പ്രതിവർഷം 12,000 ല്‍ അധികം കര്‍ഷക ആത്മഹത്യകളെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്‌

കർഷക ആത്മഹത്യകളില്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ് (4291). കര്‍ണാടക (1569), തെലങ്കാന (1400), മധ്യപ്രദേശ് (1290), ഛത്തീസ്ഗഢ് (954), ആന്ധ്രാപ്രദേശ് (916), തമിഴ്‌നാട് (606) എന്നീ സംസ്ഥാനങ്ങളാണ്‌ യഥാക്രമം രണ്ടു മുതൽ ഏഴു വരെ സ്ഥാനങ്ങളിൽ.

പ്രതിവർഷം 12,000 ല്‍ അധികം കര്‍ഷക ആത്മഹത്യകളെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്‌

ഇന്ത്യയില്‍ 2013 മുതല്‍ പ്രതിവർഷം 12,000 ല്‍ അധികം കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിവിവരക്കണക്കനുസരിച്ച് 2015 ല്‍ കാര്‍ഷികരംഗത്ത് ഏതാണ്ട് 12,602 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്നു വെളിപ്പെടുത്തുന്നുണ്ട്. മൊത്തം ആത്മഹത്യകളിലെ 9.4 ശതമാനം വരും അത്. കര്‍ഷകരുടെ വരുമാനവും സംരക്ഷണവും ഉറപ്പു വരുത്താനുള്ള നടപടികളുണ്ടായിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സിറ്റിസൺ റിസോഴ്‌സസ് ആന്റ് ആക്ഷന്‍ ഇനിഷ്യേറ്റീവ് എന്ന എന്‍ജിഓ സമർപ്പിച്ച ഇതുസംബന്ധിച്ച ഹർജിയിലെ വാദങ്ങൾക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കൃഷി സംബന്ധമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റി വാദം കേട്ടത്.
കര്‍ഷകരുടെ ആത്മഹത്യകള്‍ ശ്രദ്ധിക്കാനും വേണ്ട പദ്ധതികള്‍ ആലോചിക്കാനും നിധി ആയോഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ അറിയിപ്പിനെ കോടതി ചോദ്യം ചെയ്തു. 'ഇപ്പോള്‍ ഈ കേസില്‍ ഇടപെടുന്നതു ബുദ്ധിമുട്ടാണെന്നു ഞങ്ങള്‍ക്കു തോന്നുന്നു. എല്ലാ നടപടികളും എടുക്കേണ്ടത് സർക്കാർ ഔദ്യോഗികമായാണ്,' കോടതി പറഞ്ഞു. സര്‍ക്കാര്‍ നിധി ആയോഗിനെ എല്ലാ കാര്യങ്ങളും ഏല്പ്പിക്കുകയല്ല വേണ്ടത് എന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ കുറഞ്ഞ വരുമാനമുള്ള കര്‍ഷകരെയാണു ലക്ഷ്യം വയ്ക്കുന്നതെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ അറിയിച്ചു.

'ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കര്‍ഷകരില്‍ നിന്നാണ് കാര്‍ഷിക ദുരിതം ഉണ്ടാകുന്നത്. കര്‍ഷകരുടെ വരുമാനം കൂട്ടുന്നതു വഴി മാത്രമേ ആത്മഹത്യകള്‍ തടയാനാകൂ. 2022 ആകുമ്പോഴേയ്ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്,' - നരസിംഹ പറഞ്ഞു.

എന്‍ജിഓയുടെ കൗണ്‍സില്‍ ആയ കോളിന്‍ ഗോണ്‍സാല്‍വസ് സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന 20 ശതമാനം കര്‍ഷകരിലേയ്ക്കു പോലും എത്തിയിട്ടില്ലെന്ന് ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനു കോടതി നാല് ആഴ്ചത്തെ സമയം നല്‍കി.

കർഷക ആത്മഹത്യകളില്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ് (4291). കര്‍ണാടക (1569), തെലങ്കാന (1400), മധ്യപ്രദേശ് (1290), ഛത്തീസ്ഗഢ് (954), ആന്ധ്രാപ്രദേശ് (916), തമിഴ്‌നാട് (606) എന്നീ സംസ്ഥാനങ്ങളാണ്‌ യഥാക്രമം രണ്ടു മുതൽ ഏഴു വരെ സ്ഥാനങ്ങളിൽ.