ഡല്‍ഹിയില്‍ പരോളിലിറങ്ങിയ പതിനേഴുകാരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു പേരെ കൊലപ്പെടുത്തി

നഗരത്തില്‍ മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയതിന് യുവാവ് പൊലീസ് മൂന്നു തവണ അറസ്റ്റു ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ പരോളിലിറങ്ങിയ പതിനേഴുകാരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു പേരെ കൊലപ്പെടുത്തി

മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പതിനേഴുകാരന്‍ പരോളിലിറങ്ങി രണ്ട് പേരെ കൊലപ്പെടുത്തി. ഡല്‍ഹിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. മുന്‍ വൈരാഗ്യമുള്ള സുനില്‍, രാഹുല്‍ എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത് എന്ന് പൊലീസ് അധികൃതർ അറിയിച്ചു.

ജുവൈനല്‍ ജസ്റ്റിസ് ഹോമില്‍ ശിക്ഷയനുഭവിച്ചു വരികയായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് പരോളിലിറങ്ങിയത്. പ്രായപൂര്‍ത്തിയായ നാലു പേരുടെ സഹായത്തോടെയാണ് 17കാരനായ ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നഗരത്തില്‍ മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയതിന് ഇയാളെ പൊലീസ് മൂന്നു തവണ അറസ്റ്റു ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ടവര്‍ ഒരു വര്‍ഷം മുമ്പ് തര്‍ക്കത്തെത്തുടര്‍ന്ന് ഇയാളെ കത്തിക്ക് കുത്തിയതായി പറയുന്നു. അതിനു പകരം വീട്ടാനായി മനോജെന്ന സുഹൃത്തിന്റെയും മറ്റു രണ്ടു പേരുടേയും സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. കൊലപ്പെടുത്തിയ ശേഷം സുനിലിന്റെ ശരീരത്തില്‍ നിന്ന് സ്വര്‍ണമാലയും സംഘം മോഷ്ടിച്ചുവെന്നും പൊലീസ് പറഞ്ഞു.