ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 9ന്; ഗുജറാത്തിലെ തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ ഡിസംബർ 18ന് നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. ഇതോടെ ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വിവി പാറ്റ് സംവിധാനം ഉപയോഗപ്പെടുത്തിയായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക

ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 9ന്; ഗുജറാത്തിലെ തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 9ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെണ്ണൽ ഡിസംബർ 18ന് നടക്കുമെന്നും കമ്മീഷൻ അറിയിച്ചു.

ഇതോടെ ഹിമാചലിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വിവി പാറ്റ് സംവിധാനം ഉപയോഗപ്പെടുത്തിയായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായായിരിക്കും ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ്. ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ ബിജെപി പ്രതിപക്ഷത്താണ്.

എന്നാൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചില്ല. രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുമെന്നും രണ്ടിന്റേയും തീയതി ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നുമാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇപ്പോൾ പ്രഖ്യാപിക്കേണ്ടതില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഒരുമിച്ചു നടക്കുമെന്നും കമ്മീഷൻ അറിയിച്ചു.

അറുപത്തെട്ടംഗ ഹിമാചൽ നിയമസഭയിൽ 36 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. പ്രതിപക്ഷത്തുള്ള ബിജെപിക്ക് 26 അംഗങ്ങളുണ്ട്. എച്ച്എൽഡിയുടെ ഒരു അംഗവും അഞ്ചു സ്വതന്ത്രരും കൂടി ചേർന്നതാണ് ഹിമാചൽ പ്രദേശ് നിയമസഭ. വീർഭദ്ര സിംഗാണ് കോൺഗ്രസ് മന്ത്രിസഭയെ നയിക്കുന്നത്

Read More >>