ബാബരി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കത്തിന്റെ നാള്‍വഴികള്‍

ഇന്ത്യയുടെ രാഷ്ട്രീയപരവും മതപരവുമായ സംഘര്‍ഷങ്ങളുടെ മൂലകാരണം എന്ന് വിശേഷിപ്പിക്കാവുന്നതാണ് ബാബരി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കം. പതിറ്റാണ്ടുകളായിട്ടും തര്‍ക്കം തീരാതെ ആവശ്യം വരുമ്പോഴെല്ലാം കുത്തിപ്പൊക്കാവുന്ന തരത്തില്‍ ഉഴുതിട്ടിരിക്കുന്ന തര്‍ക്കവിഷയമാണത്. രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉപയോഗിക്കാവുന്ന ആയുധമായിരിക്കേ, മതങ്ങള്‍ക്ക് അത് അഭിമാനപ്രശ്‌നം എന്ന നിലയില്‍ തര്‍ക്കം നിലനിന്നു പോരുന്നു.

ബാബരി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കത്തിന്റെ നാള്‍വഴികള്‍

ബാബരി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കത്തിന്‌റെ നാള്‍വഴികള്‍:

1853

ബാബരി മസ്ജിദ് പണിയുന്നതിനു മുമ്പ് ആ സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു എന്ന വാദം ഉയരുന്നു. അവാധിലെ നവാബ് വാജിദ് അലി ഷാ ഭരിക്കുമ്പോഴായിരുന്നു അത്. നിര്‍മോഹി എന്ന ഹിന്ദു വിഭാഗം ആയിരുന്നു ആരോപണവുമായി എത്തിയത്. വിഷയത്തിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ അക്രമസംഭവം അതായിരുന്നു.

1859

തര്‍ക്കഭൂമിയില്‍ ഒരു മതില്‍ കെട്ടി പ്രാര്‍ഥിക്കാന്‍ പ്രത്യേക ഇടമൊരുക്കി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകര്‍ത്താക്കള്‍. മുസ്ലീങ്ങള്‍ക്ക് അകത്തും ഹിന്ദുക്കള്‍ക്ക് പുറത്തും പ്രാര്‍ഥിക്കാന്‍ അനുവദിച്ചു.

1885

1885 ജനുവരിയില്‍ മഹന്ത് രഘുബീര്‍ ദാസ് ആദ്യത്തെ കേസ് ഫയല്‍ ചെയ്യുന്നു. പള്ളിയ്ക്കു പുറത്ത് രാമചബുത്ര എന്ന പ്രാര്‍ഥനാപീഠം പണിയാനുള്ള അനുവാദം ചോദിച്ചുകൊണ്ടായിരുന്നു കേസ്. ഫൈസാബാദ് ജില്ലാ കോടതി കേസ് തള്ളി.

1949

പള്ളിയ്ക്കകത്ത് രാമവിഗ്രഹം പ്രത്യക്ഷപ്പെടുന്നു. ഹിന്ദു സംഘങ്ങള്‍ സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു. ഇരുകൂട്ടരും പരാതിയുയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ സ്ഥലം തര്‍ക്കപ്രദേശമായി പ്രഖ്യാപിച്ച് ഗേറ്റിട്ടു പൂട്ടി.

1950

രാമജന്മസ്ഥാനത്ത് പ്രാര്‍ഥന നടത്താനുള്ള അനുമതിയ്ക്കായി ഗോപാല്‍ സിംങ് വിശാരദും മഹന്ത് പരമഹംസ് രാമചന്ദ്രദാസും ഫൈസാബാദ് കോടതിയെ സമീപിച്ചു. അകത്തെ മുറ്റം പൂട്ടിയിരിക്കുന്നതിനാല്‍ അനുമതി ലഭിച്ചു.

1959

രാമജന്മഭൂമിയുടെ സൂക്ഷിപ്പുകാര്‍ എന്നവകാശപ്പെട്ട് നിര്‍മോഹി അഖാര മൂന്നാമത്തെ കേസ് കൊടുക്കുന്നു.

1961

പള്ളിയ്ക്കകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചതിനെതിരേ സുന്നി സെന്ട്രല്‍ ബോര്‍ഡ് കേസ് കൊടുത്തു. പള്ളിയും പരിസരവും ശവപ്പറമ്പാണെന്നായിരുന്നു വാദം.

1984

ജന്മഭൂമിയില്‍ രാമക്ഷേത്രം പണിയാനായി ഹിന്ദു സംഘടനകള്‍ കമ്മിറ്റി രൂപീകരിച്ചു. ബിജെപി നേതാവ് എല്‍ കെ അദ്വാനി അതിന്‌റെ നേതൃത്വം ഏറ്റെടുത്തു.

1986

ഹരിശങ്കര്‍ ദുബേയുടെ ഹര്‍ജി അംഗീകരിച്ച് പള്ളിയുടെ ഗേറ്റുകള്‍ ഹിന്ദുക്കള്‍ക്ക് തുറന്നു കൊടുക്കണമെന്ന് കോടതി ഉത്തരവിടുന്നു. മുസ്ലീങ്ങൾ അതിനെ എതിര്‍ത്ത് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയ്ക്ക് രൂപം നല്‍കി.

