ഛത്തീസ്‌​ഗഡ് പൊലീസിൽ ഇനി ട്രാൻസ്ജെൻഡേഴ്സും

നിലവിൽ സംസ്ഥാനത്തെ 27 ജില്ലകളിൽ നിന്നായി 35000 കോൺസ്റ്റബിൾമാരെ നിയമിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ഛത്തീസ്‌​ഗഡ് പൊലീസിൽ ഇനി ട്രാൻസ്ജെൻഡേഴ്സും

ട്രാൻസ്ജെൻഡേഴ്സിനെ കോൺസ്റ്റബിൾ തസ്‌തികയിലേക്ക് നിയമിക്കുന്നതിനായുള്ള നടപടികളുമായി ഛത്തീസ്‌​ഗഡ് പൊലീസ്. ട്രാൻസ്ജെൻഡേഴ്സിനെ തുല്യരായി പരിഗണിക്കണമെന്ന 2014 ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവരെയും പൊലീസ് സേനയിൽ ചേർക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകുകയായിരുന്നു.

പൊലീസ് റിക്രൂട്ട്മെന്റിന് സാധാരണയായി നടത്തിവരുന്ന എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മാനദണ്ഡമാക്കിയാണ് ഭിന്നലിംഗക്കാരുടെയും നിയമനം നടത്തുകയെന്ന് എഡിജിപി വ്യക്തമാക്കി. മാവോയിസ്റ്റുകളുമായി ഏറ്റമുട്ടുന്നത്തിനായി ഇവർക്ക് പരിശീലനം നൽകുമെന്നും എഡിജിപി കൂട്ടിച്ചേർത്തു.

നിലവിൽ സംസ്ഥാനത്തെ 27 ജില്ലകളിൽ നിന്നായി 35000 കോൺസ്റ്റബിൾമാരെ നിയമിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പൊലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ ശാരീരിക യോഗ്യതകളെക്കുറിച്ച് വിദഗ്ദ്ധരുമായി നടത്തിവരുന്ന ചർച്ച പുരോഗമിക്കുകയാണെന്ന് എഡിജിപി പറഞ്ഞു. ഉയരം, നെഞ്ചളവ് എന്നിവയുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല. എന്നാൽ പ്രായപരിധി 28 വയസ്സാണ്.

സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിനും 14 ശതമാനം സംവരണമുള്ള ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് ഛത്തീസ്‌ഖണ്ഡിലെ ട്രാൻസ്ജെൻഡർ സമൂഹത്തിലെ ഭൂരിഭാഗം പേരും. 2014ലെ വിധിയിൽ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ അടിസ്ഥാന അവകാശങ്ങളിലും ട്രാൻസ്ജെൻഡേഴ്സിനും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഛത്തീസ്‌ഖണ്ഡിൽ ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും അകറ്റി നിർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇവരെ സമൂഹത്തിന്റെ മുൻനിരയിൽ കൊണ്ടുവരുന്നതിനായി ജോലി വാഗ്‌ദാനം ചെയ്യുന്നതെന്ന്‌ സംസ്ഥാന സർക്കാർ വ്യക്തമാക്കി.