കോടതി ഉത്തരവുണ്ടായിട്ടും ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്തിന്? കേന്ദ്രത്തിനോട് സുപ്രീം കോടതി

2015 ലെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാണ്. എന്നാല്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ നികുതി അടയ്ക്കുന്നതിനും പാന്‍ നമ്പര്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയതായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

കോടതി ഉത്തരവുണ്ടായിട്ടും ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്തിന്? കേന്ദ്രത്തിനോട് സുപ്രീം കോടതി

ആധാര്‍ ഐച്ഛികമായിരിക്കണം എന്ന കോടതി ഉത്തരവുള്ളപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

2015 ലെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാണ്. എന്നാല്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ നികുതി അടയ്ക്കുന്നതിനും പാന്‍ നമ്പര്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയതായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ എടുക്കുകയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റലി അറിയിച്ചിരുന്നു. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിക്കുന്നത് തടയാനാണതെന്ന് അദ്ദേഹം പറഞ്ഞു.

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി ഉത്തരവുള്ളപ്പോഴും കേന്ദ്രസര്‍ക്കാര്‍ നടപടിയെ അറ്റോര്‍ണി ജനറല്‍ മുകുല്‍ രോഹാത്ഗിരി ന്യായീകരിച്ചു. ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കുന്നത് പല പാന്‍ നമ്പറുകൾ ഉപയോഗിച്ച് നികുതി വെട്ടിക്കുന്നത് തടയാനാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

വരുമാനനികുതി അടയ്ക്കുന്നതിനു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണോയെന്ന കാര്യം അടുത്ത ആഴ്ച തീരുമാനിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. നികുതി അടയ്ക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.