മീ ടൂ: ആരോപണവിധേയനായ സംവിധായകന്റെ സിനിമയിൽ നിന്ന് അക്ഷയ്കുമാർ പിന്മാറി; സ്വയം മാറിനിൽക്കുന്നതായി സാജിദ് ഖാൻ

അക്രമങ്ങള്‍ അനുഭവിച്ചവര്‍ പറയുന്നത് ഗൗരവമായി കേള്‍ക്കണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് നീതി നല്‍കണം- അക്ഷയ്കുമാർ ആവശ്യപ്പെട്ടു.

മീ ടൂ: ആരോപണവിധേയനായ സംവിധായകന്റെ സിനിമയിൽ നിന്ന് അക്ഷയ്കുമാർ പിന്മാറി; സ്വയം മാറിനിൽക്കുന്നതായി സാജിദ് ഖാൻ

മീ ടൂ ക്യാംപയിന്റെ ഭാ​ഗമായ ലൈം​ഗികാരോപണ വിധേയനായ സംവിധായകന്റെ സിനിമയിൽ നിന്നും നടൻ അ​ക്ഷയ്കുമാർ പിന്മാറി. കുറ്റവാളികളോടൊപ്പം ജോലി ചെയ്യാൻ തയ്യാറല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അക്ഷയ് കുമാറിന്റെ പിന്മാറ്റം. ചിത്രത്തിന്റെ സംവിധായകൻ സാജിദ് ഖാനെതിരെ മീ ടൂ ക്യാംപയിനിൽ ലൈം​ഗികാരോപണം ഉയർന്നിരുന്നു. സാജിദ് ഖാന്റെ ഹൗസ്ഫുള്‍- 4 എന്ന ചിത്രത്തിൽ നിന്നാണ് നടൻ വിട്ടുനിൽക്കാൻ തീരുമാനിച്ചത്.

ഇത്തരക്കാരോടൊപ്പമുള്ള സിനിമയില്‍ നിന്ന് പിന്മാറുക എന്നത് എന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. അക്രമങ്ങള്‍ അനുഭവിച്ചവര്‍ പറയുന്നത് ഗൗരവമായി കേള്‍ക്കണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് നീതി നല്‍കണം. ഇത്തരം പ്രവർത്തികൾക്ക് തക്കതായ ശിക്ഷ വേണം. സത്യം പുറത്തുവരുന്നത് വരെ ചിത്രീകരണം നിർത്തിവയ്ക്കണമെന്നും അക്ഷയ്കുമാർ നിർമാതാക്കളോട് ആവശ്യപ്പെട്ടു.

ഇതിനിടെ, വെളിപ്പെടുത്തലുകൾ വിവാദമായതോടെ, ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചിത്രത്തിന്‍റെ സംവിധാന ചുമതലയിൽ നിന്ന് മാറി നിൽക്കുമെന്ന് സാജിദ് ഖാൻ ട്വിറ്ററിലൂടെ അറിയിച്ചു. തനിക്കെതിരെ പുറത്തുവന്ന ആരോപണത്തോടെ കുടുംബവും ഹൗസ്ഫുൾ നിർമാതാവും മറ്റ് താരങ്ങളും സമ്മർദത്തിലായി. അതിനാൽ ഇതിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചിത്രത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ആരോപണത്തിനു പിന്നിലെ സത്യം തെളിയിക്കും. മാധ്യമ സുഹൃത്തുക്കൾ സത്യം പുറത്തുവരുന്നതിന് മുമ്പ് ഒരാളെയും വിധിക്കരുത്- സാജിദ് ഖാൻ പറഞ്ഞു.

മൂന്ന് സ്ത്രീകളാണ് സാജിദ് ഖാനെതിരെ ആരോപണവുമായി രംഗത്തു വന്നത്. സാജിദ് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് ഇവർ ആരോപിച്ചത്. സഹ സംവിധായികയും മാധ്യമപ്രവർത്തകയും നടിയുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാജിദ് ഖാനെ കൂടാതെ സിനിമയിലെ സഹനടനായ നാനാ പട്ടേക്കറിനെതിരെയും മീടു വില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ ആമിര്‍ ഖാനും കിരണ്‍ റാവുവും സമാന കാരണം ഉന്നയിച്ച് മറ്റൊരു സിനിമയില്‍ നിന്ന് പിന്മാറിയിരുന്നു.

Read More >>