അർബുദ ബാധിതരായ കുട്ടികൾക്ക് മ്യൂസിക് തെറാപ്പി; ആശ്വാസ​ഗീതവുമായി ബൗളിങ് ഇതിഹാസം ബ്രെറ്റ് ലീ

ബ്രെറ്റ് ലീയുടെ സാന്നിധ്യം വേദനകളിൽ ജീവിക്കുന്ന കുട്ടികൾക്ക് വലിയ ആത്മവിശ്വാസവും മാനസികോർജവും പറഞ്ഞറിയിക്കാനാവാത്ത സന്തോഷവുമാണ് ഏകിയത്. അർബുദ രോ​ഗികളിൽ മ്യൂസിക് തെറാപ്പി വ്യാപകമാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ബ്രെറ്റ് ലീയുടെ പങ്കാളിത്തം.

അർബുദ ബാധിതരായ കുട്ടികൾക്ക് മ്യൂസിക് തെറാപ്പി; ആശ്വാസ​ഗീതവുമായി ബൗളിങ് ഇതിഹാസം ബ്രെറ്റ് ലീ

അർബുദത്തിന്റെ കടുത്ത വേദനകളാൽ ഉള്ളും പുറവും എരിയുന്ന കുട്ടികൾക്ക് ആശ്വാസ​ഗീതവുമായി മുൻ ആസ്ട്രേലിയൻ ബൗളിങ് ഇതിഹാസം ബ്രെറ്റ് ലീ. മുംബൈയിലെ സെന്റ്. ജൂഡ്സ് ഇന്ത്യ ചൈൽഡ് കെയറിലെ അർബുദ ബാധിതരായ കുട്ടികൾക്കരികിലാണ് ബ്രെറ്റ്ലീ മ്യൂസിക് തെറാപ്പിയുമായി എത്തിയത്.

ബ്രെറ്റ് ലീയുടെ സാന്നിധ്യം വേദനകളിൽ ജീവിക്കുന്ന കുട്ടികൾക്ക് വലിയ ആത്മവിശ്വാസവും മാനസികോർജവും പറഞ്ഞറിയിക്കാനാവാത്ത സന്തോഷവുമാണ് ഏകിയത്. അർബുദ ചികിത്സയിൽ മ്യൂസിക് തെറാപ്പിയുടെ ​ഗുണവശങ്ങൾ സംബന്ധിച്ച് സമൂഹത്തിനു ബോധവൽക്കരണം നൽകുന്നതിൽ ഒരു സർക്കാരിതര സന്നദ്ധ സംഘടനയായ സെന്റ്. ജൂഡ് ചൈൽഡ് കെയറിന് തന്റെ സാന്നിധ്യം കൂടുതൽ സഹായകമായതായും അവരുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇതെന്നും ബ്രെറ്റ് ലീ പറഞ്ഞു.

അർബുദ രോ​ഗികളിൽ മ്യൂസിക് തെറാപ്പി വ്യാപകമാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ബ്രെറ്റ് ലീയുടെ പങ്കാളിത്തം. മ്യൂസിക് തെറാപ്പിക്കു പിന്തുണയുമായി ബ്രെറ്റ് ലീ വന്നതിൽ തങ്ങൾ അതിയായ സന്തോഷത്തിലാണെന്നും കുട്ടികളിൽ ഇതുകൊണ്ട് വലിയ മാറ്റമാണ് ഉണ്ടായതെന്നും ചൈൽഡ് കെയർ സിഇഒ ബാനർജി വ്യക്തമാക്കി.

സെന്റ്. ജൂഡ് ചൈൽഡ് കെയറുമായി കൈകോർക്കാൻ പറ്റിയത് താൻ വലിയൊരു അം​ഗീകാരമായാണ് കരുതുന്നതെന്ന് ബ്രെറ്റ് ലീ മനസ്സുതുറന്നു. സം​ഗീതം കുട്ടിക്കാലം മുതൽക്കേ തന്റെ ജീവിതത്തിന്റെ ഭാ​ഗമാണ്. കടുത്ത ചികിത്സാ രീതികളുമായി മുന്നോട്ടുപോവുന്ന അർബുദ രോ​ഗികളായ കുട്ടികൾക്ക് സമ്മർദ്ദം കുറയ്ക്കാനായി വിഷയത്തിൽ കൂടുതൽ ​ഗവേഷണവും മ്യൂസിക് തെറാപ്പിയുടെ വ്യാപനവും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.