പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രം

കേരളത്തിൽ നടത്തിയ അഭിപ്രായ വ്യത്യാസം മൂലം സംഘടനയെ നിരോധിക്കാൻ നീക്കമുണ്ടായില്ലെങ്കിലും അടുത്തകാലത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും പരിഗണനയിലായിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയ്‌ക്കെതിരേ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. നിരോധിക്കാനുള്ള കേന്ദ്ര നീക്കം തുടങ്ങിയതും വർഷങ്ങൾക്ക് മുമ്പ് തന്നെ. കേരളത്തിൽ നടത്തിയ അഭിപ്രായ വ്യത്യാസം മൂലം സംഘടനയെ നിരോധിക്കാൻ നീക്കമുണ്ടായില്ലെങ്കിലും അടുത്തകാലത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും പരിഗണനയിലായിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോർട്ടാണ് കേരള പൊലീസിന്റെ ഇന്റലിജൻസ് വിഭാ​ഗത്തിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രസർക്കാർ മുന്നോട്ടുള്ള നീക്കം നടത്തുന്നത്. പോപുലർ ഫ്രണ്ട് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. മഹാരാജാസ് കോളേജ് വിദ്യാർഥിയായ അഭിമന്യുവിന്റെ കൊലപാതകം, കൊല്ലത്തെ സെെനികന്റെ വീട്ടിലെ ആക്രമണം, ചവറയിൽ കലാപം ലക്ഷ്യമിട്ട് സിപിഐഎം കൊടിമരത്തില്‍ ബിജെപി പതാക കെട്ടിയത് തുടങ്ങിയവയാണ് റിപ്പോർട്ടിലെ പ്രധാന കാര്യങ്ങളെന്ന് സൂചന.

മതമൗലികവാദവും വർഗീയതയും രഹസ്യമായി പങ്കുവെയ്ക്കുന്ന 200 ലധികം വാട്സ്ആപ്പ് ​ഗ്രൂപ്പുകളെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേരള പൊലീസിൽ രഹസ്യമായി പ്രവർത്തിക്കുന്ന പച്ചവെളിച്ചം എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പും ഇതിലുണ്ടെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. മുമ്പ് കേരളാ പൊലീസിൽ തീവ്രവാദികളുടെ സെെബർ സാന്നിധ്യം സ്ഥീകരിച്ച കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് അവ​ഗണിക്കപ്പെട്ടിരുന്നു.

അതേസമയം, ഗവർണർ ജസ്റ്റിസ് പി സദാശിവം സംസ്ഥാന ഇന്റലിജൻസ് മേധാവി എഡിജിപി ടി കെ വിനോദ് കുമാറിനെ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകണം വിളിച്ചതെന്ന് സൂചനകൾ പുറത്തുവരുന്നത്. പോപ്പുലർ ഫ്രണ്ട് ദേശീയ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുന്നതായിട്ടുള്ള എൻഎെഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും സമീപകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. 2010 ൽ മൂവാറ്റുപുഴയിൽ പ്രൊഫസർ ജോസഫിന്റെ കെെവെട്ടിയ കേസും കണ്ണൂരിലെ ആയുധ പരിശീലന ക്യാമ്പും ബെം​ഗളൂരിലെ ആർഎസ്എസ് നേതാവിന്റെ കൊലാപാതകവും റിപ്പോർട്ടിൽ‌ സൂചിപ്പിക്കുന്നു.

2007ലാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കർണാടക), എൻഡിഎഫ് (കേരള), മനിത നീതി പാസറെ (തമിഴ്നാട്), സിറ്റിസൺസ് ഫോറം (ഗോവ), നാഗാരിക് അധികാർ സുരക്ഷ സമിതി (ബംഗാൾ) എന്നിവ ചേർന്നാണ് പോപുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. ഇതിനു മുമ്പ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്എെ) ജാർഖണ്ഡിൽ നിരോധിച്ചിരുന്നു. ഈ വർഷം ഫെബ്രുവരി 20 നാണ് ആഭ്യന്തരവകുപ്പിന്റെയും നിയമവകുപ്പിന്റെയും നിർദ്ദേശപ്രകാരം ജാർഖണ്ഡിലെ ബിജെപി സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ചായിരുന്നു നിരോധനം. പോപ്പുലർ ഫ്രണ്ടിന് ജാർഖണ്ഡിൽ ശക്തമായ പ്രവർത്തനമുള്ളത് പാകൂർ ജില്ലയിലാണ്.

കേരളത്തിൽ പ്രവർത്തനമാരംഭിച്ച പിഎഫ്ഐയുടെ അംഗങ്ങൾ ഐഎസുമായി രഹസ്യമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് സിറിയയിലേക്ക് പോയ പിഎഫ്ഐ അം​ഗങ്ങൾ ഐഎസിൽ പ്രവർത്തിക്കുന്നതായും ജാർഖണ്ഡ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ വർധിക്കുന്നതായി ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്നായിരുന്നു ജാർഖണ്ഡ് നിയമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ദിനേശ് കുമാർ സിങ് അറിയിച്ചത്.

സാമൂഹികപ്രവർത്തനം നടത്തുന്നതിന്റെ മറവിൽ ഭരണകൂടത്തിന് എതിരായ പ്രവർത്തനങ്ങളിൽ പിഎഫ്ഐ ഏർപ്പെടുന്നതായി കണ്ടെത്തിയെന്നും ഇന്റലിജിൻസ് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിഎഫ്ഐ നിരോധനത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്താനുള്ള ഇപ്പോഴത്തെ നീക്കം. റിപ്പോർട്ടിലെ പ്രധാന വാദഗതികൾ ഇങ്ങനെയാണ്- ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്നിൽ പിഎഫ്ഐ എന്ന് തെളിഞ്ഞു, ന്യൂമാൻ കോളേജ് പ്രൊഫസറിന്റെ കൈവെട്ട് കേസ്, സിറിയയിലേക്കും മറ്റും ഐഎസ് തീവ്രവാദികളെ ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യുന്ന പ്രധാന സംഘടന പിഎഫ്ഐ എന്ന് തെളിഞ്ഞു, നിരോധിത സംഘടന സിമി തന്നെയാണ് പിഎഫ്ഐ എന്നൊക്കെയാണ് റിപ്പോർട്ടിലുള്ളത്.


Read More >>