വിഘടനവാദികൾക്കായി വ്യാപക റെയ്ഡ്; കശ്മിരിൽ 100 കമ്പനി അർധസൈനിക വിഭാ​ഗത്തെ വിന്യസിച്ചു

വിഘടനവാദികളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രാത്രി റെയ്​ഡ്​ നടന്നു. റെയ്​ഡിനിടെ​ വിഘടനവാദി നേതാവ്​ യാസിൻ മാലിക്കിനെ കസ്​റ്റഡിയിലെടുത്തിരുന്നു​.

വിഘടനവാദികൾക്കായി വ്യാപക റെയ്ഡ്; കശ്മിരിൽ 100 കമ്പനി അർധസൈനിക വിഭാ​ഗത്തെ വിന്യസിച്ചു

പുൽവാമ ഭീകരാക്രമണത്തിന് പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ വിഘടനവാദികൾക്കെതിരായ നടപടികൾക്കു പിന്നാലെ സംസ്ഥാനത്ത് അടിയന്തരമായി 100 കമ്പനി അർധസൈനിക വിഭാ​ഗത്തെ വിന്യസിച്ച് കേന്ദ്രം. ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര നോട്ടീസ് പ്രകാരമാണ് പാരാമിലിറ്ററി സേനയെ ശ്രീന​ഗറിലേക്ക് വ്യോമമാർ​ഗം എത്തിച്ചത്. 45 കമ്പനി സിആർപിഎഫ്, 35 കമ്പനി ബിഎസ്എഫ്, 10 കമ്പനി വീതം എസ്എസ്ബി, ഐടിബിപി എന്നിങ്ങനെയാണ് വിന്യാസം.

ക​ശ്​മീരിലെ നയതന്ത്ര പദ്ധതികൾ നടപ്പാക്കാനായി കഴിഞ്ഞദിവസം രാത്രി മുതൽ പൊലീസും നിലവിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും അഹോരാത്രം പ്രവർത്തിക്കുകയായിരുന്നു. വിഘടനവാദികളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രാത്രി റെയ്​ഡ്​ നടന്നു. റെയ്​ഡിനിടെ​ വിഘടനവാദി നേതാവ്​ യാസിൻ മാലിക്കിനെ കസ്​റ്റഡിയിലെടുത്തിരുന്നു​. അതിനുപിന്നാലെ ജമാഅ​ത്തെ ഇസ്​ലാമി നേതാവ്​ അബ്​ദുൽ ഹാമിദ്​ ഫയാസ്​ ഉൾപ്പെടെയുള്ളവരെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

കഴിഞ്ഞദിവസം പുൽവാമ ഭീകരാക്രമണത്തി​​ന്റെ വിഡിയോ ദൃശ്യങ്ങളടക്കം പുറത്തുവിട്ട്​ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം പാക്​ തീവ്രവാദ സംഘടന ​ജയ്​ശെ മുഹമ്മദ്​ ഏറ്റെടുത്തിരുന്നു. അതിനുശേഷം സംസ്ഥാനത്ത് പ്രത്യേകിച്ച്​ കശ്​മീർ താഴ്​വരയിൽ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്​. ​അതിനിടെയാണ്​ വിഘടനവാദികളെ അടിച്ചമർത്താനെന്ന പേരിൽ കേന്ദ്രസർക്കാർ സേനയെ വിന്യസിച്ച് നടപടികൾ ആരംഭിച്ചത്​.

പുൽവാമ ഭീകരാക്രമണം നടന്നതിനു പിറകെ യാസിൻ മാലിക്​, സയ്യിദ്​ അലി ഷാ ഗിലാനി, ഷബിർ ഷാ, സലീം ഗിലാനി എന്നിവരുൾപ്പെട്ട കശ്​മീരി​ലെ വിഘടനവാദി നേതാക്കൾക്ക്​ നൽകിയിരുന്ന പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.