എന്‍ഡിടിവി ഉടമ പ്രണോയ് റോയുടെ വീടുകളില്‍ സിബിഐ റെയ്ഡ്; നടപടി അപമര്യാദയായി പെരുമാറിയ ബിജെപി വക്താവിനെ പുറത്താക്കിയതിനു പിന്നാലെ

പ്രണോയ് റോയുടെ ഡല്‍ഹിയിലേയും ഡെറാഡൂണിലേയും വസതികളിലുള്‍പ്പെടെ നാലിടങ്ങളിലാണ് സിബിഐ റെയ്ഡ്. സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന് 48കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി പ്രണോയ് റോയ് ഭാര്യ രാധിക റോയ് എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.

എന്‍ഡിടിവി ഉടമ പ്രണോയ് റോയുടെ വീടുകളില്‍ സിബിഐ റെയ്ഡ്; നടപടി അപമര്യാദയായി പെരുമാറിയ ബിജെപി വക്താവിനെ പുറത്താക്കിയതിനു പിന്നാലെ

അപമര്യാദയായി പെരുമാറിയ ബിജെപി വക്താവിനെ ചാനലിൽ നിന്നു പുറത്താക്കിയതിന്റെ രണ്ടാം നാൾ വിദേശ പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഡി ടിവി ഉടമ പ്രണോയ് റോയുടെ വീടുകളില്‍ സിബിഐ റെയ്ഡ്. ഡല്‍ഹിയിലേയും ഡെറാഡൂണിലേയും വസതികളുള്‍പ്പെടെ നാലിടങ്ങളിലാണ് രാവിലെ സിബിഐ റെയ്ഡ് നടത്തിയത്. പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രണോയ് റോയും ഭാര്യ രാധിക റോയും സ്വകാര്യ കമ്പനിയായ ആർആർപിആറും ഐസിഐസിഐ ബാങ്കിനു നഷ്ടമുണ്ടാക്കിയെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാങ്കിൽ നിന്നും സ്വകാര്യ കമ്പനിയുടെ പേരിൽ 48 കോടി രൂപയാണ് ഇവർ വായ്പയെടുത്തത്.

വിദേശ വിനിമയ ചട്ടം ലംഘിച്ച് എന്‍ഡിടിവി 2030 കോടി രൂപയുടെ ഇടപാട് നടത്തിയെന്നു കാട്ടി 2015 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍ഡിടിവിക്ക് നോട്ടീസ് അയച്ചിരുന്നു. പ്രൊമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ്, സീനിയര്‍ എക്‌സിക്യുട്ടീവ് കെ വി എല്‍ നാരായണ്‍ റാവു എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്. റിസര്‍വ്വ് ബാങ്കിന്റെ ചട്ടങ്ങള്‍ പാലിക്കാതെയാണ് പണമിടപാട് നടത്തിയത് എന്നു നോട്ടീസില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം എന്‍ഡിടിവി ചര്‍ച്ചയില്‍ ബിജെപി വക്താവ് സംപീത് പാത്രയോട് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അവതാരക നിഥി റസ്ഥാന്‍ പറഞ്ഞത് വിവാദമായിരുന്നു. കണ്ണൂരിലെ പരസ്യ കശാപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എന്‍ഡിടിവിക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് സംപീത് പാത്ര ആരോപിച്ചിരുന്നു. ഈ പരാമര്‍ശത്തില്‍ സംപീത് പാത്ര മാപ്പു പറയണമെന്നും അല്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും അവതാരക പറഞ്ഞിരുന്നു.

ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകളില്‍ ബിജെപിയോടു ചേര്‍ന്നു നില്‍ക്കാത്ത നിലപാടാണ് എന്‍ഡിടിവി സ്വീകരിച്ചു വരുന്നത്. വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും രവീഷ് കുമാര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുൂടെ പരിപാടികളില്‍ ഉണ്ടായിരുന്നു. എന്‍ഡിടിവി സ്ഥാപകനും ചാനലിന്റെ എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണുമാണ് പ്രണോയ് റോയ്.