യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച മേജർക്ക് ക്ലീൻ ചിറ്റും അഭിനന്ദനവും

മേജര്‍ ഗോഗോയ്‌ക്കെതിരേ അച്ചടക്ക നടപടി പോലും ഉണ്ടാവില്ലെന്നു ആര്‍മി സ്രോതസ്സുകള്‍ അറിയിച്ചു. പകരം അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കാണിച്ച മനഃശ്ശക്തിയ്ക്കു അഭിനന്ദിക്കുക കൂടിയായിരുന്നു ആർമി കോടതി.

യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച മേജർക്ക് ക്ലീൻ ചിറ്റും അഭിനന്ദനവും

കല്ലേറില്‍ നിന്നും രക്ഷപ്പെടാനെന്ന കാരണം പറഞ്ഞു യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടു മനുഷ്യകവചമാക്കി ഉപയോഗിച്ച ആര്‍മി ഓഫീസറെ കുറ്റവിമുക്തനാക്കി. ആര്‍മി കോടതിയാണു മേജര്‍ നിതിന്‍ ഗോഗോയിയെ കുറ്റവിമുക്തമാക്കുകയും തത്സമയം ഉചിതമായി പ്രവര്‍ത്തിച്ചതിന് അഭിനന്ദിക്കുകയും ചെയ്തത്.

ഏപ്രിലിൽ ആയിരുന്നു വിവാദമായ സൈനികനടപടി ഉണ്ടായത്. ആള്‍ക്കൂട്ടത്തിൻ്റെ കല്ലേറില്‍ നിന്നും രക്ഷപ്പെടുന്നതിനായി കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ ഫാറൂഖ് ദർ എന്ന യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടു തെരുവിലൂടെ ഓടിച്ചു പോകുകയായിരുന്നു.

അന്നേ ദിവസം ഒരു ഡസനോളം ജമ്മു കാശ്മീര്‍ ഉദ്യോഗസ്ഥരും പത്തോളം ഇൻഡോ- തിബറ്റന്‍ ബോര്‍ഡര്‍ പൊലീസുമാരും ജമ്മു കാശ്മീര്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരും വഴിയില്‍ കുടുങ്ങിയിരുന്നു. അവര്‍ പോകുന്ന വഴിയിലെ വീടുകളുടെ ടെറസ്സുകളില്‍ കല്ലെറിയുന്നവരുടെ സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നു എന്ന് പറയപ്പെടുന്നു. അവരില്‍ നിന്നും രക്ഷപ്പെടാനാണ് മനുഷ്യകവചം ഉപയോഗിച്ചതെന്നായിരുന്നു സൈന്യത്തിന്‌റെ വിശദീകരണം.

അക്രമത്തിനു തയ്യാറായി നില്‍ക്കുന്ന നൂറോളം പ്രതിഷേധക്കാരെ നേരിടാന്‍ വേണ്ടി എടുത്ത ഒഴിവാക്കാന്‍ പറ്റാത്ത തീരുമാനം ആയിരുന്നു അതെന്ന് സൈന്യത്തലവന്മാര്‍ പറഞ്ഞിരുന്നു. അസാധാരണമായ സന്ദര്‍ഭത്തില്‍ വിവാദപരമായ തീരുമാനം എടുത്തതിനു സൈനികനെ സര്‍ക്കാര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

മേജര്‍ ഗോഗോയ്‌ക്കെതിരേ അച്ചടക്ക നടപടി പോലും ഉണ്ടാവില്ലെന്നു ആര്‍മി സ്രോതസ്സുകള്‍ അറിയിച്ചു. പകരം അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കാണിച്ച മനഃശ്ശക്തിയ്ക്കു അഭിനന്ദിക്കുക കൂടിയായിരുന്നു ആർമി കോടതി.