ബിഎസ്പി ദളിതര്‍ അംബേദ്കറിന്റെ പാതയിലേയ്ക്കും പോയി. ഇരു കൂട്ടരും അംബേദ്കര്‍ ജയന്തി ആഘോഷിക്കാറുണ്ടെങ്കിലും വ്യത്യസ്തമായ ചടങ്ങുകളിലായിരിക്കും അത്. ബിജെപിയുടെ ചടങ്ങില്‍ ഈ വര്‍ഷം അഞ്ചു ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. ഈ വിഭജനം പുതിയതൊന്നുമല്ല. 2006 ലെ ദളിത്-മുസ്ലീം സംഘര്‍ഷം തെളിവാണ്.

ദളിതര്‍ സ്വാമി രവിദാസിന്റെ നാമത്തിലുള്ള ഒരു പ്രദക്ഷിണം നടത്തുന്നതിനെ മുസ്ലീംങ്ങള്‍ തടഞ്ഞു. അന്നു ദളിതരെ പിന്തുണച്ചതു ബിഎസ് പി ആയിരുന്നു. മുസ്ലീംങ്ങളെ കോണ്‍ഗ്രസ്സും പിന്തുണച്ചു. പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ക്കും അറിയാമായിരുന്നു ഇക്കാര്യം. ഒടുവില്‍ അവശേഷിച്ചതാകട്ടെ, ജാതീയമായും വംശീയമായും ധ്രുവീകരിക്കപ്പെട്ട ഗ്രാമവും നഗരവും. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടക്കുന്ന ദളിത് പ്രക്ഷോഭങ്ങളെ മനസ്സിലാക്കേണ്ടത്. ഒന്നാമത്തേത് അടുത്തിടെ ദളിതര്‍ക്കും മുസ്ലീംങ്ങള്‍ക്കും ഇടയില്‍ നടന്ന പോര്. ഏപ്രില്‍ 20 ന് ദളിതരുടെ അംബേദ്കര്‍ ശോഭാ യാത്രയാണു കാരണം. രണ്ടാമത്തേതു ദളിതരും രജപുത്ര ഠാക്കൂര്‍മാരും തമ്മിലുണ്ടായ മഹാറാണാ പ്രതാപ് ശോഭാ യാത്രയെ സംബന്ധിച്ചുള്ളത്.

അടുത്തിടെയായി യുപിയില്‍ മതപരവും രാഷ്ട്രീയവുമായ ബിംബങ്ങള്‍ മേലാള വര്‍ഗവും കീഴാള ഹിന്ദുക്കളും തമ്മിലുള്ള ലഹളയുടെ പ്രധാന കാരണമാകുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ അവിടങ്ങളില്‍ സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രാഹ്മണരല്ലാത്ത ഹിന്ദുക്കള്‍ക്കായുള്ള തന്ത്രങ്ങള്‍ അവര്‍ ദളിതരില്‍ പ്രയോഗിക്കുന്നു. മറ്റൊരു വശത്തു ഹിന്ദുത്വ സംഘടനകളുടെ സാമൂഹ്യ-സാംസ്‌കാരിക അജണ്ടയും ദളിതരുടെ താല്പര്യങ്ങളും തമ്മില്‍ ചേര്‍ന്നു ഒരു പൊതുശത്രുവിനെ ഉണ്ടാക്കി- മുസ്ലീംങ്ങള്‍. സഹാരണ്‍പൂരില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയുള്ള സഡക് ദുധാലിയില്‍ 80 ശതമാനവും മുസ്ലീംങ്ങളാണ്.

അവരില്‍ പ്രധാനമായും ഹിന്ദു രാജപുത്രര്‍ മതം മാറിയതാണെന്ന് അവകാശപ്പെടുന്ന ഗദ ജാതിയില്‍ പെട്ടവരാണ്. 20 ശതമാനം ചമാര്‍ ദളിതരാണ്. അവിടെ ദളിതര്‍ മുസ്ലീംങ്ങളുമായി സഹകരിച്ചു പോരുന്നവരാണ്. എന്നാല്‍ കീഴാള ഹിന്ദുത്വം വന്നതോടെ ചെറിയ വിഷയങ്ങള്‍ക്കു പോലും അവര്‍ തമ്മില്‍ വഴക്കിടുന്ന അവസ്ഥ വന്നു. അംബേദ്കര്‍ ശോഭാ യാത്ര നടത്താനുള്ള അനുമതി പ്രാദേശിക ഭരണകൂടം നിഷേധിച്ചപ്പോള്‍ ദളിത്- മുസ്ലീം സംഘര്‍ഷത്തില്‍ എണ്ണയൊഴിക്കുന്നതു പോലെയായി. എന്തായാലും സഡക് ദധാലിയിലെ ബിജെപി ദളിതര്‍ ചെറുപ്പക്കാരെ സംഘടിപ്പിച്ചു യാത്ര നടത്തി. സഹാരണ്‍പൂരിനെ കശ്മീര്‍ ആക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു യാത്ര നയിച്ച ബിജെപി എംപി രാഘവ് ലഖന്‍ പാല്‍ പറഞ്ഞത്.

അങ്ങിനെ സമാധാനമായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയത കുത്തിവയ്ക്കാന്‍ അവര്‍ക്കായി. ചുരുക്കത്തില്‍, യുപിയിലെ ദളിത് രാഷ്ട്രീയം കൂടുതല്‍ കുഴഞ്ഞുമറിഞ്ഞതും വെല്ലുവിളി നിറഞ്ഞതുമായി. ഒരു വശത്ത് അംബേദ്കര്‍-ഹിന്ദുത്വ ഗ്രൂപ്പുകളുടെ രാഷ്ട്രീയ കലാപങ്ങള്‍. മറുവശത്തു ദളിത് സമൂഹങ്ങളിലെ തന്നെ വിഭജനങ്ങളിലെ പോരുകള്‍. ദളിതര്‍ക്കു മുസ്ലീംങ്ങളോടു വെറുപ്പു തോന്നുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. ഈ മാറ്റങ്ങള്‍ കാണിക്കുന്നതു ബിഎസ്പിയുടെ കുറയുന്ന പ്രാധാന്യവും, മോശം തെരഞ്ഞടുപ്പ് പ്രകടനവും, പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുമാണ്. മായാവതിയുടെ നേതൃത്വത്തില്‍ ബിഎസ്പിക്കു ദളിതരെ വീണ്ടും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്നതു കണ്ടറിയണം. അതുവരെ ബിജെപി ആക്രമോത്സുകമായി അവരുടെ ഹിന്ദുവത്ക്കരണവുമായി മുന്നോട്ടുപോകും.