ഫ്രാങ്കോയ്ക്കു വേണ്ടി ജലന്ധർ രൂപതയുടെ ജപമാല യാത്ര; മുഖ്യാതിഥി പി സി ജോർജ്

ജപമാല യാത്രയുടെ നോട്ടീസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ ആണെന്നാണ് പറഞ്ഞിരിക്കുന്നത്. രാജി വച്ച ആൾ എങ്ങനെയാണ് ഇപ്പോഴും രൂപതാ അധ്യക്ഷനായി തുടരുന്നത് എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.

ഫ്രാങ്കോയ്ക്കു വേണ്ടി ജലന്ധർ രൂപതയുടെ ജപമാല യാത്ര; മുഖ്യാതിഥി പി സി ജോർജ്

കന്യാസ്ത്രീ ബലാത്സം​ഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ജലന്ധർ രൂപതയുടെ ജപമാല യാത്ര. ഈമാസം 14 നു നടക്കുന്ന ജപമാല യാത്രയുടെ മുഖ്യാതിഥി ഫ്രാങ്കോയെ പിന്തുണച്ചും പീഡനത്തിന് ഇരയായ കന്യാത്രീയെ പൊതുവേദികളിൽ അപമാനിച്ചും രം​ഗത്തെത്തിയ പിസി ജോർജ് എംഎൽഎ ആണ്.

ത്യാഗ ജപമാല യാത്ര എന്ന പരിപാടിയുടെ നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പരിപാടിയുടെ നോട്ടീസിലും രൂപത വെബ്സൈറ്റിലും ജലന്ധർ രൂപതയുടെ നിലവിലെ ബിഷപ്പ് ഫ്രാങ്കോ തന്നെയാണ്. വത്തിക്കാൻ നിർദ്ദേശം അനുസരിച്ച് സെപ്റ്റംബർ 15നു ഫ്രാങ്കോ ബിഷപ്പ് സ്ഥാനം രാജിവയ്ക്കുകയും മുംബൈ അതിരൂപത മുൻ സഹായ മെത്രാനായിരുന്ന ആഗ്നെലോ ഗ്രേസിയസിനെ അപ്പസ്തലിക് അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കുകയും ചെയ്തിരുന്നു.അപ്പസ്തലിക് അഡ്മിനിസ്ട്രേറ്റർ ആഗ്നെല്ലോ ഗ്രസിയസിനെ കുറിച്ചുള്ള കാര്യം ജലന്ധർ രൂപത വെബ്‌സൈറ്റിൽ പുതിയതായി ചേർത്തിട്ടുണ്ടെങ്കിലും 2013 മുതൽ ഇപ്പോഴും രൂപതയുടെ ഇടയൻ ഫ്രാങ്കോ ആണെന്നും പറയുന്നു. ഇതിനോടൊപ്പമാണ് ജപമാല യാത്രയുടെ നോട്ടീസിലും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ ആണെന്ന് പറഞ്ഞിരിക്കുന്നത്. രാജി വച്ച ആൾ എങ്ങനെയാണ് ഇപ്പോഴും രൂപതാ അധ്യക്ഷനായി തുടരുന്നത് എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.

ഇതിനോടൊപ്പം, ഇരയായ കന്യാസ്ത്രീയെ പൊതു മാധ്യമങ്ങളിലൂടെ അപമാനിച്ച പി സി ജോർജ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും വിവാദമായിട്ടുണ്ട്. തുടക്കം മുതൽ ഫ്രാങ്കോയ്ക്കു വേണ്ടി നിലകൊള്ളുന്ന ജലന്ധർ രൂപത മാർപാപ്പയുടെ ഉത്തരവിനെ പോലും നിഷേധിക്കുന്ന ധാർഷ്ട്യമാണ് കൈക്കൊള്ളുന്നത് എന്ന വിമർശനം അൽമായ വിശ്വാസികൾക്കിടയിലുണ്ട്. ഫ്രാങ്കോയുടെ അറസ്റ്റിനു മുമ്പ് രൂപത പിന്തുണയുമായി പരസ്യ ഉപവാസ പ്രാർത്ഥന നടത്തിയതും വിവാദമായിരുന്നു.അതേസമയം, സേവ് അവർ സിസ്റ്റേഴ്സ് സമരം പുനരാരംഭിക്കാൻ തീരുമാനിച്ചതായും സൂചനയുണ്ട്. പി സി ജോർജ്, കെ എം മാണി അടക്കമുള്ള വിവിധ രാഷ്ട്രീയ നേതാക്കളും കത്തോലിക്കാ ബിഷപ്പുമാരും ഫ്രാങ്കോയെ പാലാ സബ് ജയിലിൽ സന്ദർശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലും സംഘവും ജയിലിൽ എത്തുകയും ഫ്രാങ്കോയെ പിന്തുണക്കുകയും യേശുക്രിസ്തുവിനോട് ഉപമിക്കുകയും ചെയ്തിരുന്നു. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്നു ചോദിച്ച മാത്യു അറയ്ക്കൽ ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുതെന്നും പറഞ്ഞിരുന്നു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും വിധി സ്വന്തമായി ആരും വിധിക്കേണ്ടെന്നുമായിരുന്നു മാത്യു അറയ്ക്കലിന്റെ വാദം.

സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലും പത്തനംതിട്ട രൂപതാ സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസും മാത്യുവിനൊപ്പം ഉണ്ടായിരുന്നു. ആഴ്ചയില്‍ നാലു ദിവസം മാത്രം സന്ദര്‍ശകര്‍ക്ക് അനുവാദമുള്ളപ്പോള്‍ എല്ലാ ദിവസവും ജയിലിലെത്തി നിരവധി പ്രമുഖരാണ് ഫ്രാങ്കോയെ സന്ദര്‍ശിക്കുന്നത്. ജയിലില്‍ ബിഷപ്പിന് പ്രത്യേക പരിഗണനകള്‍ ഒന്നും ലഭിക്കുന്നില്ലെങ്കിലും സന്ദര്‍ശകരുടെ കാര്യത്തില്‍ റിമാന്‍ഡ് തടവുകാര്‍ക്ക് വേണ്ട സഹായങ്ങളേക്കാള്‍ ഉപരിയായ സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം.

Read More >>