ഗോലിയാത്ത് വീണോ അതോ ദാവീദ് തിരിച്ചടിച്ചോ?

ടൈംസ് നൗ ചാനലിന്റെ അമരക്കാരാനായിരുന്ന അര്‍ണാബ് ഗോസ്വാമി ഇന്ന് ടൈംസ് ഗ്രൂപ്പിന് കള്ളനാണ്. മോഷണക്കുറ്റം ആരോപിച്ച് ടൈംസ് ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി അര്‍ണാബ് ഗോസ്വാമിയ്ക്ക് നോട്ടീസ് അയച്ചു. ഒരിക്കല്‍ വിശ്വസ്തനായ ഗോസ്വാമി കള്ളനാണെന്ന് പറഞ്ഞ് ടൈംസ് ഓഫ് ഇന്ത്യാ ദിനപത്രത്തില്‍ മൂന്നു കോളം വാര്‍ത്തയും നല്‍കി.

ഗോലിയാത്ത് വീണോ അതോ ദാവീദ് തിരിച്ചടിച്ചോ?

മോഷണക്കുറ്റം ആരോപിച്ച് റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ ടൈംസ് ഓഫ് ഇന്ത്യാ മാനേജ്‌മെന്റ് നല്‍കിയ ക്രിമിനല്‍ പരാതിയില്‍മേല്‍ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പിനു കീഴിലുള്ള ടൈംസ് നൗ ചാനലിന്റെ മുന്‍ എഡിറ്ററാണ് അര്‍ണാബ് ഗോസ്വാമി. ടൈംസ് നൗവില്‍ ജോലി ചെയ്യുന്ന കാലയളവിലെ ഓഡിയോ ടേപ്പ് ഉപയോഗിച്ചാണ് പുതിയ ചാനലായ റിപ്പബ്ലിക്കില്‍ രണ്ടു വാര്‍ത്തകള്‍ നല്‍കിയതെന്നായിരുന്നു ടൈംസ് ഗ്രൂപ്പ് ഉടമസ്ഥരായ ബെനറ്റ് ആന്റ് കോള്‍മാന്‍ കമ്പനിയുടെ പരാതി. സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സംഭാഷണങ്ങളും, ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ഷഹാബുദ്ദീനുമായി ലാലു പ്രസാദ് യാദവ് നടത്തുന്ന ഫോണ്‍സംഭാഷണവുമാണ് ചാനല്‍ പുറത്തു വിട്ടത്.

ഒരിക്കല്‍ വിശ്വസ്തനായിരുന്ന ആര്‍ണാബ് ഗോസ്വാമി കള്ളനാണെന്ന് പറഞ്ഞ് മൂന്ന്ു കോളം വാര്‍ത്തയാണ് െൈടസ് ഓഫ് ഇന്ത്യാ ദിനപത്രം നല്‍കിയത്. മോഷ്ടാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസില്‍ ടൈംസ് ഗ്രൂപ്പ് പരാതി നല്‍കിയതും. പത്തു വര്‍ഷം മുമ്പാണ് അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആകുന്നത്. ടെലഗ്രാഫ് ദിനപത്രത്തില്‍ മാദ്ധ്യമപ്രവര്‍ത്തനം ആരംഭിച്ച അര്‍ണാബ് പിന്നീട് എന്‍ഡിടിവിയുടെ പ്രധാന അവതാരകനായിരുന്നു. 2006-ല്‍ ടൈംസ് നൗവിനൊപ്പം ഇ ടി നൗ ചാനലും അര്‍ണാബ് വാര്‍ത്തെടുത്തു.

2016 ഡിസംബറില്‍ ടൈംസ് നൗവില്‍ നിന്നും പടിയിറങ്ങിയ അര്‍ണാബ് ഈ മാസം ആദ്യമാണ് പുതിയ ചാനലായ റിപ്പബ്ലിക് ആരംഭിക്കുന്നത്. ലാലു, സുനന്ദ ടേപ്പുകള്‍ ആദ്യ ദിവസങ്ങളില്‍ പുറത്തു വിട്ട റിപ്പബ്ലിക് ചാനല്‍ രണ്ടാഴ്ച കൊണ്ട് മറ്റ് ഇംഗ്ലീഷ് ചാനലുകളെ മറികടന്ന് ബാര്‍ക് റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്തെത്തി. ഇതില്‍ ക്രമകേട് ചൂണ്ടിക്കാണിച്ച് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകള്‍ ബാര്‍ക്കില്‍ നിന്നു പിന്മാറി. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ എല്ലാ സീമകളും ലംഘിച്ച് കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ ആദ്യബാന്‍ഡില്‍ റിപ്പബ്ലിക് ചാനലിനെ ഉള്‍പ്പെടുത്തിയതും പരാതിയ്ക്കിടയാക്കിയിരുന്നു.

ദേശീയത, മുസ്ലീം വിരുദ്ധത എന്നിവയില്‍ നിന്നും ചാനല്‍ വാര്‍ത്തെടുക്കാനായിരുന്നു ടൈംസ് ഓഫ് ഇന്ത്യാ ഉടമസ്ഥരായ വിനീത് ജയിന്‍, സമീര്‍ ജയിന്‍ എന്നിവര്‍ അര്‍ണാബിനോട് നിര്‍ദ്ദേശിച്ചത്. ആദ്യകാലങ്ങളില്‍ പിന്നിലായിരുന്ന ടൈംസ് നൗ പിന്നീട് ഒന്നാമതെത്തുകയായിരുന്നു. സംഘപരിവാര്‍ നേതാക്കള്‍ക്ക് വേണ്ടത്ര സമയം നല്‍കിയും ഏതെങ്കിലും വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം പറയുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിച്ചും അര്‍ണാബ് ഷോകള്‍ മുന്നേറി. ഇതിനെല്ലാം വളംവെച്ചു കൊടുത്ത ഉടമസ്ഥര്‍ വിശ്വസ്തനായ അര്‍ണാബിനെ ഒരു സുപ്രഭാതത്തില്‍ സ്റ്റുഡിയോയില്‍ കയറ്റിയതുമില്ല.

അര്‍ണാബ് തുടങ്ങിയ റിപ്പബ്ലിക്ക് ടൈംസ് ഓഫ് ഇന്ത്യ കൊടുത്ത ദേശീയ കളറും അതിനെല്ലാം ഉപരിയായി മുസ്ലീം വിരുദ്ധതയും സമാസമം ചേര്‍ത്ത് സംഘപരിവാര്‍ പ്രീണനത്തിനു തുടക്കമിട്ടു. ടൈംസ് ഗ്രൂപ്പ് വളര്‍ത്തിയ നായ തിരിച്ചു കടിച്ചപ്പോള്‍ പഴയ ഗോലിയാത്ത് ദാവീദിന്റെ മുന്നില്‍ വീണു. ഗോലിയാത്ത് ഇന്ന് തന്റെ വാര്‍ത്തകള്‍ മോഷ്ടിച്ച അര്‍ണാബിനെതിരെ കേസുമായി കോടതി കയറുന്നു.

Read More >>