'സൈനികരെ കല്ലെറിഞ്ഞിട്ട് ഇവിടെ ചികിത്സിക്കാന്‍ വരുന്നോ'; കശ്മീരി കുടുംബത്തിന് ചണ്ഡീഗഡിലെ ഡോക്ടര്‍ ചികിത്സ നിഷേധിച്ചു

തങ്ങള്‍ കശ്മീരില്‍ നിന്നുള്ളവരാണെന്ന് അറിഞ്ഞതോടെ ചികിത്സയുമായി ബന്ധപ്പെട്ട ചീട്ടുകള്‍ ഡോക്ടര്‍ വലിച്ചെറിയുകയായിരുന്നുവെന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ മകന്‍ ജാവേദ് മാധ്യമങ്ങളോടു പറഞ്ഞു.

സൈനികരെ കല്ലെറിഞ്ഞിട്ട് ഇവിടെ ചികിത്സിക്കാന്‍ വരുന്നോ; കശ്മീരി കുടുംബത്തിന് ചണ്ഡീഗഡിലെ ഡോക്ടര്‍ ചികിത്സ നിഷേധിച്ചു

സൈനികരുടെ നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് കശ്മീരി കുടുംബത്തിന് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. ചണ്ഡീഗഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ മനോജ് തിവാരിയെന്ന ഡോക്ടര്‍ക്കെതിരെയാണ് കശ്മീരി കുടുംബം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ 55കാരിയായ നസീറ മാലിക്കിനാണ് ദുരനുഭവമുണ്ടായത്. സാധാരണ പോലെ ചികിത്സ ആരംഭിച്ച ഡോക്ടര്‍ നസീറയുടെ പേരുവിവരങ്ങളും സ്ഥലവും മനസിലാക്കിയതോടെയാണ് ക്രുദ്ധനായി 'ഞങ്ങളുടെ സൈനികരെ കല്ലെറിഞ്ഞിട്ട് ഇവിടെ ചികിത്സിക്കാന്‍ വരുന്നോ' എന്നു ചോദിച്ച് ചികിത്സ നിഷേധിച്ചത്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രിയിലെ പ്രൊഫസര്‍ ജഗത് റാം ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. "ആയിരക്കണക്കിന് കശ്മീരികളെ ഇവിടെ കാലാകാലങ്ങളായി ചികിത്സിക്കുന്നുണ്ട്. ഇത്തരത്തിലൊരു സംഭവം മുമ്പ് നടന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും," അദ്ദേഹം പറഞ്ഞു. തങ്ങള്‍ കശ്മീരില്‍ നിന്നുള്ളവരാണെന്ന് അറിഞ്ഞതോടെ ചികിത്സയുമായി ബന്ധപ്പെട്ട ചീട്ടുകള്‍ ഡോക്ടര്‍ വലിച്ചെറിയുകയായിരുന്നുവെന്ന് നസീറയുടെ മകന്‍ ജാവേദ് മാധ്യമങ്ങളോടു പറഞ്ഞു.