ബുലന്ദ്ഷഹർ കലാപം; മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റിൽ

മൂന്ന് ദിവസത്തെ ഒളിവു ജീവിതത്തിന് ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബുലന്ദ്ഷഹർ കലാപം; മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റിൽ

ബുലന്ദ്ഷഹര്‍ കലാപത്തിൻ്റെ മുഖ്യ ആസൂത്രകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ നേതാവായ യോഗേഷ് രാജിനെ ഒളിസങ്കേതത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ഒളിവു ജീവിതത്തിന് ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പശുവിനെ മുസ്ലീം യുവാക്കള്‍ കൊലപ്പെടുത്തി എന്നാരോപിച്ചാണ് ബുലന്ദ്ഷഹറില്‍ കലാപം ആരംഭിച്ചത്. പൊലീസിന് നേരെ അടക്കം ആക്രമണങ്ങള്‍ അഴിച്ചുവിട്ട സംഭവത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യോഗേഷ് രാജ് മുസ്ലീം യുവാക്കള്‍ പശുവിനെ കൊല്ലുന്നത് കണ്ടു എന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കലാപത്തിന് പ്രേരിപ്പിച്ചു എന്നതാണ് കുറ്റം.

കഴിഞ്ഞ ദിവസം ഇയാള്‍ ഒളിസങ്കേതത്തില്‍ നിന്ന് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. സംഘര്‍ഷസമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നെന്നും ഇതിന് പിന്നില്‍ മറ്റാരോ ആണെന്നും പൊലീസ് തന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ഇയാളുടെ വാദം. യോഗേഷിന് സംഭവവുമായി ബന്ധമില്ലെന്നാണ് ബജ്രം​ഗ്ദൾ പറയുന്നത്.

പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിംഗാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ അതുകൊണ്ട് തന്നെ ഗുഢാലോചന സംശയിക്കപ്പെടുന്നുണ്ട്.മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് ഈ കലാപം ഉണ്ടാക്കിയതെന്നും ഇവിടെയുള്ള ഗ്രാമീണര്‍ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നെന്നും യുപി പൊലീസ് പറയുന്നു.