റേസിങ്ങ് താരം അശ്വിന്‍ സുന്ദറും ഭാര്യയും കാറപകടത്തില്‍ മരിച്ചു

നിയന്ത്രണം വിട്ട ബി എം ഡബ്ല്യൂ കാര്‍ മരത്തിലിടിച്ച് അഗ്നിബാധയ്ക്കിരയായാണ് ഇരുവരും മരിച്ചത്

റേസിങ്ങ് താരം അശ്വിന്‍ സുന്ദറും ഭാര്യയും കാറപകടത്തില്‍ മരിച്ചു

സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ അപകടത്തില്‍പ്പെട്ട് അഗ്നിക്കിരയായി പ്രശസ്ത കാറോട്ടക്കാരന്‍ അശ്വിന്‍ സുന്ദറും ഭാര്യയും മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ഓടെ ചെന്നൈയിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ഒരു മരത്തിലിടിച്ച് മറിഞ്ഞ് അഗ്നിബാധക്കിരയാകുകയായിരുന്നു.

ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. അശ്വിന്റെ ഭാര്യ നിവേദിത ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡോക്ടറാണ്. അപകടത്തെത്തുടര്‍ന്ന് അഗ്നിക്കിരയായ കാറില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഇരുവരും വെന്തുമരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി റോയപേട്ട ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. 2008ല്‍ ജര്‍മന്‍ റെയ്‌സിംഗ് ടീമായ മാ കോണ്‍ മോട്ടോര്‍സ്‌പോര്‍ട്ടിന് വേണ്ടി ജര്‍മന്‍ ഫോക്‌സ്‌വാഗണ്‍ എ ഡി സി ചാമ്പ്യന്‍ഷിപ്പില്‍ 27കാരനായ അശ്വിന്‍ മത്സരിച്ചിരുന്നു. 2012, 2013 എല്‍ ജി ബി 4 കാറ്റഗറിയില്‍ ദേശീയ ചാമ്പ്യനായിരുന്നു.