സര്‍ക്കാര്‍ ബസുകള്‍ നിര്‍ത്തുന്നതിനെതിരെ മഹാരാഷ്ട്രയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കോടതിയില്‍

സര്‍ക്കാര്‍ ബസുകളുടെ അഭാവത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി അമിത നിരക്ക് ഈടാക്കുമെന്ന് ഷരിയാന്റെ ഹരജിയില്‍ പറയുന്നു.

സര്‍ക്കാര്‍ ബസുകള്‍ നിര്‍ത്തുന്നതിനെതിരെ മഹാരാഷ്ട്രയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കോടതിയില്‍

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കോടതിയില്‍. അടുത്ത മാസം മുതല്‍ വാസി-വിരാര്‍ റൂട്ടിലെ ബസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഷരിയാന്‍ ഡാബ്രെ എന്ന 12കാരന്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. ബസ് സര്‍വീസ് നിര്‍ത്തലാക്കുന്നത് തന്റെയും സഹപാഠികളുടേയും സ്‌കൂളിലേക്കുള്ള യാത്ര മുടങ്ങുമെന്ന് ഹരജിയില്‍ പറയുന്നു.

രാവിലെ 6.30ന് സര്‍ക്കാര്‍ ബസില്‍ കയറി 6 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്ന താനടക്കമുള്ള വിദ്യാര്‍ത്ഥികളെ ബസ് നിര്‍ത്തലാക്കാനുള്ള തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് ഷരിയാന്‍ തന്റെ ഹരജിയില്‍ പറയുന്നു. വാര്‍ഷിക പരീക്ഷ നടക്കാനിരിക്കുന്ന സമയത്ത് ബസ് നിര്‍ത്തലാക്കാനുള്ള തീരുമാനം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുമെന്ന് ഹരജിയില്‍ പറയുന്നു. കുട്ടികള്‍ക്കുള്ള ബസ് പാസ് എം എസ് ആര്‍ ടി സി (മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) നിര്‍ത്തലാക്കിയതായി ഷാരിയാന്റെ അധ്യാപകന്‍ ഡൊമിനിക്ക ഡോര്‍ബപറഞ്ഞു. ഹരജി മാര്‍ച്ച് 24ന് പരിഗണിക്കും.

സര്‍ക്കാര്‍ ബസുകളുടെ അഭാവത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി അമിത നിരക്ക് ഈടാക്കുമെന്ന് ഷരിയാന്റെ ഹരജിയില്‍ പറയുന്നു. 48 ബസുകളാണ് വാസി-വിരാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ജനുവരി 1,3 തീയതികളിലായി എം എസ് ആര്‍ ടി സി ഈ റൂട്ടിലെ 25 ബസുകള്‍ പിന്‍വലിച്ചിരുന്നു. ലാഭത്തിലല്ലെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ ബസുകള്‍ പിന്‍വലിക്കാനൊരുങ്ങുന്നത്.