പോത്തുവളർത്തൽ നഷ്ടക്കച്ചവടമല്ല; ഉദാഹരണവുമായി കർഷകർ

പോത്തുവളർത്തൽ നഷ്ടക്കച്ചവടമല്ല. കുറഞ്ഞ തീറ്റച്ചെലവും കയറ്റുമതി വിപണിയിലെ ആവശ്യവും പോത്തിനെ ലാഭകരമായ ഉല്പന്നമാക്കി മാറ്റുന്നു.

പോത്തുവളർത്തൽ നഷ്ടക്കച്ചവടമല്ല; ഉദാഹരണവുമായി കർഷകർ

ഇന്ത്യയില്‍ കാലി വളര്‍ത്തുന്നവരുടെ രീതിയനുസരിച്ച് പോത്തുകളെ അധികം തീറ്റിപ്പോറ്റാറില്ല. മൂന്നോ നാലോ മാസം പ്രായമാകുമ്പോഴേയ്ക്കും അവയെ വില്‍ക്കുകയോ ഇറച്ചിക്കു കൊടുക്കുകയോ ആണ് ചെയ്യുക. കാരണം, അപ്പോഴേയ്ക്കും എരുമകള്‍ക്കു പാല്‍ ചുരത്താന്‍ അവയുടെ ആവശ്യം ഉണ്ടാകുന്നില്ല. മാത്രമല്ല, പാല്‍ തരാത്തതിനാല്‍ അവയെ പ്രയോജനമില്ലാത്ത ചെലവായിട്ടാണ് കണക്കാക്കുക. ഒരു വയസ്സാകുന്നതിനു മുമ്പു തന്നെ മിക്ക പോത്തുകുട്ടികളും ചത്തു പോകുകയാണു പതിവ്.

എന്നാല്‍, പോത്തുകളെ വളര്‍ത്തുകയാണെങ്കിലും ലാഭം ഉണ്ടാക്കാമെന്നാണു ചില കര്‍ഷകര്‍ പറയുന്നത്. ഡല്‍ഹിയിലെ മനു ട്രിക്ക അങ്ങിനെയൊരു സാധ്യത പരീക്ഷിച്ചു വിജയിച്ച ആളാണ്. ഡല്‍ഹിയിലെ ബിസിനസ്സ് നിര്‍ത്തി വച്ച് രാജസ്ഥാനിലെ കോട്പുട്‌ലിയില്‍ ഫാം തുടങ്ങുകയായിരുന്നു മനു. 32 പോത്തുകുട്ടികളെ വാങ്ങിയായിരുന്നു തുടക്കം. രണ്ട്, മൂന്ന് മാസം പ്രായമുള്ള പോത്തുകുട്ടികള്‍ക്ക് ഒന്നിനു 1400 രൂപ നിരക്കിലായിരുന്നു വാങ്ങിയത്. എട്ട്, ഒമ്പത് മാസം പ്രായമുള്ളവയ്ക്കു 4000 രൂപ വീതവും ആയി. അവയുടെ ശരാശരി ഭാരം 80 കിലോ ആയിരുന്നു. ഒരു വര്‍ഷത്തിനകം അവയ്ക്ക് ഇരട്ടി ഭാരമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ശരാശരി ഭാരം 300-350 കിലോ. അപ്പോള്‍ അവയെ വില്‍ക്കാനാണു മനുവിൻ്റെ പദ്ധതി.

ഉത്തര്‍ പ്രദേശിലെ അട്രൗളി ഗ്രാമത്തിലെ ഫൈസാന്‍ അഹമ്മദും ഇതേ പോലെയാണു ചിന്തിക്കുന്നത്. ഇപ്പോള്‍ത്തന്നെ 21 പോത്തുകുട്ടികളെ അയാള്‍ വിറ്റു കഴിഞ്ഞു. രണ്ട് വര്‍ഷം പ്രായമുള്ള അവയുടെ വില 45, 000 രൂപ വരെയാണ്. ഇപ്പോള്‍ 65 പോത്തുകുട്ടികളുണ്ട് ഫൈസാൻ്റെ ഫാമില്‍. അവയ്ക്ക് ആവശ്യമുള്ള വൈക്കോലും പുല്ലും കൃഷിയിടത്തില്‍ നിന്നും ലഭിക്കും. എട്ട് മാസം പ്രായമുള്ള പോത്തുകുട്ടിയ്ക്ക് ഒരു ദിവസം 15 രൂപയേ തീറ്റിച്ചെലവുള്ളൂ. 22-23 മാസം പ്രായമുള്ളവയ്ക്കു 60 രീപയും ചെലവ് വരും.

