സഹാരണ്‍പൂരില്‍ സംഘര്‍ഷം; ഒരു ദളിതന്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്കു പരിക്ക്

മെയ് അഞ്ചിനു മഹാറാണാ പ്രതാപിന്റെ ബഹുമാനാര്‍ത്ഥം താക്കൂര്‍മാര്‍ നടത്തിയ ആഘോഷത്തില്‍ ഉച്ചത്തില്‍ പാട്ടു വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കില്‍ ഒരു താക്കൂര്‍ കൊല്ലപ്പെടുകയും 25 ദളിത് വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്നു സഹാരണ്‍പൂരില്‍ സംഘര്‍ഷങ്ങൾ പതിവായിരിക്കുകയാണ്.

സഹാരണ്‍പൂരില്‍ സംഘര്‍ഷം; ഒരു ദളിതന്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്കു പരിക്ക്

ഉത്തർ പ്രദേശിലെ സഹാരണ്‍പൂരില്‍ ഇന്നലെ നടന്ന കലാപത്തില്‍ ഒരു ദളിതന്‍ കൊല്ലപ്പെട്ടു. പതിമൂന്നു പേര്‍ക്കു പരിക്കേറ്റു. ബിഎസ് പി നേതാവ് മായാവതിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ദളിതരെ താക്കൂര്‍ വിഭാഗക്കാന്‍ ആക്രമിക്കുകയായിരുന്നെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലാത്തിയും കത്തിയും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമികളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല.

ഒരാളെ മരിച്ച നിലയിലും 13 പേരെ പരിക്കേറ്റ നിലയിലും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നു സഹാരണ്‍പൂര്‍ എസ്‌പി പ്രബല്‍ സിംഗ് അറിയിച്ചു. താക്കൂര്‍മാരാണോ ആക്രമണത്തിനു പിന്നില്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

സര്‍സാവ സ്വദേശിയായ ആശിഷ് മേഘ് രാജ് (25) ആണു കൊല്ലപ്പെട്ടത്. വയറിന്റെ വലതുഭാഗത്തു കുത്തുകൊണ്ട മുറിവും ശരീരം മുഴുവനും അടിയേറ്റ മുറിവുകളും ഉണ്ടായിരുന്നു. മരണകാരണം കണ്ടെത്തേണ്ടിയിരിക്കുന്നു എന്നു സഹാരണ്‍പൂര്‍ ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബി എൽ ബോധി പറഞ്ഞു.

ഒരാള്‍ക്കു വെടിയേറ്റിട്ടും ജീവന്‍ രക്ഷപ്പെട്ടു. രണ്ടു പേര്‍ക്കു കത്തിക്കുത്തേറ്റ മുറിവുകളുണ്ട്. ഫൂല്‍ സിംഗ്, അക്ബര്‍, മവാസി എന്നീ മൂന്നു പേരെ മീററ്റിലേയ്ക്കു കൊണ്ടുപോയി. പരിക്കുകളേറ്റ മറ്റുള്ളവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലുള്ള ഇന്ദര്‍പാല്‍ (50) എന്നയാള്‍ പറഞ്ഞതനുസരിച്ചു മായാവതിയുടെ സമ്മേളനം കഴിഞ്ഞ് അര മണിക്കൂര്‍ ആയപ്പോള്‍ ഏതാണ്ടു പത്തു പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.

'അഞ്ചു പേര്‍ എന്റെ ഗ്രാമത്തിലെ രജപുത്രന്മാരാണ്. അവര്‍ വടികളും ലാത്തികളും ഉപയോഗിച്ചു ഞങ്ങളെ അടിക്കാന്‍ തുടങ്ങി. എന്റെ രണ്ടു കൈകളും ഒടിഞ്ഞു, തലയിലും പരുക്കേറ്റു,'

ഇന്ദര്‍പാല്‍ പറയുന്നു.

സമ്മേളനം കഴിഞ്ഞു സൈക്കിളില്‍ മടങ്ങുകയായിരുന്ന ശേഖറിനെ സിംലാനാ കനാലിനരികില്‍ വച്ചായിരുന്നു ആക്രമിച്ചത്. അക്രമണത്തില്‍ അയാള്‍ക്കു തലയ്ക്കു പരുക്കേറ്റു. നരേന്ദ്രകുമാര്‍ എന്നയാളെ അംഭേത എന്നയിടത്തു വച്ചു മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിനെ തുടര്‍ന്നു ദളിതര്‍ രാത്രി ഒമ്പതു മണിയോടെ ജില്ലാ ആശുപത്രിയ്ക്കരികില്‍ കൂടിച്ചേര്‍ന്നു. കഴിഞ്ഞ പതിനെട്ടു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ തവണയാണു ജാതിസംഘര്‍ഷം ഉണ്ടാകുന്നത്.

മെയ് അഞ്ചിനു മഹാറാണാ പ്രതാപിന്റെ ബഹുമാനാര്‍ത്ഥം താക്കൂര്‍മാര്‍ നടത്തിയ ആഘോഷത്തില്‍ ഉച്ചത്തില്‍ പാട്ടു വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കില്‍ ഒരു താക്കൂര്‍ കൊല്ലപ്പെടുകയും 25 ദളിത് വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്നു പ്രദേശത്തു സംഘര്‍ഷങ്ങൾ പതിവായിരിക്കുകയാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും കൂടിതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആദിത്യ മിശ്ര പറഞ്ഞു. അശ്രദ്ധ കാണിക്കുന്ന ഓഫീസര്‍മാരെ ശിക്ഷിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്ന് അദ്ദേഹം ഇരുകൂട്ടരോടും ആവശ്യപ്പെട്ടു.