മുത്തലാക്ക് നിരോധിക്കുന്നതിന് മുമ്പ് സതി നിയമവിധേയമാക്കൂ: യോഗി ആദിത്യനാഥിനോട് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍

മുത്തലാക്ക് പ്രശ്‌നത്തിനെക്കുറിച്ച് മൗനം ദീക്ഷിക്കുന്നവർ അത് പാലിക്കുന്നവരെപ്പോലെ തെറ്റുകാരാണെന്ന യോഗി ആദിത്യനാഥിന്‌റെ പരാമര്‍ശത്തിനോട് പ്രതികരിക്കുകയായിരുന്നു ഖാന്‍.

മുത്തലാക്ക് നിരോധിക്കുന്നതിന് മുമ്പ് സതി നിയമവിധേയമാക്കൂ: യോഗി ആദിത്യനാഥിനോട് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍

മുത്തലാക്കുമായി ബന്ധപ്പെട്ട് കോടതിയില്‍ തര്‍ക്കങ്ങള്‍ കൊഴുക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതും സജീവമാണ്. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ ആണ് വിവാദപ്രസ്താവനയുമായി ഇപ്പോള്‍ രംഗത്തുള്ളത്.

മുത്തലാക്ക് നിരോധിക്കുന്നതിനു മുമ്പ് ഹിന്ദുക്കളുടെ പാരമ്പര്യമായ സതി നിയമവിധേയമാക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ പറഞ്ഞു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് അസം ഖാന്‌റെ വിവാദ ആവശ്യം.

'മുത്തലാക്ക് നിരോധിക്കുന്നത് ആരാണ് തടയുന്നത്? പക്ഷേ, ആദ്യം ഏത് മുസ്ലീം ആണ് സതിയെ എതിര്‍ത്തതെന്ന് പറയു. സതി ഹിന്ദു സംസ്‌കാരത്തിന്‌റെ ഭാഗമാണ്. അത് പ്രാബല്യത്തില്‍ വരുത്തൂ,' അസം ഖാന്‍ പറഞ്ഞു.

മുത്തലാക്ക് പ്രശ്‌നത്തിനെക്കുറിച്ച് മൗനം ദീക്ഷിക്കുന്നവർ അത് പാലിക്കുന്നവരെപ്പോലെ തെറ്റുകാരാണെന്ന യോഗി ആദിത്യനാഥിന്‌റെ പരാമര്‍ശത്തിനോട് പ്രതികരിക്കുകയായിരുന്നു ഖാന്‍.

നമ്മുടെ ക്രിമിനല്‍ നിയമവും വിവാഹവും ഒന്നാണെങ്കില്‍ ഏകീകൃക വ്യക്തി നിയമം വരുന്നതില്‍ എന്താണ് അപകടം എന്നും യോഗി ചോദിച്ചിരുന്നു. മഹാഭാരതത്തില്‍ ദ്രൗപതിയെ അപമാനിക്കുമ്പോള്‍ എല്ലാവരും ചിരിച്ച കഥ അദ്ദേഹം പരാമര്‍ശിച്ചു. ഒരു പ്രശ്‌നം നടക്കുമ്പോള്‍ ആരും പ്രതികരിക്കുന്നില്ലെങ്കില്‍ സമൂഹം മുഴുവനും കുറ്റക്കാരാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി മുത്തലാക്കിനെതിരെ സംസാരിച്ചതോടെയാണ് വിഷയം വീണ്ടും വിവാദങ്ങളില്‍ എത്തിയത്.

'നമ്മുടെ മുസ്ലീം സ്ത്രീകള്‍ക്ക് നീതി ലഭിക്കണം. ജില്ലാതലങ്ങളില്‍ നിന്നു തന്നെ ഈ വിഷയം പരിഹരിക്കേണ്ടതുണ്ട്. പുതിയ ഇന്ത്യയ്ക്കായുള്ള പദ്ധതി നമ്മള്‍ ആസൂത്രണം ചെയ്യണം. മെല്ലെപ്പോക്ക് നമുക്ക് പറ്റില്ല. മുഴുവന്‍ വേഗതയില്‍ത്തന്നെ നമ്മള്‍ നീങ്ങണം,' എന്നായിരുന്നു മോദി പറഞ്ഞത്.