ജമ്മു കാശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയതിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍; ഒഴിവാക്കാന്‍ പറ്റാത്ത നടപടിയായിരുന്നെന്ന് സൈന്യം

ഒരു ഡസനോളം ഉദ്യോഗസ്ഥരും പത്തോളം ഇൻഡോ തിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ജമ്മു കാശ്മീര്‍ പൊലീസും വഴിയില്‍ കുടുങ്ങിയിരുന്നു. സമീപത്തെ വീടുകളുടെ ടെറസില്‍നിന്ന് കല്ലേറുണ്ടായി. അവരില്‍ നിന്നും രക്ഷപ്പെടാനാണ് മനുഷ്യകവചം ഉപയോഗിച്ചതെന്നാണ് സൈന്യത്തിന്‌റെ വിശദീകരണം.

ജമ്മു കാശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയതിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍; ഒഴിവാക്കാന്‍ പറ്റാത്ത നടപടിയായിരുന്നെന്ന് സൈന്യം

ജമ്മു കാശ്മീരില്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് പട്രോളിംഗ് നടത്തിയ സൈന്യത്തിന്‌റെ നടപടിയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍. സൈന്യത്തിനു നേരെ കല്ലെറിയുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നു പോകാനുള്ള അവസാനത്തെ വഴിയായിരുന്നു 'മനുഷ്യകവചം' എന്ന കമാന്‌റിംഗ് ഓഫീസറുടെ വിശദീകരണം സര്‍ക്കാര്‍ അംഗീകരിച്ചു. പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആര്‍മി കമാണ്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. അസാധാരണമായ സന്ദർഭത്തില്‍ സൈന്യം കൈക്കൊണ്ട തീരുമാനത്തെ സർക്കാർ അഭിനന്ദിച്ചു.

ഒരു ഡസനോളം ഉദ്യോഗസ്ഥരും പത്തോളം ഇന്‌ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസും ജമ്മു കാശ്മീര്‍ പൊലീസും വഴിയില്‍ കുടുങ്ങിയിരുന്നു. സമീപത്തെ വീടുകളുടെ ടെറസില്‍ നിന്ന് കല്ലേറുണ്ടായെന്നും അവരില്‍ നിന്നും രക്ഷപ്പെടാനാണ് മനുഷ്യകവചം ഉപയോഗിച്ചതെന്നുമാണ് സൈന്യം സർക്കാരിന് നല്‍കിയ വിശദീകരണം.

അതേസമയം സൈന്യത്തെ രാഷ്ട്രീയപരമായി ഉന്നം വയ്ക്കുകയാണെന്ന് വിമര്‍ശിച്ച ഉധംപൂര്‍ എംപി ജിതേന്ദ്ര സിംങ് , കാശ്മീര്‍ നേതാക്കള്‍ തീവ്രവാദം പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ഒരു പ്രാദേശിക പത്രത്തോട് പറഞ്ഞു. തീവ്രവാദം വളർത്തുന്നവരെ നേരിടുന്നതിനു പകരം അവര്‍ സൈന്യത്തിനെതിരേ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.