ഇങ്ങനേയും പ്രതികാരം; ഉത്തര്‍പ്രദേശില്‍ തോക്കിന്‍ കുഴലില്‍ നിര്‍ത്തി വിവാഹം മുടക്കിയ യുവതി മുന്‍ കാമുകനെ തട്ടിക്കൊണ്ടു പോയി

മാസങ്ങള്‍ക്കു മുമ്പ് യുവാവുമായി പ്രണയത്തിലായ യുവതിയാണു തോക്കുമായി വിവാഹ വേദിയിലെത്തിയത്

ഇങ്ങനേയും പ്രതികാരം; ഉത്തര്‍പ്രദേശില്‍ തോക്കിന്‍ കുഴലില്‍ നിര്‍ത്തി വിവാഹം മുടക്കിയ യുവതി മുന്‍ കാമുകനെ തട്ടിക്കൊണ്ടു പോയി

വിവാഹം നടക്കുന്ന ഹാളിലേക്ക് ഒരു യുവതി തോക്കുമായി രണ്ടു പുരുഷന്‍മാരുടെ അകമ്പടിയോടെ പ്രവേശിച്ചപ്പോള്‍ എല്ലാവരുമൊന്നു ഞെട്ടി. വിവാഹച്ചടങ്ങുകളില്‍ സാധാരണ സംഭവിക്കാത്ത കാര്യമായതുകൊണ്ട് ആളുകള്‍ അമ്പരപ്പോടെ നോക്കി നില്‍ക്കുമ്പോള്‍ യുവതി പ്രതിശ്രുത വധുവിന്റെ തലയിലേക്ക് തോക്ക് ചേര്‍ത്ത് ഇങ്ങനെ പറഞ്ഞു:

''നീ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ ഞാനുമായി പ്രണയത്തിലാണ്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായ ഇയാളെന്നെ വഞ്ചിക്കുകയാണ്. ഇതു സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല''

ഇതു പറഞ്ഞ ശേഷം യുവതി പ്രതിശ്രുത വരനെ തോക്കുചൂണ്ടി പുറത്തേക്കു നടത്തി. പിന്നെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി. ഉത്തര്‍പ്രദേശിലെ ബുന്ദല്‍ക്കണ്ടിലാണ് കഴിഞ്ഞ ദിവസം ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തട്ടിക്കൊണ്ടുപോകപ്പെട്ട അശോക് യാദവെന്ന യുവാവുമായി പ്രണയത്തിലായിരുന്ന 25കാരിയാണ് വിവാഹവേദിയില്‍ തോക്കുമായെത്തിയതെന്നു പ്രദേശവാസികള്‍ പറഞ്ഞു.

കുറച്ചു മാസങ്ങള്‍ മുമ്പ് ഒരുമിച്ചു ജോലി ചെയ്യവേ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇരുവരും രഹസ്യമായി വിവാഹം ചെയ്തതായും വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അശോക് യാദവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. അശോകിനെ തട്ടിക്കൊണ്ടു പോയ യുവതിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.