അഹമ്മദാബാദിന്റേയും പേരു മാറുന്നു; ഫൈസാബാദിനു പിന്നാലെ അടുത്ത നീക്കവുമായി ബിജെപി

പേരുകളിൽ മുസ്ലീം ഛായയുള്ള നഗരങ്ങൾക്ക് ഹിന്ദു വൈകാരിക പേരുകൾ നൽകിയാണ് ബിജെപി നീക്കം

അഹമ്മദാബാദിന്റേയും പേരു മാറുന്നു; ഫൈസാബാദിനു പിന്നാലെ അടുത്ത നീക്കവുമായി ബിജെപി

നഗരങ്ങളുടെ പുനർനാമകരണം തുടരുന്നു. അഹമ്മദാബാദ് നഗരത്തിന്റെ പേര് കർണാവതി എന്നാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. നിയമ തടസ്സങ്ങളില്ലെങ്കില്‍ അഹമ്മദാബാദിന്റെ പേര് മാറ്റുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്. നഗര പുനർനാമകരണത്തിൽ രണ്ടുദിവസങ്ങൾക്കിടെയുള്ള രണ്ടാമത്തെ പ്രഖ്യാപനമാണിത്. ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയാക്കിയ ഉത്തർപ്രദേശ് ബിജെപി സർക്കാരിന്റെ ചുവടുപിടിച്ചാണ് ഗുജറാത്തിലെ ബിജെപി സർക്കാർ നീക്കം. പേരുകളിൽ മുസ്ലീം ഛായയുള്ള നഗരങ്ങൾക്ക് ഹിന്ദു വൈകാരിക പേരുകൾ നൽകിയാണ് ബിജെപിയുടെ തന്ത്രം.

'അഹമ്മദാബാദിനെ കര്‍ണാവതിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിയമതടസ്സങ്ങള്‍ മറികടക്കാനാവശ്യമായ പിന്തുണകള്‍ ലഭിച്ചാല്‍ പേരുമാറ്റാന്‍ ഞങ്ങളെപ്പോഴും ഒരുക്കമാണ്' – നിതിന്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുയോജ്യമായ സമയം എത്തുന്ന ഘട്ടത്തില്‍ പേര് മാറ്റുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ നീക്കം സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പ്രതികരിച്ചു. രാമക്ഷേത്ര നിര്‍മ്മാണം പോലെ ഹിന്ദു വോട്ട് ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് നഗരത്തിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി ദീപാവലി ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. അയോധ്യ രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അടയാളമാണെന്നും അത് ഭഗവാൻ ശ്രീരാമന്റെ പേരിലാണ് അറിയപ്പെടേണ്ടതെന്നും പ്രഖ്യാപനം നടത്തികൊണ്ട് യോഗി ആദ്യത്യനാഥ് പറഞ്ഞിരുന്നു.

Read More >>