'രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്': ദൗത്യത്തിലെ തിരിച്ചടിയിൽ തളരരുത്; ‌ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ശനിയാഴ്ച പുലര്‍ച്ചെ, സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു

രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്: ദൗത്യത്തിലെ തിരിച്ചടിയിൽ തളരരുത്; ‌ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ചന്ദ്രയാൻ 2 ദൗത്യത്തിലെ തിരിച്ചടിയിൽ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിലേറ്റ തിരിച്ചടിയിൽ തളരരുതെന്ന് ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തിയ കുട്ടികളുമൊത്ത് സംവദിച്ചപ്പോഴും വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ശാസ്ത്രജ്ഞർ. തടസ്സങ്ങളിൽ നിരാശരാകരുത്. ആത്മവിശ്വാസം തകരരുത്. കരുത്തോടെ മുന്നോട്ടുപോകാൻ സാധിക്കണം. ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ടതിൽ തളരരുത്. കൂടുതൽ മികച്ച അവസരങ്ങൾ കാത്തിരിക്കുന്നു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി രാജ്യം മുഴുവനും നിരാശയിലാണ്. ഏവരും നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പം നില്‍ക്കുകയാണ്. നമ്മുടെ ബഹിരാകാശദൗത്യത്തെ കുറിച്ച് നമുക്ക് അഭിമാനമാണ്. ചന്ദ്രനിലെത്താനുള്ള നിശ്ചയദാര്‍ഢ്യം ഇന്ന് കൂടുതല്‍ കരുത്തുള്ളതായിരിക്കും.

നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു- ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വ്യത്യസ്തരായ പ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്നവരാണ് നിങ്ങള്‍- പ്രധാനമന്ത്രി പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ, സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് മോദി ബെംഗളൂരുവിലെത്തിയത്.