1989

ബാബരി മസ്ജിദിനടുത്ത് വിശ്വ ഹിന്ദു പരിഷദ് രാമക്ഷേത്രനിര്‍മ്മാണത്തിനുശള്ള തറക്കല്ലിട്ടു. പള്ളി മറ്റെവിടേയ്‌ക്കെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന് മുന്‍ വിഎച്ച്പി വൈസ് പ്രസിഡന്‌റ് ജസ്റ്റിസ് ദ്യോകി നന്ദന്‍ അഗര്‍വാള്‍ കേസ് കൊടുത്തു. കെട്ടിക്കിടക്കുന്ന നാല് കേസുകളും ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചിനു കൈമാറി.

1990

വിഎച്ച്പി പ്രവര്‍ത്തകര്‍ ബാബരി മസ്ജിദിനു കേട് വരുത്തുന്നു. പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. സെപ്റ്റംബറില്‍ അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര. ഗുജറാത്തിലെ സോമനാഥ് മുതല്‍ അയോദ്ധ്യ വരെ രഥയാത്ര.

1991

ബിജെപി പ്രധാന പ്രതിപക്ഷമാകുന്നു. ഉത്തര്‍ പ്രദേശില്‍ അധികാരത്തിലെത്തുന്നു. കര്‍സേവകര്‍ അയോദ്ധ്യയിലേയ്ക്ക് കുതുച്ചതോടെ പ്രശ്‌നം ആളിക്കത്താന്‍ തുടങ്ങുന്നു.

1992

ഡിസംബര്‍ ആറിന് സംഘപരിവാര്‍ സേന ബാബരി മസ്ജിദ് തകര്‍ത്തു. രണ്ടായിരം പേരിലധികം പേര്‍ കൊല്ലപ്പെട്ട കലാപം നടന്നു.

2001

ബാബരി മസ്ജിദ് തകര്‍ത്തതിന്‌റെ വാര്‍ഷികത്തില്‍ വിഎച്ച്പി രാമക്ഷേത്ര നിര്‍മ്മാണം ഊട്ടിയുറപ്പിക്കുന്നു.

2002

ഗോധ്ര സംഭവം. 58 കര്‍സേവകര്‍ തീവണ്ടിയില്‍ വച്ച് ചുട്ടെരിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ കലാപത്തില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു. തര്‍ക്കസ്ഥലത്ത് മുമ്പ് അമ്പലമായിരുന്നോ എന്നറിയാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രില്‍ 2002 ല്‍ ഹൈക്കോടതി ജഡ്ജിമാര്‍ വാദം കേള്‍ക്കാന്‍ തുടങ്ങി.

2003

പരിശോധനയില്‍ പള്ളിയ്ക്കടിയില്‍ അമ്പലം നിലനിന്നിരുന്നതായി തെളിവുകള്‍ ലഭിക്കുന്നു. കണ്ടെത്തലുകളെ മുസ്ലീം സംഘനകള്‍ നിരാകരിച്ചു. പള്ളി പൊളിച്ചതിനും കലാപം സൃഷ്ടിച്ചതിനും ഏഴ് ഹിന്ദു നേതാക്കള്‍ക്കളെ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിടുന്നു. ഉപപ്രധാനമന്ത്രി ആയിരുന്ന അദ്വാനിക്കെതിരേ കേസൊന്നും ഉണ്ടായില്ല.

2004

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം. അദ്വാനിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഉത്തര്‍ പ്രദേശ് കോടതി ഉത്തരവിട്ടു.

2005

തര്‍ക്കസ്ഥലം ഇസ്ലാമിക് സംഘം എന്ന് സംശയിക്കപ്പെടുന്നവര്‍ ആക്രമിക്കുന്നു. അഞ്ച് അക്രമകാരികളേയും ഒരു അജ്ഞാതനേയും സുരക്ഷാസേന വധിച്ചു.

2009

മസ്ജിദ് തകര്‍ത്ത സംഭവം അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. സംഭവത്തില്‍ ബിജെപി നേതാക്കളുടെ പങ്ക് പാര്‍ലമെന്‌റില്‍ ബഹളത്തിനു കാരണമായി.

2010

തര്‍ക്കസ്ഥലം മൂന്നായി - ഹിന്ദുമഹാസഭയ്ക്ക് രാംലീല, ഇസ്ലാമിക് വഖഫ് ബോര്‍ഡിന് ഒരു പങ്ക്, ബാക്കിയുള്ളത് നിര്‍ഹോമി അഖാരയ്ക്ക്- വിഭജിച്ചു കൊടുക്കാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിടുന്നു. ഉത്തരവിനെ ചോദ്യം ചെയ്ത് അഖില ഭാരതീയ ഹിന്ദു മഹാസഭയും സുന്നി വഖഫ് ബോര്‍ഡും സുപ്രീം കോടതിയിലേയ്ക്ക്.

2011

ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. 2014 ബിജെപിയുടെ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയി.

2015

രാമക്ഷേത്രത്തിനുള്ള കല്ലുകള്‍ ശേഖരിക്കാന്‍ വിഎച്പി ദേശവ്യാപകമായി ഇറങ്ങുന്നു. ക്ഷേത്രം പണിയാന്‍ നരേന്ദ്ര മോദിയുടെ അനുവാദം ലഭിച്ചതായി മഹന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുവദിക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

മാര്‍ച്ച് 2017

ബാബരി മസ്ജിദ് തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് അദ്വാനിക്കെതിരായുള്ള കേസുകള്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവ്.

മാര്‍ച്ച് 21 2017

തര്‍ക്കം കോടതിയ്ക്കു പുറത്ത് വച്ച് തീര്‍ക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.

ഏപ്രില്‍ 19 2017

ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്‍ കെ അദ്വാനിയ്‌ക്കെതിരേയുള്ള സിബിഐ അന്വേഷണം തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കി.