വിദേശ ഫണ്ട് സ്വീകരിക്കല്‍; അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നാമത്, ബിലീവേഴ്‌സ് ചര്‍ച്ചും വേള്‍ഡ് വിഷനും തൊട്ടുപിന്നില്‍

2015-16 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചും സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷനുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. പ്രാദേശികമായ സാമ്പത്തിക ഉറവിടങ്ങളില്‍ നിന്നായി ഇതേ കാലയളവില്‍ 500 കോടി രൂപ കൂടി വിദേശ ഫണ്ട് ലഭിച്ചതായി ബിലീവേഴ്‌സ് ചര്‍ച്ച് പറയുന്നു.

വിദേശ ഫണ്ട് സ്വീകരിക്കല്‍; അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നാമത്, ബിലീവേഴ്‌സ് ചര്‍ച്ചും വേള്‍ഡ് വിഷനും തൊട്ടുപിന്നില്‍

വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നാമതെന്ന് റിപ്പോര്‍ട്ട്. സാധ്വി റിതംബരയുടെ പരംശക്തി പീത് എന്ന എന്‍ ജി ഒയാണ് രണ്ടാം സ്ഥാനത്ത്. കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചും സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷനുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 2015-16ലെ കണക്കുകള്‍ പ്രകാരമാണിത്. ഗോസ്പല്‍ ഏഷ്യയെന്ന സംഘടനയുടെ പുതിയ പതിപ്പാണ് അയന ചാരിറ്റബിള്‍ ട്രസ്റ്റെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ടെക്‌സാസ് കേന്ദ്രമാക്കി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഈ എന്‍ ജി ഒയ്‌ക്കെതിരെ സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളുണ്ടായിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 826 കോടി രൂപയാണ് അയന ചാരിറ്റബിള്‍ ട്രസ്റ്റിന് വിദേശ സഹായമായി ലഭിച്ചത്. ഹോങ്കോങ്ങില്‍ നിന്നാണ് പണത്തിന്റെ ഏറിയ പങ്കും വന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ മുന്നിലുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന് ഈ കാലയളവില്‍ ലഭിച്ചത് 342 കോടി രൂപയാണ്.

അതേസമയം പ്രാദേശികമായ സാമ്പത്തിക ഉറവിടങ്ങളില്‍ നിന്നായി ഇതേ കാലയളവില്‍ 500 കോടി രൂപ കൂടി വിദേശ ഫണ്ട് ലഭിച്ചതായി ബിലീവേഴ്‌സ് ചര്‍ച്ച് പറയുന്നു. എഫ് സി ആര്‍ എ രജിസ്‌ട്രേഷനുള്ള എന്‍ ജി ഒകളില്‍ നിന്നാണോ 500 കോടി രൂപ ലഭിച്ചതെന്ന കാര്യം വ്യക്തമല്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് പറയുന്നു. ഗോസ്പല്‍ ഫോര്‍ ഏഷ്യ ബിലീവേഴ്‌സ് ചര്‍ച്ചിന് കോടിക്കണക്കിന് രൂപ നല്‍കിയിട്ടുള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2013-14 കാലഘട്ടത്തില്‍ ഏറ്റവുമധികം വിദേശ ഫണ്ട് ലഭിച്ച ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വിഷന്‍ ഇന്ത്യക്ക് 2015-16 കാലയളവില്‍ 319 കോടി രൂപയുടെ വിദേശ ഫണ്ടാണ് ലഭിച്ചത്.