തഹസീൽദാർ ചോദിച്ച കൈക്കൂലി അയക്കുന്നു, ഇതു താങ്കള്‍ അദ്ദേഹത്തിനു കൈമാറണം: കലക്ടര്‍ക്കു യുവതിയുടെ കത്തും മണിയോര്‍ഡറും

താനും ഭര്‍ത്താവും ഇക്കാര്യത്തിനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയതിന് 1500 രൂപ ചെലവായെന്നും ബാക്കി തുക താങ്കള്‍ക്കു മണിയോര്‍ഡറായി അയക്കുകയാണെന്നും യുവതി കലക്ടര്‍ക്കുള്ള കത്തില്‍ പറഞ്ഞിട്ടുണ്ട്...

തഹസീൽദാർ ചോദിച്ച കൈക്കൂലി അയക്കുന്നു, ഇതു താങ്കള്‍ അദ്ദേഹത്തിനു കൈമാറണം: കലക്ടര്‍ക്കു യുവതിയുടെ കത്തും മണിയോര്‍ഡറും

അവകാശപ്പട്ട ആനുകൂല്യം ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർക്കു യുവതി നല്‍കിയത് എട്ടിന്റെ പണി. തമിഴ്‌നാട്ടിലാണു സംഭവം. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ലഭ്യമാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർക്കെതിരെയുള്ള പ്രതിഷേധമായി 2000 രൂപ മണിയോര്‍ഡറായി കലക്ടര്‍ക്ക് അയച്ചുകൊടുത്താണ് വിഴുപുരം സ്വദേശിയായ സുധ (28) പ്രതിഷേധിച്ചത്.

പിതാവ് ദൊപ്പയ്യന്റെ (55) മരണവുമായി ബന്ധപ്പെട്ടു സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന സഹായത്തിനാണു മകള്‍ സുധ, മാതാവ് കുപ്പമ്മാളിനു വേണ്ടി തിരുനാവലൂർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നല്‍കിയിരുന്നത്. 2016 ഓഗസ്റ്റിലായിരുന്നു, ദൊപ്പയ്യന്റെ മരണം. പഞ്ചായത്ത് ഓഫീസിൽ നിന്നു വില്ലേജിലേക്കും അവിടെനിന്ന് ഉലുന്ദർപേട്ട താലൂക്ക് ഓഫീസിലേക്കും പറഞ്ഞുവിട്ട് ഉദ്യോഗസ്ഥർ സുധയെ കബളിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ ധനസഹായം അനുവദിക്കുന്നതിനായി വിവിധ റവന്യൂ ഓഫീസുകൾ കയറിയിറങ്ങിമടുത്ത സുധയോട് തഹസീൽദാറാണ്, 3500 രൂപ കൈക്കൂലി നൽകിയാലേ തുക അനുവദിക്കൂ എന്നറിയിച്ചത്. തുടര്‍ന്നാണ് യുവതി വിഴുപുരം കലക്ടര്‍ എൽ സുബ്രഹ്മണ്യത്തിനു പരാതിയും കൈക്കൂലിയുടെ 'ഒരു ഭാഗ'വും അയച്ചു നല്‍കിയത്.

കൈക്കൂലി നല്‍കാതെ പണം നല്‍കില്ലെന്നു തഹസീൽദാർ പറഞ്ഞെന്നും അതിനാലാണ് തനിക്ക് ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വന്നതെന്നും യുവതി കലക്ടര്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. താനും ഭര്‍ത്താവും ഇക്കാര്യത്തിനായി ഓഫീസില്‍ കയറിയിറങ്ങിയതിന് 1500 രൂപ ചെലവായെന്നും ബാക്കി തുക താങ്കള്‍ക്കു മണിയോര്‍ഡറായി അയക്കുകയാണെന്നും യുവതി കലക്ടര്‍ക്കുള്ള കത്തില്‍ പറഞ്ഞിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് ആ തുക വീതിച്ചുനൽകാനാണ്, ആവശ്യം.

സംഭവത്തില്‍ വിഴുപുരം ജില്ലാ കളക്ടര്‍ എൽ സുബ്രഹ്മണ്യന്‍ അന്വേഷണം പ്രഖ്യാപിച്ചുണ്ട്.