ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് സ്‌കൂളിന്റെ 'മാനം' കാക്കാന്‍ ക്ലാസില്‍ വരരുതെന്ന് ആവശ്യപ്പെട്ടതായി ആരോപണം

ഡല്‍ഹിയിലെ ഒരു സ്‌കൂളിലാണ് സംഭവം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്നതിനെ മാനേജ്‌മെന്റ് വിലക്കിയെന്ന് രക്ഷിതാക്കളുടെ പരാതി. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ സ്വകാര്യ വാഹനത്തിലാണ് മകളെ സ്‌കൂളിലെത്തിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് സ്‌കൂളിന്റെ മാനം കാക്കാന്‍ ക്ലാസില്‍ വരരുതെന്ന് ആവശ്യപ്പെട്ടതായി ആരോപണം

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് പഠിക്കുന്ന സ്ഥാപനത്തിന്റെ 'മാനം' സംരക്ഷിക്കാന്‍ ഇനി സ്‌കൂളില്‍ വരരുതെന്ന് ആവശ്യപ്പെട്ടതായി ആരോപണം. ഡല്‍ഹിയിലെ ഒരു സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളാണ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍, വിദ്യാഭ്യാസ വകുപ്പിന് നോട്ടീസയച്ചു. 10ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് സ്‌കൂളില്‍ വരാതിരുന്നാല്‍ മാത്രമെ 11ാം ക്ലാസില്‍ പ്രവേശനം നല്‍കൂവെന്ന് അറിയിച്ചതായി മാതാപിതാക്കള്‍ പറഞ്ഞു.

''മകള്‍ സ്‌കൂളില്‍ ചെല്ലുന്നത് സ്‌കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്ന് മാനേജ്‌മെന്റ് അധികൃതർ വിശദീകരിച്ചു. മകളുടെ സുരക്ഷയുടെ കാര്യത്തില്‍ സ്‌കൂളിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു" -രക്ഷിതാക്കള്‍ പരാതിയില്‍ പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഒരു സംഘം കാറിനകത്തു വെച്ച് ബലാത്സംഗത്തിനിരയാക്കി പുറത്തേക്കെറിയുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി മൂലം പെണ്‍കുട്ടി കുറച്ചുദിവസങ്ങളായി സ്‌കൂളില്‍ പോകാറില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ അടുത്ത് സഹപാഠികളാരും ഇരിക്കരുതെന്ന് സ്‌കൂളധികൃതര്‍ നിര്‍ദ്ദേശം കൊടുത്തതായും മാതാപിതാക്കള്‍ പറയുന്നു. ''സ്‌കൂളിന്റെ 'മാനം' നഷ്ടമാകുന്നതിനാല്‍ മകളെ വേറെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പ്രിന്‍സിപ്പള്‍ ആവശ്യപ്പെട്ടതായും മാതാപിതാക്കളുടെ പരാതിയിലുണ്ട്'' -വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്നതും മാനേജ്‌മെന്റ് വിലക്കിയെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ സ്വകാര്യ വാഹനത്തിലാണ് മകളെ സ്‌കൂളിലെത്തിക്കുന്നതും തിരിച്ചുകൊണ്ടുവരുന്നതുമെന്ന് വനിതാ കമ്മീഷന്‍ അംഗം വ്യക്തമാക്കി.