മുഖംമൂടികള്‍ കശ്മീരി സ്ത്രീകളുടെ മുടിമുറിക്കുന്നു; കശ്മീരില്‍ പ്രതിഷേധം പുകയുന്നു

മിന്നലാക്രമണങ്ങളാണ് ബലം പ്രയോഗിച്ചുള്ള മുടി വെട്ടല്‍. മുഖംമൂടിയെത്തുന്നവര്‍ സ്ത്രീകളെ ബോധം കെടുത്തി ആക്രമിക്കുന്നതിനാല്‍ ആരാണ് ഇതിനുപിന്നില്‍ എന്ന് കണ്ടെത്താനും കഴിയുന്നില്ല

മുഖംമൂടികള്‍ കശ്മീരി സ്ത്രീകളുടെ മുടിമുറിക്കുന്നു; കശ്മീരില്‍ പ്രതിഷേധം പുകയുന്നു

കശ്മീരി സ്ത്രീകളുടെ മുടി ബലം പ്രയോഗിച്ച് മുറിച്ചുകളയുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു. ഇതിനെതിരെ താഴ്‌വരയിലെ വിവിധയിടങ്ങളിലായി സ്ത്രീകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്. ഇതിനകം 200ലേറെ സ്ത്രീകളെയാണ് അജ്ഞാതര്‍ രാസവാതകം മുഖത്ത് സ്പ്രേ ചെയ്ത് ബോധംകെടുത്തി മുടിവെട്ടിക്കളഞ്ഞത്. കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കിടയിലാണ് ഇത്രയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.സെപ്തംബര്‍ ആറിനാണ് കശ്മീരില്‍ ആദ്യത്തെ ബലംപ്രയോഗിച്ചുള്ള മുടിവെട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. നൈരാ നാസിര്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിനിരയായത്. ഒരുദിവസം വീടിനു പുറത്തേക്കിറങ്ങിയ റേയസ് എന്ന സ്ത്രീയുടെ മുടി വീട്ടുമുറ്റത്തുവെച്ചാണ് വെട്ടിക്കളഞ്ഞത്. തന്‍റെ ഭര്‍ത്താവാണ് ഇത് ചെയ്തത് എന്ന് ആദ്യം കരുതിയെങ്കിലും പിന്നെയാണ് അപരിചിതരാണ് ഇത് ചെയ്തതെന്ന് മനസ്സിലായത്.

വ്യത്യസ്തമായ രാഷ്ട്രീയ സംവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് മുടിവെട്ടല്‍ സംഭവങ്ങള്‍ വഴിവെച്ചിരിക്കുന്നത്. ചിലര്‍ ഇന്റലിജന്‍സ് ഏജന്‍സികളാണ് സ്ത്രീകളുടെ മുടി വെട്ടിയെടുക്കുന്നത് എന്ന് ആരോപിക്കുന്നുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കെതിരെയും ആരോപണമുയരുന്നുണ്ട്.


ജമ്മുവില്‍ മാത്രം 180 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കശ്മീരില്‍ 40 കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ആരാണ് എന്ന് വ്യക്തമാകാത്തതിനാല്‍ ടൂറിസ്റ്റുകള്‍, ട്രാന്‍സ്‌ജെന്ററുകള്‍ തുടങ്ങിയവരെ പ്രതിഷേധക്കാര്‍ ആക്രമിക്കുന്ന സംഭവങ്ങളും പതിവായിരിക്കുകയാണ്. എന്നാല്‍, ബലം പ്രയോഗിച്ചുള്ള മുടിവെട്ടലിന് ഇരയായ ഒരു സ്ത്രീക്കും തന്നെ ആക്രമിച്ചത് ആരാണെന്ന് അറിയില്ല എന്ന് ഡിജിപി എസ്പി വൈദ് പറഞ്ഞു.

Read More >>