നാരദാ സ്റ്റിങ് ഓപ്പറേഷൻ: 13 കേസുകളിൽ സിബിഐ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചു

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദാ ന്യൂസ് സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നാരദാ ന്യൂസ് ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദാ ന്യൂസ് പുറത്തുവിട്ടത്.

നാരദാ സ്റ്റിങ് ഓപ്പറേഷൻ: 13 കേസുകളിൽ സിബിഐ  പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചു

നാരദാ സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് 13 കേസുകളിൽ സിബിഐ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചു. നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നത് പുറത്തുകൊണ്ടുവന്ന സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചത്.12 തൃണമൂല്‍ നേതാക്കള്‍ക്കെതിരെയും ഒരു ഐപിഎസ് ഉദ്യോഗസ്തനെതിരെയുമാണ് പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചത്.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദാ ന്യൂസ് സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നാരദാ ന്യൂസ് ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദാ ന്യൂസ് പുറത്തുവിട്ടത്.

കൊല്‍ക്കത്ത ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് നിഷിത മഹോത്ര, ജസ്റ്റിസ് ടി ചക്രബോര്‍ത്തി എന്നിവരടങ്ങുന്ന സംഘമാണ് സിബിഐയോട് കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. നേരത്തെ, സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിന്റെ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.

സിബിഐ അന്വേഷണം ഉത്തരവിട്ട കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണു കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയത്.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്പി എം എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദ ന്യൂസിന്റെ ഒളിക്യാമറയില്‍പ്പെട്ടത്. ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാത്യു സാമുവലിനെതിരെ കള്ളക്കേസുകൾ ബംഗാള്‍ സര്‍ക്കാര്‍ എടുത്തു. നാരദാ ന്യൂസിനു വേണ്ടി പ്രശാന്ത് ഭൂഷണും പി വി ദിനേശും ഹാജരായപ്പോള്‍ ബംഗാള്‍ സര്‍ക്കാരിനു വേണ്ടി കപില്‍ സിബലും ഗോപാല്‍ സുബ്രഹ്മണ്യനുമാണ് ഹാജരായത്.