ബിജെപി 2019 ൽ അധികാരത്തിൽ വന്നാൽ സംവരണം എടുത്തുകളയും; തീരുമാനം കോർപറേറ്റുകളുടെ പിന്തുണയിൽ

സമൂഹമാധ്യമങ്ങളിലൂടെ സംവരണ വിരുദ്ധ അന്തരീക്ഷം സ‍ൃഷ്ടിക്കാൻ ഇന്ത്യയിലെ വമ്പൻ കോർപറേറ്റുകൾ ശ്രമം ആരംഭിച്ചു കഴിഞ്ഞു. ബിജെപി അധികാരത്തിൽ വന്നതോടെ സമൂഹ മാധ്യമങ്ങളിൽ സംവരണ വിരുദ്ധ പ്രചരണം നിശബ്ദമായി ആരംഭിച്ചിരുന്നു. ആരക്ഷൺ വിരുദ്ധ് പാർട്ടി എന്ന പേരിൽ സംവരണ വിരുദ്ധ പാർട്ടിയും എൻ ജി ഒ കളുമടക്കം രൂപികരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇവയ്ക്കെല്ലാം ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ കോർപറേറ്റ് സ്ഥാപനങ്ങളാണ് ഫണ്ട് ചെയ്യുന്നത്.

ബിജെപി 2019 ൽ അധികാരത്തിൽ വന്നാൽ  സംവരണം എടുത്തുകളയും; തീരുമാനം കോർപറേറ്റുകളുടെ പിന്തുണയിൽ

അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലും കേന്ദ്രത്തിൽ അധികാരത്തിൽ വരികയും രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ ബിജെപി പിന്നോക്കക്കാർക്കുള്ള സംവരണം എടുത്തുകളയുമെന്നതിന്റെ സൂചനകൾ കോർപറേറ്റ് രംഗത്ത് നിന്ന് ലഭ്യമാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ സംവരണ വിരുദ്ധ അന്തരീക്ഷം സ‍ൃഷ്ടിക്കാൻ ഇന്ത്യയിലെ വമ്പൻ കോർപറേറ്റുകൾ ശ്രമം ആരംഭിച്ചു കഴിഞ്ഞു. ബിജെപി അധികാരത്തിൽ വന്നതോടെ സമൂഹ മാധ്യമങ്ങളിൽ സംവരണ വിരുദ്ധ പ്രചരണം നിശബ്ദമായി ആരംഭിച്ചിരുന്നു. ആരക്ഷൺ വിരുദ്ധ് പാർട്ടി എന്ന പേരിൽ സംവരണ വിരുദ്ധ പാർട്ടിയും എൻ ജി ഒ കളുമടക്കം രൂപികരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇവയ്ക്കെല്ലാം ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ കോർപറേറ്റ് സ്ഥാപനങ്ങളാണ് ഫണ്ട് ചെയ്യുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകനായ ധീരുഭായ് അംബാനിയുടെ പേരിലുണ്ടാക്കിയ ഒരു ഫെയ്സ്ബുക് പേജിൽ സമീപകാലത്ത് വന്ന ഒരു പോസ്റ്റ് വൻ സ്വീകാര്യത നേടിയതോടെയാണ് സംവരണ വിരുദ്ധതയും കോർപറേറ്റുകളും തമ്മിലുള്ള ബാന്ധവത്തിന്റെ പാറ്റേൺ ശ്രദ്ധേയമായത്.


