ഫ്രാങ്കോമാർ ജാഗ്രതൈ! പീഡനം അറിയുന്ന 'തേർഡ് പാർട്ടി എആർഎസ്' വരുന്നു

പൂഴ്ത്തിവച്ച പരാതികൾ മൂലം സഭയ്ക്കിപ്പോൾ നാണക്കേടിന്റെയും ദുഃഖത്തിന്റെയും നാളുകളാണ് എന്ന തിരിച്ചറിവിലാണ് പീഡനം അറിയുന്ന 'തേർഡ് പാർട്ടി എആർഎസ്' സംവിധാനം വത്തിക്കാൻ ഏർപ്പെടുത്താൻ തയ്യാറെടുക്കുന്നത്.

ഫ്രാങ്കോമാർ ജാഗ്രതൈ! പീഡനം അറിയുന്ന തേർഡ് പാർട്ടി എആർഎസ് വരുന്നു

ജലന്ധർ ബിഷപ്പ് കേസ് ആവർത്തിക്കാതിരിക്കാൻ കത്തോലിക്കാ സഭ പരിഷ്കാരത്തിലേക്ക്. കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ബിഷപ്പുമാർ ബലാത്സംഗം ചെയ്ത പരാതികൾ ക്രിമിനൽ കേസിലേക്ക് നീങ്ങുന്നത് വഴി കത്തോലിക്കാ സഭയ്ക്കുണ്ടാകുന്ന അപഖ്യാതി ഒഴിവാക്കാൻ വത്തിക്കാന്റെ നടപടി- പീഡനം അറിയുന്ന 'തേർഡ് പാർട്ടി എആർഎസ്'.

'തേർഡ് പാർട്ടി എആർഎസ്' സംവിധാനം ഒരു കമ്മിറ്റി മുമ്പാകെയുള്ള രഹസ്യ വിവര ശേഖരണ മാർഗമാണ്. അതു വഴി ലൈംഗിക പീഡന പരാതി നൽകാം, ഫോൺ അല്ലെങ്കിൽ ഓൺലൈൻ വഴി. സഭ തീരുമാനിക്കുന്ന ഉന്നതരുടെ ഒരു കമ്മിറ്റിക്ക് മുമ്പാകെ എത്തുന്നതിനാൽ പരാതി പൂഴ്ത്തി വയ്ക്കാനാകില്ല. ലൈംഗിക പീഡന കേസിൽ അന്വേഷണം നേരിട്ടവരെയും ആരോപണ വിധേയവരെയും ഈ സമിതിയിൽ ഉൾപ്പെടുത്തില്ല.

കർദിനാളിന്റെ പക്കൽ ഫോണിലൂടെ കന്യാസ്ത്രീ നൽകിയ പരാതി പൂഴ്ത്തി വച്ചതാണ്, ജലന്ധർ ബിഷപ്പ് കേസ് കോടതിയിലേക്കെത്താനുള്ള കാരണം. പൂഴ്ത്തിവച്ച പരാതികൾ മൂലം ക്രിസ്ത്യൻ സഭയ്ക്കിപ്പോൾ നാണക്കേടിന്റെയും ദുഃഖത്തിന്റെയും നാളുകളാണ് എന്ന തിരിച്ചറിവിലാണ് പീഡനം അറിയുന്ന 'തേർഡ് പാർട്ടി എആർഎസ്' സംവിധാനം വത്തിക്കാൻ ഏർപ്പെടുത്താൻ തയ്യാറെടുക്കുന്നത്. എആർഎസ് എന്നാൽ അബ്യൂസ് റിപ്പോർട്ടിങ് സിസ്റ്റം.

ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി ഉണ്ടായാൽ കർദിനാൾമാരുടെ പക്കലും കർദിനാൾമാർക്കെതിരെയാണ് പരാതി എങ്കിൽ ആഗോള കത്തോലിക്കാ സഭയുടെ ഉന്നത കര്‍ദിനാള്‍ സമിതിയായ "കോളേജ് ഓഫ് കർദിനാളി"ലും വിവരം എത്തും. വിവരം ലഭിച്ച ഉടൻ അന്വേഷണത്തിനും തുടർ നടപടികൾക്കുള്ള തീരുമാനവും സമയബന്ധിതമായി ഉണ്ടാകും.

