ഇന്ത്യക്കാർ നികുതി വെട്ടിക്കാൻ ആഗ്രഹിക്കുന്ന സമൂഹം: സുപ്രീം കോടതി

'നമ്മുടെ പൗരന്മാര്‍ക്ക് നികുതി അടയ്ക്കാന്‍ വയ്യ. ഇത് നാണക്കേടാണ്. നികുതി വെട്ടിക്കണമെന്ന് ആഗ്രഹിക്കുന്ന സമൂഹമാണു നമ്മുടേത്. നികുതിയെ അനുകൂലിക്കുന്ന സമൂഹമല്ല ഇന്ത്യയിൽ,' സുപ്രീം കോടതി പറഞ്ഞു.

ഇന്ത്യക്കാർ നികുതി വെട്ടിക്കാൻ ആഗ്രഹിക്കുന്ന സമൂഹം: സുപ്രീം കോടതി

നികുതി അടയ്ക്കാന്‍ താല്പര്യമില്ലാത്ത ജനം നാണക്കേടുണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി. നികുതി അടയ്ക്കാന്‍, പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാർ നീക്കത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമർശം.

'നമ്മുടെ പൗരന്മാര്‍ക്ക് നികുതി അടയ്ക്കാന്‍ വയ്യ. ഇത് നമുക്ക് നാണക്കേടാണ്. നികുതി വെട്ടിക്കണമെന്ന് ആഗ്രഹിക്കുന്ന സമൂഹമാണു നമ്മുടേത്. നികുതിയെ അനുകൂലിക്കുന്ന സമൂഹമല്ല ഇന്ത്യയിൽ,' സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ച് ആണ് അതൃപ്തി പ്രകടിപ്പിച്ചത്.

ഫിനാന്‍സ് ആക്ട് 2017 ലെ നികുതി വകുപ്പില്‍ ചേര്‍ത്തിട്ടുള്ള 139എഎ വകുപ്പിനെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു രണ്ട് പൊതുതാല്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. പുതിയ വ്യവസ്ഥ അനുസരിച്ചു നികുതി അടയ്ക്കാനായി പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണ്.

ആധാര്‍ വകുപ്പില്‍ കള്ളപ്പണമോ വ്യാജ പാന്‍ നമ്പറോ കണ്ടുപിടിക്കുന്നതിനെക്കുറിച്ച് പറയുന്നില്ലെന്നായിരുന്നു അഭിഭാഷകനായ അരവിന്ദ് ദാതറിന്റെ വാദം. ഹര്‍ജിക്കാരില്‍ ഒരാളായ സിപി ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വത്തിനു വേണ്ടിയാണ് അരവിന്ദ് ദാതര്‍ വാദിച്ചത്.

എന്നാല്‍ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനു കൂടി സേവനങ്ങളും ഗുണങ്ങളും എത്തിക്കാനാണ് ആധാര്‍ വകുപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കള്ളപ്പണമോ വ്യാജ പാന്‍ നമ്പറോ കണ്ടെത്തുക എന്നത് അതിന്റെ ലക്ഷ്യമല്ലെന്നും കോടതി പറഞ്ഞു.പാവപ്പെട്ടവരുടെ ഗുണത്തിനു വേണ്ടിയുള്ള ആധാര്‍ ആക്റ്റില്‍ കള്ളപ്പണത്തിന്റെ കാര്യം പറയേണ്ട ആവശ്യമെന്താണെന്നും കോടതി ചോദിച്ചു.

ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന 2015 ലെ കോടതി വിധി അരവിന്ദ് ദാതര്‍ ഉയര്‍ത്തിക്കാണിച്ചു. എന്നാല്‍ ആധാര്‍ ആക്ട് വരുന്നതിനു മുമ്പായിരുന്നു അതെന്ന് അറ്റോര്‍ണി ജനറല്‍ മുകുല്‍ രോഹത്ഗി പറഞ്ഞു. നിയമം നിര്‍മ്മിച്ചപ്പോള്‍ അതിന്റെ നിയമവശം മാറിയെന്നും അദ്ദേഹം പറഞ്ഞു.

'ആ കേസുകളില്‍ വിധിയൊന്നും പ്രസ്താവിക്കപ്പെട്ടിട്ടില്ല. അതെല്ലാം ഇടക്കാല വിധികളായിരുന്നു. നിയമം ഇല്ലാതിരുന്ന സമയത്താണു താല്‍ക്കാലിക വിധി പുറപ്പെടുവിച്ചത്. നിയമം നിര്‍മ്മിക്കുന്നതില്‍ നിന്നും പാര്‍ലമെന്റിനെ തടയാന്‍ പറ്റുമോ? സര്‍ക്കാരിന്റെ പ്രസ്താവനകള്‍ അനുസരിച്ച് താല്‍ക്കാലിക വിധികള്‍ ഉണ്ടാകാം. നിയമത്തിനെപ്പറ്റി പരിശോധനകള്‍ നടത്താവുന്നതാണ്. പക്ഷേ നിയമനിര്‍മ്മാണത്തില്‍ നിന്നും പാർലമെന്റിനെ തടയാന്‍ സാധിക്കില്ല,' ബഞ്ച് പറഞ്ഞു.

നികുതി വെട്ടിപ്പ് പരിശോധിക്കാന്‍ പുതിയ നിയമം ഉപകരിക്കുമോയെന്ന് സംശയം പുറപ്പെടുവിച്ചപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നവരാണെന്നായിരുന്നു കോടതിയുടെ മറുപടി.

ഇന്ത്യയില്‍ 99 ശതമാനം പൗരന്മാര്‍ക്കും ആധാര്‍ സംബന്ധിച്ച് പ്രശ്നങ്ങളില്ലെന്നും കോടതി പറഞ്ഞു.