മോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചത് ആരാണെന്നറിയില്ല: പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കാനായുള്ള അപേക്ഷ നല്‍കിയ കമ്പനികള്‍, ട്രസ്റ്റുകള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ വിവരങ്ങളും രേഖകളുമായിരുന്നു വിവരാവകാശപ്രകാരം ആവശ്യപ്പെട്ടിരുന്നത്.

മോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചത് ആരാണെന്നറിയില്ല: പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുവാദം ചോദിച്ചത് ആരാണെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ആരാണെന്നു കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്നായിരുന്നു വിവരാവകാശ ചോദ്യത്തിനുള്ള ഓഫീസിന്റെ മറുപടി.

'ആ വിഷയത്തെ സംബന്ധിച്ച എല്ലാ രേഖകളും ആശയവിനിമയങ്ങളും വിശദമായി പരിശോധിച്ചാലേ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. അത് വിഭവങ്ങളുടെ ഉപയോഗം വഴിതിരിക്കുന്നതായിരിക്കും'- പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ആര്‍ടിഐ ആക്ട് 2005 ലെ 7 (9) വകുപ്പ് പ്രകാരം വിവരങ്ങള്‍ വിഭവങ്ങളുടെ ഉപയോഗത്തെ വഴിതിരിച്ചു വിടുകയോ ആവശ്യപ്പെട്ട രേഖയുടെ സുരക്ഷയ്ക്കു ഭീഷണിയാകുകയോ ചെയ്യുന്നില്ലെങ്കില്‍ മാത്രം നല്‍കണമെന്നാണ് നിയമം.

പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കാനുള്ള അപേക്ഷ നല്‍കിയ കമ്പനികള്‍, ട്രസ്റ്റുകള്‍ വ്യക്തികള്‍ തുടങ്ങിയവരുടെ വിവരങ്ങളും രേഖകളുമായിരുന്നു വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നത്.

റിലയൻസ് ജിയോ, പേ ടിഎം എന്നിവര്‍ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചതു സംബന്ധിച്ചായിരുന്നു ചോദ്യം. കഴിഞ്ഞ സെപ്റ്റംബറില്‍ റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ മോദിയുടെ മുഴുപേജ് ചിത്രമായിരുന്നു അച്ചടിച്ചു വന്നത്. ഇത് രാഷ്ടീയ കോലാഹലങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. റിലയന്‍സിന്റെ ഉല്പന്നത്തിനു പ്രധാനമന്ത്രിതന്നെ പരസ്യം ചെയ്യുന്നു എന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വിമര്‍ശനം.

നോട്ട് നിരോധനത്തിനു ശേഷം പേ ടിഎമ്മിന്റെ പരസ്യത്തിൽ മോദിയുടെ ചിത്രം ഉപയോഗിച്ചതും വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. ചിത്രം ഉപയോഗിച്ചതിനു റിലയന്‍സും പേ ടിഎമ്മും മാപ്പ് പറഞ്ഞെന്നു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

എംബ്ലംസ് ആന്റ് നെയിംസ് ആക്ട് 1950 പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അനുവാദമില്ലാതെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. 500 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണത്.

Read More >>