തൃണമൂല്‍ നേതാക്കള്‍ കുടുങ്ങിയ നാരദാ സ്റ്റിംഗ്; ദൃശ്യങ്ങള്‍ സിബിഐ സംഘം പരിശോധിക്കുന്നു; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മമതാ സര്‍ക്കാര്‍

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാരദാന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തിനായി സിബിഐ സംഘം തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. 400 മിനുട്ടുള്ള ഒളിക്യാമറാ ദൃശ്യങ്ങള്‍ എട്ടംഗ സിബിഐ സംഘം പരിശോധിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നാരദാന്യൂസ് സിഇഒ മാത്യു സാമുവേല്‍ സിബിഐ അയച്ചു നല്‍കിയ ചോദ്യങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കും.

തൃണമൂല്‍ നേതാക്കള്‍ കുടുങ്ങിയ നാരദാ സ്റ്റിംഗ്; ദൃശ്യങ്ങള്‍ സിബിഐ സംഘം പരിശോധിക്കുന്നു; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മമതാ സര്‍ക്കാര്‍

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങുന്ന നാരാദാന്യൂസ് സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസന്വേഷണം സിബിഐ ആരംഭിച്ചു. നാരാദാന്യൂസ് ചിത്രീകരിച്ച 400 മിനിട്ടുള്ള എഡിറ്റ് ചെയ്യാത്ത ഒളിക്യാമറാ ദൃശ്യങ്ങള്‍ ആന്റി കറപ്ഷന്‍ ബ്രാഞ്ച് എസ്പി നാഗേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സിബിഐ സംഘം പരിശോധിക്കുകയാണ്. ഇതിനായി സിറ്റി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവുകളും സിഡികളും സംഘം ശേഖരിച്ചിരുന്നു.

കേസിലുള്‍പ്പെട്ടവരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതിയ്ക്കായുള്ള നടപടിക്രമങ്ങളും സിബിഐ തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിയും സിബിഐ തേടും. കൊച്ചിയിലുള്ള നാരദാന്യൂസ് സിഇഒ മാത്യു സാമുവേലിന് 12ഇന ചോദ്യാവലിയും അയച്ചു നല്‍കിയിട്ടുണ്ട്. ഇതിന് മാത്യു സാമുവേല്‍ ഇന്ന് മറുപടി നല്‍കും. കേസില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ കോണ്‍ഗ്രസ് നേതാവ് അമിതാവ് ചക്രബര്‍ത്തി, ബിജെപി നേതാവ് ബ്രജേഷ് എന്നിവരെ ചോദ്യം ചെയ്യാനായി സിബിഐ വിളിച്ചു വരുത്തിയിരുന്നു.നാരദാന്യൂസിന്റെ ഡല്‍ഹി ഓഫീസില്‍ നിന്നുള്ള രേഖകളും സിബിഐ സംഘം ശേഖരിക്കുമെന്നണറിയുന്നത്.

നേരത്തെ നാരദാന്യൂസ് ജീവനക്കാരന്‍ രാധാകൃഷ്ണനോട് ലാപ്‌ടോപ്പ്, ക്യാമറ, വെബ് ക്യാമറ എന്നിവ ഹാജരാക്കാന്‍ കൊല്‍ക്കത്ത പൊലീസ് ആവശ്യപ്പെട്ടിരുന്നു. മാത്യു സമാമുവേലിനെതിരെ മുചിപ്പാറ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ടും പൊലീസ് രാധാകൃഷണനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ തെളിവുകളെല്ലാം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറാമെന്നായിരുന്നു മാത്യു സാമുവേലിന്റെ നിലപാട്.

മുചിപ്പാറയിലെ ലോഡ്ജില്‍ കൊല്‍ക്കത്ത പൊലീസ് റെയ്ഡ് നടത്തിയപ്പോള്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പിലും മൊബൈലിലും കണ്ടെത്തിയ ചിത്രങ്ങള്‍ക്ക് മാത്യു സമുവേലിനോട് സാമ്യമുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞത്. ബിഹാറില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി ഡി പി യാദവിനെ ഫോണില്‍ വിളിച്ച് ബിക്രം സിംഗ് എന്ന പേരില്‍ ലോഡ്ജില്‍ റൂമെടുത്ത യുവാവ് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇത് മാത്യു സാമുവേലാണ് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആരോപണവിധേയന്റെ പേര് ഔദ്യോഗികമായി പരാമര്‍ശിക്കാതെ വ്യാജമായി നിര്‍മ്മിച്ച വാര്‍ത്തയാണിതെന്ന സംശയവും പൊലീസിനുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കാട്ടി ആരോപണ വിധേയനായ മന്ത്രിയുടെ ഭാര്യയും മാത്യു സാമുവേലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതടക്കം മൂന്ന് കേസുകളാണ് പൊലീസ് നാരദാന്യൂസ് സിഇഒയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കേസുകളില്‍ വേണ്ടത്ര തെളിവു ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.അതിനാല്‍ പൊലീസ് സര്‍ക്കാരിന്റെ പാവയാണെന്ന കോടതിയുടെ പരാമര്‍ശം പൊലീസിന് ഈ കേസുകളുമായി ബന്ധപ്പെട്ട് പൊലീസിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്.

അതിനിടെ കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കാനുള്ള കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് മമതാ ബാനര്‍ജി സര്‍ക്കാരിന്റെ തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. മമതാ സര്‍ക്കാരിനെരെ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും പ്രതിഷേധം നടത്തിയിരുന്നു. ഇന്നലെ രാജ്ഭവനു മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഛത്രപരിഷത്തിന്റെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

കേസില്‍ 72 മണിക്കൂറിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരുമടക്കം 12 പേര്‍ കോഴ വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദാ പുറത്ത് കൊണ്ടുവന്നത്. മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയി, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, സംസ്ഥാന മന്ത്രിമാരായ സുബ്രതോ മുഖര്‍ജി, ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇക്ബാല്‍ അഹമ്മദ് എം.എല്‍.എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്.പി എം.എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍ പെട്ടത്.

Read More >>