കന്യാസ്ത്രീകൾ സമൂഹ മാധ്യമങ്ങൾക്കായി സമയം പാഴാക്കരുത് എന്ന ശാസന (കോർ ഓറൻസ്) വത്തിക്കാൻ നൽകിയത് ഫലവത്തായില്ല. ഇതിനു കാരണം പീഡന പരാതികൾ പരിഹരിക്കപ്പെടാത്തതിനാലാണ്. അവർക്ക് സമൂഹത്തോട് അല്ലെങ്കിൽ കോടതിയോട് പരാതിപ്പെടേണ്ട സാഹചര്യത്തിലാണ് കത്തോലിക്കാ സഭയ്ക്ക് അപഖ്യാതി ഉണ്ടാകുന്നത് എന്ന തിരിച്ചറിവും 'തേർഡ് പാർട്ടി എആർഎസ്' എന്ന നടപടിക്ക് പ്രേരണയായിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ടു നടന്ന സേവ് ഔർ സിസ്റ്റേഴ്സ് സമരം വിജയിച്ചപ്പോൾ പ്രതിരോധത്തിലായത് സഭയാണ്. യഥാസമയം ഇടപെടാൻ സാധിക്കാത്തതിനാലാണ് സഭയ്‌ക്കെതിരെ പൊതുവികാരം ഉണ്ടായത്. ഉപായത്തിലൂടെ ഇവ ഇല്ലായ്മ ചെയാനാവില്ല എന്നതിനാൽ ഭാവിയിൽ പ്രശ്‍നം ഒഴിവാക്കാനാണ് വത്തിക്കാന്റെ തീരുമാനം.

അമേരിക്കയിൽ, യുഎസ് ബിഷപ്പ്സ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഇതിനകം 'തേർഡ് പാർട്ടി എആർഎസി'ന്റെ രൂപരേഖയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്. വ്യത്യസ്ത ലൈംഗിക പീഡനങ്ങൾ മൂലം നിരവധി ബിഷപ്പുമാരെ മാർപാപ്പ പുറത്താക്കിയിട്ടുണ്ട്. എന്നിട്ടും ബിഷപ്പിനെതിരെയുള്ള ലൈംഗിക കുറ്റം സഭ ഒളിപ്പിക്കില്ല എന്ന് സമൂഹം വിശ്വസിക്കുന്നില്ല. സമീപകാലത്ത് അമേരിക്കയിലും ഇന്ത്യയിലും നടന്ന വൈദിക ലൈംഗിക പീഡനങ്ങളായിരുന്നു കാരണം. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ബലാത്സം​ഗ പരാതിയിൽ വത്തിക്കാൻ ശക്തമായാണ് ഇടപെട്ടിട്ടുള്ളത്.

നടപടിയുടെ ഭാഗമായി സഭാ നേതൃത്വത്തിൽ വത്തിക്കാൻ അടിയന്തരമായി വിവരങ്ങൾ തേടി. എന്നാൽ അതിനകം ബിഷപ്പിനെതിരെയുള്ള പരാതി അന്താരാഷ്ട്ര തലത്തിൽ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ബിഷപ്പുമാർക്കെതിരെയുള്ള ലൈംഗികാരോപണങ്ങളിൽ പരാതിപ്പെട്ടാൽ, അന്വേഷണ ശേഷം വത്തിക്കാന്റെ നടപടി ഉണ്ടാകും. എന്നാൽ ബന്ധപ്പെട്ടവർ തന്നെ പരാതി ഒളിപ്പിക്കുന്നു എന്ന ആക്ഷേപം വ്യാപകമായതിനാലാണ് പുതിയ സംവിധാനം ഉടൻ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കയിൽ യുഎസ് ബിഷപ്പ്സ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി 'തേർഡ് പാർട്ടി എആർഎസ്'നു അംഗീകാരം നൽകിയത്. അതേസമയം, ഇന്ത്യയിൽ എന്ന് 'തേർഡ് പാർട്ടി എആർഎസ്' നിലവിൽ വരുമെന്ന് വ്യക്തമായിട്ടില്ല. ആഗോള കത്തോലിക്കാ സഭയുടെ ഉന്നത കര്‍ദിനാള്‍ സമിതി 'തേർഡ് പാർട്ടി എആർഎസി'ന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

Read More >>