ശരാശരി ദിവസം 25 രൂപ ചെലവ് വരുന്ന പോത്തുകുട്ടി വളര്‍ത്തലില്‍ നിന്നും ലാഭം പല വഴിയ്ക്കാണു വരുക. ഒരു പോത്തുകുട്ടി ദിവസം പത്ത് കിലോ ചാണകം തരും. ഉണക്കിക്കഴിയുമ്പോള്‍ അത് രണ്ടര കിലോ ആകും. ഉണക്കച്ചാണകത്തിനു കിലോയ്ക്കു എട്ട് രൂപ ലഭിക്കും. അപ്പോള്‍ 100 പോത്തുകുട്ടികളുടെ ചാണകം വിറ്റാല്‍ത്തന്നെ ദിവസം 2000 രൂപ വരുമാനം ഉണ്ടാകും.

ഇന്ത്യയിലെ നാല് ലക്ഷം കോടിയുടെ പോത്തിറച്ചി വിപണിയിലെയ്ക്കുള്ള പുതിയ പ്രവണതയ്ക്കു തുടക്കം കുറിയ്ക്കുകയാണ് ഈ കര്‍ഷകര്‍. ഇതുവരെ പോത്തിറച്ചി കയറ്റുമതിയില്‍ മാത്രം ആശ്രയിച്ചിരുന്ന വിപണിയ്ക്കു പുതിയ വരുമാനമാര്‍ഗങ്ങളാണ് ഇവര്‍ പരിചയപ്പെടുത്തുന്നത്. പ്രത്യേകിച്ചും ഗ്രാമീണമേഖലയില്‍ വളരെയധികം ഉപകാരപ്രദമാകും ഈ രീതിയിലുള്ള പോത്തുവളര്‍ത്തല്‍.

2012 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 108.7 ദശലക്ഷം പോത്തുകളും എരുമകളുമാണുള്ളത്. അതില്‍ 85 ശതമാനവും എരുമകളാണ്. പോത്തുകളിലെ 16.1 ദശലക്ഷത്തില്‍ മൂന്നില്‍ രണ്ടും രണ്ട് വര്‍ഷത്തില്‍ താഴെ പ്രായമുള്ളവയാണ്. പോത്തുകളുടെ ഈ കുറഞ്ഞ സംഖ്യ സൂചിപ്പിക്കുന്നത് അവയെ ചെറുപ്രായത്തില്‍ തന്നെ അറക്കുന്നതായിട്ടാണ്. കാര്‍ഷികരംഗത്തെ യന്ത്രവത്ക്കരണവും പോത്തുകളുടെ ആവശ്യം ക്രമാതീതമായി കുറയാന്‍ കാരണമാകുന്നു.

ഈ അവസ്ഥയിലാണു പോത്തുകളെ വളര്‍ത്തുന്നതും ലാഭകരമാക്കാം എന്നു തെളിയിച്ചു കൊണ്ട് കര്‍ഷകര്‍ രംഗത്തെത്തുന്നത്. അതു രാജ്യത്തിൻ്റെ മൊത്തം പോത്തിറച്ചി വിപണിയെ പരിപോഷിപ്പിക്കാന്‍ പോന്നതാണ്. കുറഞ്ഞ തീറ്റച്ചെലവും കൂടിയ വിപണിമൂല്യവും പോത്തുവളര്‍ത്തലിനെ പുതിയ മാനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണു കരുതപ്പെടുന്നത്.

Read More >>