'രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു' എന്ന് പ്രയോഗിക്കരുത്; അര്‍ണാബ് ഗോസ്വാമിയ്ക്ക് ജയിൽ ഭീഷണി

'രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു' എന്ന പ്രയോഗത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ടാണ് അർണാബിന് നോട്ടീസ് ലഭിച്ചത്.

രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു എന്ന് പ്രയോഗിക്കരുത്; അര്‍ണാബ് ഗോസ്വാമിയ്ക്ക് ജയിൽ ഭീഷണി

'രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു' എന്ന പ്രയോഗം ഉപയോഗിച്ചാല്‍ ജയിലിലടയ്ക്കുമെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയ്ക്ക് ഭീഷണി. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അര്‍ണാബ് ഇക്കാര്യം അറിയിച്ചത്. ഒരു മീഡിയ ഗ്രൂപ് ആണ് ആറ് പേജ് വരുന്ന വക്കീല്‍ നോട്ടീസ് അയച്ചതെന്ന് അര്‍ണാബ് പറയുന്നു.

നോട്ടീസിനു മറുപടിയായി ഒരു ഓഡിയോ സന്ദേശം ഫേസ്ബുക്കിലൂടെ അര്‍ണാബ് പുറത്തു വിട്ടു.

'ജയിലില്‍ അടയ്ക്കുമെന്ന ഭീഷണി എന്നെ ഭയപ്പെടുത്തുില്ല. നിങ്ങള്‍ പണവും വക്കീലുമായി വരൂ, 'രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു' എന്ന പ്രയോഗം ഉപയോഗിക്കുന്നതിനു എനിക്കെതിരെ ക്രിമിനല്‍ കേസ് കൊടുക്കൂ. നിങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുതെല്ലാം ചെയ്യൂ, എന്നെ അറസ്റ്റ് ചെയ്യാന്‍ എല്ലാ പണവും ചെലവഴിക്കൂ. ഞാന്‍ ഇവിടെ എന്‌റെ സ്റ്റുഡിയോവില്‍ കാത്തിരിക്കുന്നു. നിങ്ങളുടെ ഭീഷണി നടപ്പിലാക്കൂ,' എന്നാണു ഭീഷണിക്കാരോട് അര്‍ണാബിന്‌റെ സന്ദേശം.

'രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു' എന്ന പ്രയോഗം ആരുടെ അവകാശത്തിലാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 'രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു' എന്ന പ്രയോഗം നിങ്ങളുടേതും എന്‌റെയും എല്ലാവരുടേതുമാണ്. നമ്മള്‍ എന്തു ചെയ്യുന്നു എന്നതിനെ കുറിയ്ക്കുതാണത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഞാനത് ചര്‍ച്ചകളില്‍ അഭിമാനത്തോടെ ഉപയോഗിക്കുന്നുണ്ട് എന്നാണ് ആര്‍ണാബിന്‌റെ വിശദീകരണം.

ആരാണ് നോട്ടീസ് അയച്ചതെന്നു വ്യക്തമാക്കിയില്ലെങ്കിലും അര്‍ണാബ് ആരംഭിക്കാനിരിക്കുന്ന റിപബ്ലിക് ടിവി എന്ന ചാനലിന്‌റെ പ്രക്ഷേപണം തടയാന്‍ ശ്രമിക്കാനാണ് ആ മീഡിയ ഗ്രൂപ്പിന്‌റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി സത്യത്തിനെ പിന്തുടരാനുള്ള ഒരു കൂട്ടം ജേണലിസ്റ്റുകളെ ശ്രമത്തിനെ തടയുകയാണ് അവരുടെ ശ്രമം എന്നും അര്‍ണാബ് ആരോപിച്ചു.

അര്‍ണാബ് പേരു വെളിപ്പെടുത്തിയില്ലെങ്കിലും നോട്ടീസ് അയച്ചത് അദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്ന ടൈംസ് ഗ്രൂപ് ആണെന്ന് സ്രോതസ്സുകള്‍ പറയുന്നു. 'രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു' എന്ന പ്രയോഗത്തിന്‌റെ പകര്‍പ്പവകാശത്തിനായി വളരെ മുമ്പു തന്നെ അപേക്ഷിച്ചിട്ടുണ്ടെന്നു ടൈംസ് നൗ അറിയിച്ചു.

ജനുവരി 2017 ല്‍ ഒരു ചെറിയ മീഡിയ കമ്പനി ആ പ്രയോഗത്തിന്‌റെ പകര്‍പ്പവകാശത്തിനായി ശ്രമിച്ചതു കൊണ്ട് അവർ മുന്നറിയിപ്പ് നല്‍കിയതാണെന്നും സ്രോതസ്സുകള്‍ വെളിപ്പെടുത്തി.