Image Title

സംവരണത്തെ എതിർക്കാൻ കുഴിമാടത്തിൽ നിന്നുയർന്ന ധീരുഭായ് അംബാനി

സംവരണമുള്ള ഇന്ത്യയും സംവരണമില്ലാത്ത അമേരിക്കയും എന്ന് എഴുതിയ രണ്ട് ചിത്രങ്ങളുള്ള പോസ്റ്ററാണ് ധീരുഭായ് അംബാനിയുടെ പേരിലുള്ള പേജിൽ ടോപ് പിൻ ചെയ്തിരിക്കുന്നത്. ലോകത്ത് മുൻ നിരയിലുള്ള അമേരിക്കൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കണക്കാണ് പോസ്റ്ററിലെ ഉള്ളടക്കം. അമേരിക്കയിലെ 38 ശതമാനം ഡോക്ടർമാർ ഇന്ത്യക്കാരാണ്, ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിലെ 36 ശതമാനം ശാസ്ത്രജ്ഞരും ഇന്ത്യക്കാരാണ്, മൈക്രോസോഫ്റ്റിലെ 34 ശതമാനം തൊഴിലാളികളും ഇന്ത്യാക്കാരാണ്, ഐബിഎമ്മിലെ 28 ശതമാനം തൊഴിലാളികളും ഇന്ത്യാക്കാരാണ്, ഇന്റെലിലെ 27 ശതമാനം ഇന്ത്യാക്കാരാണ് , അമേരിക്കയിലെ ആകെ ശാസ്ത്രജ്ഞരിൽ 37 ശതമാനം പേരും ഇന്ത്യക്കാരാണ് എന്നിട്ടും ഇന്ത്യ പിന്നോക്ക രാജ്യമാണ് അതിന് കാരണം സംവരണ വിഭാഗക്കാർക്ക് അവർ അർഹിക്കുന്നതിൽ അധികം നൽകുന്ന സ്വാർത്ഥരായ രാഷ്ട്രീയക്കാരാണ് എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പോസ്റ്ററിലെ കണക്കുകൾക്ക് ഏതെങ്കിലും തരത്തിൽ വസ്തുതയുടെ പിൻബലം ഉണ്ടോ എന്ന് മനസിലാകുന്നില്ലെങ്കിലും നാൽപ്പത്തിനായിരത്തിലധികം ആളുകളാണ് ഈ പോസ്റ്റ് ലൈക് ചെയ്തിരിക്കുന്നതായി കാണുന്നത്. ഒരു ലക്ഷത്തിലധികം ഷെയറുകളും പോസ്റ്റിനുണ്ട്. ധീരുഭായ് അംബാനിയുടെ പേരിലുള്ള പേജിന് 8 ലക്ഷത്തിലധികം ലൈക്കുകളുണ്ട്. ഓഡ്മീനോട്ട് എന്ന പേരിലുള്ള ഒരു വെബ്സൈറ്റും കോർപറേറ്റ് നേതൃത്വത്തിലുള്ള സംവരണവിരുദ്ധ ക്യാംപെയ്ന് ചുക്കാൻ പിടിക്കുന്നു. ഈ സൈറ്റും ധീരുഭായ് അംബാനിയുടെ പേരിലുള്ള എഫ്ബി പേജും തമ്മിൽ ബന്ധമുണ്ട്.


Image Title'റിസർവേഷൻ ഹടാവോ ദേശ് ബചാവോ'

റിസർവേഷൻ ഹടാവോ ദേശ് ബചാവോ എന്ന മുദ്രാവാക്യമാണ് ഈ പ്രചാരണത്തിനായി ഇന്ത്യൻ സൈബർ ലോകത്ത് ആകെ ചിതറി നിൽക്കുന്ന പേജുകളെയും വ്യക്തികളെയും സൈറ്റുകളെയും ചില കോർപറേറ്റ് സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന പൊതു ഘടകം. സമീപകാലത്ത് രാജ്യത്ത് രൂപീകരിക്കപ്പെട്ട ആരക്ഷൺ വിരുദ്ധ് പാർട്ടിയെന്ന രാഷ്ട്രീയ പാർട്ടിയും ഈ കണ്ണിയിലുണ്ട്. സൈബർ രംഗത്തെ നിവേദന വേദി എന്ന നിലയിൽ സ്വയം വിശേഷിപ്പിക്കുന്ന ചെയ്ഞ്ച് ഡോട് ഓർഗ് എന്ന സൈറ്റിലേക്കും ഈ മുദ്രാവാക്യത്തെ പിന്തുടർന്നാൽ എത്തിച്ചേരും. പല തരത്തിലുള്ള നിവേദനങ്ങൾക്കായുള്ള വേദി എന്ന തോന്നലുണ്ടാക്കുന്ന ഈ സൈറ്റാണ് ചെയ്ഞ്ച് ഡോട് ഓർഗ്. ഈ സൈറ്റിലൂടെ ഉയർത്തപ്പെട്ട പ്രധാനപ്പെട്ട ഒരു നിവേദനം സ്വകാര്യമേഖലയിലെ പിന്നോക്ക സംവരണം അനുവദിക്കരുതെന്ന് ബിജെപി സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് എന്നതാണ് ശ്രദ്ധേയം. സംവരണത്തെ എതിർക്കുന്നത് ആർ എസ് എസും ബിജെപിയും മാത്രമല്ല ഇന്ത്യയിലെ ബഹുമാനിക്കപ്പെടുന്ന കമ്പനികളും കൂടിയാണ് എന്ന പ്രതീതിയാണ് ആദ്യമായി സൃഷ്ടിക്കാൻ ശ്രമിക്കുന്നത് എന്ന് വ്യക്തം. ഡ്രീംസ്നെറ്റ് പ്രൊഡക്ഷൻസ് എന്ന കമ്പനി നിർമ്മിക്കുന്ന വീഡിയോകളാണ് സംവരണ വിരുദ്ധത പ്രചരിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്ന മറ്റൊരായുധം.

പഠിക്കാൻ കഴിവുള്ള സവർണജാതിക്കാരന്റെ പരീക്ഷ പേപ്പർ കോപ്പിയടിച്ച് ജയിച്ച ദലിതന്റെ കമ്പനിയിൽ അഭിമുഖത്തിന് പോകുന്ന സവർണന്റെ കഥ പറയുന്ന ഷോർ‌ട് ഫിലിം ആണ് ഏറ്റവും ശ്രദ്ധേയം. വെറും 42 ശതമാനം മാർക്ക് വാങ്ങി വിജയിച്ച പഠിക്കാൻ കഴിവില്ലാത്ത ദലിതൻ സംവരണം ഉപയോഗിച്ച് ജീവിത വിജയം നോടി എന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. അയാളുടെ ഓഫിസിൽ അംബേദ്കറുട ചിത്രമുണ്ട് എന്നത് ക്യാമറ പ്രത്യേകം കാട്ടിത്തരുന്നുമുണ്ട് എന്നതാണ് ശ്രദ്ധേയം.


