ചെന്നൈയില്‍ റോഡിലുണ്ടായ വന്‍ ഗര്‍ത്തത്തില്‍ ബസും കാറും താഴ്ന്നു

ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ അണ്ണാ സാലെയ്ക്കടുത്താണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.അണ്ണാ സാലെയ്ക്കടുത്ത് നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ട ടണല്‍ ബോറിങ് മെഷീന്റെ സമ്മര്‍ദ്ദം മൂലമാണ് റോഡ് തകര്‍ന്നതെന്ന് ചെന്നൈ മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു.

ചെന്നൈയില്‍ റോഡിലുണ്ടായ വന്‍ ഗര്‍ത്തത്തില്‍ ബസും കാറും താഴ്ന്നു

ചെന്നൈ നഗരത്തിലെ റോഡില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തത്തില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കാറും താഴ്ന്നുപോയി. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ അണ്ണാ സാലെയ്ക്കടുത്താണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അണ്ണാ സാലെയ്ക്കടുത്ത് നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ട ടണല്‍ ബോറിങ് മെഷീന്റെ സമ്മര്‍ദ്ദം മൂലമാണ് റോഡ് തകര്‍ന്നതെന്ന് ചെന്നൈ മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു. വാഹനത്തിന് അസാധാരണമായി സമ്മര്‍ദ്ദം തോന്നിയെങ്കിലും ടയര്‍ പഞ്ചറായതാണ് കാരണമെന്നാണ് ബസ് ഡ്രൈവര്‍ കരുതിയത്.

ഇതിനെത്തുടര്‍ന്ന് ഡ്രൈവര്‍ പുറത്തിറങ്ങി നോക്കുമ്പോള്‍ ബസ് വന്‍ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുന്നതാണ് കാണുന്നത്. ഇതോടെ ഡ്രെവര്‍ യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. യാത്രക്കാര്‍ പുറത്തിറങ്ങിയതോടെ ബസ് ഗര്‍ത്തത്തിലേക്ക് താഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബസിനു സമീപത്തുകൂടി മുന്നോട്ടു പോകുകയായിരുന്ന മൊഗപ്പൈര്‍ സ്വദേശിയുടെ കാറും ഗര്‍ത്തത്തില്‍ താഴ്ന്നു. റോഡിന്റെ പല ഭാഗങ്ങളിലും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ പൊലീസ് ട്രാഫിക് വഴി തിരിച്ചുവിട്ടു. തമിഴ്‌നാട് ധനമന്ത്രി ഡി ജയകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.