വൃദ്ധസദനത്തില്‍ പോകാന്‍ വിസമ്മതിച്ച അമ്മയെ മകന്‍ കൊലപ്പെടുത്തി

തൊഴില്‍രഹിതനായ തനിക്ക് മാതാവിനെ സംരക്ഷിക്കാനാകില്ലാത്തതിനാല്‍ വൃദ്ധസദനത്തില്‍ പോകാന്‍ ഇയാള്‍ കുറച്ചുനാളുകളായി ആവശ്യപ്പെട്ടു വരികയായിരുന്നത്രേ

വൃദ്ധസദനത്തില്‍ പോകാന്‍ വിസമ്മതിച്ച അമ്മയെ മകന്‍ കൊലപ്പെടുത്തി

വൃദ്ധസദനത്തില്‍ പോകാന്‍ വിസമ്മതിച്ച മാതാവിനെ യുവാവ് കൊലപ്പെടുത്തി. ഡല്‍ഹിയിലെ സാഗര്‍പൂരിലാണ് 76 വയസ്സുള്ള മാതാവ് മകന്റെ അടിയേറ്റുമരിച്ചത്. ഇഷ്ടിക കൊണ്ട് തലക്കടിച്ച ശേഷം പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയ ശേഷം മണിക്കൂറുകളോളം മൃതദേഹത്തിനടുത്തിരുന്ന ശേഷം ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തൊഴില്‍രഹിതനായ തനിക്ക് മാതാവിനെ സംരക്ഷിക്കാനാകില്ലാത്തതിനാല്‍ വൃദ്ധസദനത്തില്‍ പോകാന്‍ ഇയാള്‍ കുറച്ചുനാളുകളായി ആവശ്യപ്പെട്ടു വരികയായിരുന്നത്രേ.

സംഭവവുമായി ബന്ധപ്പെട്ട് ലക്ഷ്മണന്‍ കുമാറിനെ (48) പൊലീസ് അറസ്റ്റു ചെയ്തു. താന്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ലക്ഷ്മണ്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇക്കാര്യം സത്യമാണോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ ജീവിതച്ചെലവ് കൂടി വഹിക്കാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു താനെന്ന് ലക്ഷ്മണ്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ''വീട് വിട്ടുപോകാന്‍ ലക്ഷ്മണ്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അമ്മ അത് ചെവിക്കൊണ്ടില്ല. തനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന് പറഞ്ഞപ്പോള്‍ വൃദ്ധസദനത്തില്‍ പോകാന്‍ ഇയാള്‍ അമ്മയോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെയാണ് ഇയാള്‍ അമ്മയെ കൊലപ്പെടുത്തിയത്'' -പൊലീസ് പറയുന്നു. രണ്ടു വര്‍ഷം മുമ്പ് ഇയാളെ ഭാര്യ ഉപേക്ഷിച്ചിരുന്നു.