Image Titleതെരുവിലിറങ്ങാതെ സംവരണത്തെ ഇല്ലാതാക്കാനുള്ള ആർഎസ്എസ് പദ്ധതി

1990 ലെ മണ്ഡൽ പ്രക്ഷോഭത്തിന് ശേഷം ഇന്ത്യയിൽ വൻ സംവരണ വിരുദ്ധ പ്രക്ഷോഭം നടന്നത് 2006 ലാണ്. അന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒ ബി സി വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ഏർപ്പെടുത്താൻ യു പി എ സർക്കാർ നടപടി സ്വീകരിച്ചതിനെതിരെയായിരുന്നു പ്രക്ഷോഭം. 90 ൽ വി പി സിംഗ് സർക്കാർ സാമൂഹ്യ നീതി ലക്ഷ്യമിട്ട് മണ്ഡൽ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ കടുത്ത സംവിരണ വിരുദ്ധ നിലപാട് എടുത്ത ബിജെപിയും ആർ എസ് എസും 2006 ൽ സംവരണ വിഷയത്തിൽ‌ ഇടതുപക്ഷത്തിന്റേതിന് സമാനമായ നിലപാടെടുത്ത് കടുത്ത സംവരണ വിരുദ്ധതയിൽ നിന്ന് പിന്നോട്ട് മാറിയത് ശ്രദ്ധേയമായി. . ബിജെപിയുടെ ഈ നിലപാട് 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തതായി കാണാം. 2006 ൽ ശിവസേന മാത്രമായിരുന്നു യുപിഎ സർക്കാരിന്റെ സംവരണ നയത്തെ എതിർത്ത ഏക വലതുപക്ഷ പാർട്ടി. നേരിട്ട് സംവരണത്തെ എതിർക്കുക എന്ന നിലപാടിൽ നിന്ന് ബിജെപി പിന്നാക്കം പോയി എന്നതല്ല സംഭവിച്ചത്. സംവരണ വിരുദ്ധതയുടെ അന്തരീക്ഷം രാജ്യത്ത് സ്വയം ഉയർന്ന് വരണം എന്ന തന്ത്രപരമായ നിലപാടിലാണ് ബിജെപി. ഇതിനായുള്ള ജോലി തുടങ്ങാൻ‍ കോർപറേറ്റുകളുടെ സഹായം തേടുകയും ചെയ്തു. ഈ പ്രവ‍‍ൃത്തിയാണ് സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പണമൊഴുക്കി ഷോർട്ഫിലിമുകളായും പോസ്റ്റുകളായും പ്രതിഫലിക്കുന്നത്.


Image Titleആർ എസ് എസ് മുഖമാധ്യമമായ ഓർഗനൈസറിന് സർ സംഘ് ചാലക് മോഹൻ ഭാഗവത് ഈ വർഷം നൽകിയ അഭിമുഖത്തിൽ പറയുന്ന ഒരു കാര്യം ബിജെപി സംവരണം എടുത്തുകളയാൻ പോകുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. " സമൂഹത്തിൽ നിന്നുള്ള പ്രതിനിധികളടക്കം രാജ്യ താത്പര്യമുള്ളവരുടെ ഒരു സമിതി രൂപീകരിക്കേണ്ടതുണ്ട് എന്നും ഏത് സമുദായത്തിന് എത്ര നാളത്തേയ്ക്ക് സംവരണം വേണം എന്ന കാര്യം ആ സമിതി തീരുമാനിക്കണം എന്നുമാണ് വിശ്വസിക്കുന്നത്" എന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. 'രാജ്യതാത്പര്യമുള്ളവരുടെ സമിതി' എന്ന പ്രയോഗമാണ് ശ്രദ്ധിക്കേണ്ടത്. ആ സമിതി ആര് രൂപീകരിക്കും എന്ന് ഭാഗവത് പറയുന്നില്ല. ഭാഗവത് പറഞ്ഞ ആ സമിതി അനൗദ്യോഗികമായി രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. രാജ്യതാപ്പര്യമുള്ള കോർപറേറ്റുകൾ ആണ് ആ സമിതി ഇന്ന് നിയന്ത്രിക്കുന്നത്. ആ സമിതിയിലിരിക്കാനായി അംബാനിമാരുടെ പിതാവ് പോലും കുഴിമാടത്തിൽ നിന്ന് ഉയർന്നു വന്നുകഴിഞ്ഞു. തീരുമാനം 2019 ൽ ഉണ്ടാകും, ബിജെപി അധികാരത്തിൽ വന്നാൽ.

Read More >>