താങ്ങാവുന്ന ചികിത്സാച്ചെലവുകള്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി; ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതുമെന്ന് ഉറപ്പാക്കാനായി നിയമനിര്‍മ്മാണം വരും

ഡോക്ടര്‍മാര്‍ ഫാര്‍മാ കമ്പനികളുമായി ചേര്‍ന്ന് വില കൂടിയ മരുന്നുകള്‍ എഴുതിക്കൊടുക്കുന്നത് പാവപ്പെട്ടവര്‍ക്ക് താങ്ങാനാകാത്ത ചികിത്സാച്ചെലവാണ് വരുത്തി വയ്ക്കുന്നത്. ഈ പ്രവണതയ്ക്ക് തടയിടാനാണ് വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ജനറിക് മരുന്നുകള്‍ എഴുതിക്കൊടുക്കണമെന്ന നിയമനിര്‍മ്മാണം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

താങ്ങാവുന്ന ചികിത്സാച്ചെലവുകള്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി; ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതുമെന്ന് ഉറപ്പാക്കാനായി നിയമനിര്‍മ്മാണം വരും

ഡോക്ടര്‍മാരും മരുന്നുകമ്പനികളും തമ്മിലുള്ള ധാരണയുടെ പുറത്ത് വില കൂടിയ മരുന്നുകള്‍ വിറ്റഴിക്കുന്ന പ്രവണതയ്ക്ക് തടയിടാനായി നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് വില കുറഞ്ഞ ജനറിക് മരുന്നുകളാണ് എഴുതുന്നതെന്ന് ഉറപ്പാക്കാനായിരിക്കും പുതിയ നിയമം.

'പാവപ്പെട്ടവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത വിധത്തിലാണ് ഡോക്ടര്‍മാര്‍ മരുന്നുകുറിപ്പ് എഴുതുന്നത്. ഉയര്‍ന്ന വില കൊടുത്ത് സ്വകാര്യ മരുന്നുകടകളില്‍ നിന്നും മരുന്ന് വാങ്ങേണ്ടി വരുന്നുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു. സൂറത്തില്‍ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍മാര്‍ മരുന്നുകുറിപ്പെഴുതുമ്പോള്‍ രോഗിയ്ക്ക് ജനറിക് മരുന്നുകള്‍ മാത്രമേ ആവശ്യമുള്ളൂയെന്നും വില കൂടിയ മരുന്നുകള്‍ ആവശ്യമില്ലെന്നും കുറിപ്പില്‍ രേഖപ്പെടുത്തണമെന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം കോടി രൂപയുടെ അഭ്യന്തര മരുന്നുവിപണിയുടെ 70 ശതമാനത്തിലധികവും ബ്രാന്‌റഡ് ജനറിക് മരുന്നുകളാണെന്നും പേറ്റന്‌റ് ഉള്ള മരുന്നുകള്‍ ഏഴ് ശതമാനമേയുള്ളൂയെന്നും വിദഗ്ധര്‍ പറയുന്നു.

സര്‍ക്കാരിന്‌റെ ഈ തീരുമാനം മരുന്നുലോബികളെ കുപിതരാക്കുമെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ പാവപ്പെട്ടവര്‍ക്കും മദ്ധ്യവര്‍ഗത്തിനും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് സര്‍ക്കാരിന്‌റെ തീരുമാനം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിതമായ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാനും മരുന്നുവിലയ്ക്ക് പരിധി നിശ്ചയിക്കാനും ആരോഗ്യമന്ത്രാലയം എടുത്തിട്ടുള്ള നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. മരുന്നുകളുടെ ജനറിക് നാമങ്ങള്‍ ഇരട്ടി വലുപ്പത്തില്‍ എഴുതണമെന്ന നിര്‍ദ്ദേശം ഫാര്‍മ കമ്പനികള്‍ക്ക് ആരോഗ്യമന്ത്രാലയം ഗസറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

ഡോക്ടര്‍മാര്‍ മരുന്നുകുറിപ്പുകളില്‍ വായിക്കാനാകുന്ന വിധം മരുന്നുകളുടെ ജനറിക് നാമം എഴുതുന്നുണ്ടെന്ന് ആശുപത്രികള്‍ ഉറപ്പാക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേന്ദ്ര, സംസ്ഥാനസര്‍ക്കാര്‍ എന്നിവയുടെ കീഴില്‍ വരുന്ന ആശുപത്രികളോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

താങ്ങാനാകാത്ത ചികിത്സാച്ചെലവാണ് മരുന്നുകളുടെ വില മൂലം ഉണ്ടാകുന്നതെന്ന നിരീക്ഷണം ആണ് വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ജനറിക് മരുന്നുകള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ കാരണം. വിലനിയന്ത്രണം ഉണ്ടായിട്ടും ഫാര്‍മ കമ്പനികള്‍ അവരുടെ മരുന്നുകളുടെ പരസ്യത്തിനായി ധാരാളം പണം ചെലവഴിക്കുന്നുണ്ട്. കുറിപ്പെഴുതി കൊടുക്കുന്ന മരുന്നുകളുടെ പരസ്യം നല്‍കാന്‍ പാടില്ലെന്ന നിയമം നിലവിലുള്ളപ്പോഴാണ് ഈ പരസ്യങ്ങള്‍. മെഡിക്കല്‍ റെപ്പുമാരും ഡോക്ടര്‍മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അവരുടെ മരുന്നുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നു.

'നമ്മുടെ രാജ്യത്ത് ഡോക്ടര്‍മാരും ആശുപത്രികളും കുറവാണ്. മരുന്നിന്‌റെ വില അധികവും ആണ്. ഒരു മദ്ധ്യവര്‍ഗ കുടുംബാംഗത്തിന്‌റെ സാമ്പത്തികനില പരുങ്ങലില്‍ ആകുമ്പോള്‍ അവര്‍ക്ക് വീട് വാങ്ങാനോ മകളുടെ വിവാഹം നടത്താനോ കഴിയാതാകുന്നു,' മോദി പറഞ്ഞു. എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നയം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 700 അത്യാവശ്യമരുന്നുകളുടെ വില നിയന്ത്രിച്ചു. സ്റ്റെന്‌റിന്‌റെ വിലയും നിയന്ത്രിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷനിലൂടെ സൗജന്യമായി പരിശോധനകളും മരുന്നുകളും നല്‍കി. സാധാരണക്കാരുടെ ഉന്നമനത്തിനായി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുമെന്നും നരേന്ദ്ര മോദി പറഞ്ഞു.