ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്ന കമ്പനിക്ക് ആശുപത്രി പണമടച്ചിട്ടില്ല

"ഇനി ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ അയക്കാന്‍ പറ്റില്ല. അതേത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളായിരിക്കില്ല." ഓക്സിജന്‍ സിലിണ്ടറുകളുടെ പണമടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പുഷ്പ സെയില്‍സ് പ്രെെവറ്റ് ലിമിറ്റഡ് അയച്ച റിമെെന്‍ഡറുകളില്‍ ഒന്ന്.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്ന കമ്പനിക്ക് ആശുപത്രി പണമടച്ചിട്ടില്ല

"ഓക്‌സിജന്‍ സിലിണ്ടറിന്റെ പണമടച്ചിട്ട് ആറുമാസമായി. ഇനിയും വൈകിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബിആര്‍ഡി ആശുപത്രിയുടേത് ആയിരിക്കും."

"ഇനി ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ അയക്കാന്‍ പറ്റില്ല. അതേത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളായിരിക്കില്ല." ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്ന പുഷ്പ സെയില്‍സ് പ്രെെവറ്റ് ലിമിറ്റഡ് ആശുപത്രി പണമടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ക്കയച്ച കത്തുകളാണ് ഇവ.

അതുവരെ വാങ്ങിയ സിലിണ്ടറുകളുടെ പണം അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് ബിആര്‍ഡി ആശുപത്രിക്ക് രണ്ട് കത്തുകള്‍ അയച്ചിരുന്നു.

ഏകദേശം ആറോളം റിമൈന്‍ഡറുകളാണ് ആശുപത്രി പ്രിന്‍സിപ്പലിന് കമ്പനി ഇതിനകം അയച്ചത്. കമ്പനിയുടെ ഗൊരഖ്പൂരിലെ സെയില്‍സ് മാനേജര്‍ ദീപാങ്കര്‍ ശര്‍മയാണ് കത്തുകള്‍ അയച്ചത്. ജൂലൈ 31ന് ആശുപത്രിയിലേക്ക് ഒരു ലീഗല്‍ നോട്ടീസും അയച്ചിരുന്നുവെന്നും ദീപാങ്കര്‍ പറഞ്ഞു. പക്ഷേ ആശുപത്രിയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. നവംബര്‍ 2016 മുതല്‍ ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് പണമടച്ചിട്ടില്ല.

കരാറനുസരിച്ച്, സിലിണ്ടര്‍ വാങ്ങിക്കഴിഞ്ഞ് 15 ദിവസത്തിനകം പണമടക്കണം. 10 ലക്ഷത്തില്‍ കൂടുതല്‍ ബാധ്യത ഉണ്ടാകരുതെന്നും കരാറിലുണ്ട്. മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് തുടര്‍ന്നും ആശുപത്രിയിലേക്ക് സിലിണ്ടറുകള്‍ എത്തിച്ചത്. തുടര്‍ന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാന്‍ കമ്പനി ബുദ്ധിമുട്ട് നേരിട്ടതോടെയാണ് വിതരണം നിര്‍ത്തിയത് എന്നും ശര്‍മ പറയുന്നു. ഓഗസ്റ്റ് നാല് വരെ സിലിണ്ടറുകള്‍ എത്തിച്ചിരുന്നു. മൂന്ന് മാസത്തോളം കാത്തിരുന്ന ശേഷം 2017 ഫെബ്രുവരിയിലാണ് ആദ്യത്തെ റിമൈന്‍ഡര്‍ അയച്ചത്. 42 ലക്ഷം രൂപ അതുവരെ അടക്കാനുണ്ടായിരുന്നു. ഏപ്രില്‍, മെയ്, ജൂണ്‍, ജൂലായില്‍ രണ്ടെണ്ണം, ഓഗസ്റ്റില്‍ ഒന്ന് എന്നിങ്ങനെ റിമൈന്‍ഡറുകള്‍ ആശുപത്രിക്ക് അയച്ചു. തങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ആശുപത്രിയെ സഹായിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് അറിയിച്ചു. നിലവില്‍ ആശുപത്രി കമ്പനിക്ക് 60 ലക്ഷം രൂപ അടക്കാനുണ്ട് എന്നും ശര്‍മ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആശുപത്രി അധികൃതര്‍ 20 ലക്ഷം രൂപ അടച്ചു. ബാക്കി 40 ലക്ഷം രൂപ ആശുപത്രി അടച്ചിട്ടില്ല. ജൂലൈ 18ന് അയച്ച കത്തിന്റെ കോപ്പി ജില്ലാ മജിസ്‌ട്രേറ്റിനും അയച്ചിരുന്നു.

Read More >>