മധ്യപ്രദേശ് സർക്കാരിനെ വിമർശിച്ച മുതിർന്ന ബിജെപി നേതാവിന് സസ്പെൻഷൻ

‘മുഖ്യമന്ത്രീ, സംസ്ഥാനത്ത് അഴിമതി തകർത്താടുകയാണ്. ആശുപത്രികളുടെ അവസ്ഥ അസഹനീയമാണ്. ദയവു ചെയ്ത് ഈ സ്ഥിതി മെച്ചപ്പെടുത്തുക. അല്ലെങ്കില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എല്ലാം ത്യജിച്ച ഞങ്ങളെപ്പോലുള്ള ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരെ നശിപ്പിക്കൂ’ എന്നായിരുന്നു രാജ് ഛദ്ധയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.

മധ്യപ്രദേശ് സർക്കാരിനെ വിമർശിച്ച മുതിർന്ന ബിജെപി നേതാവിന് സസ്പെൻഷൻ

മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെ വിമർശിച്ച മുതിർന്ന ബിജെപി നേതാവിന് സസ്പെൻഷൻ. സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ​ഗ്വാളിയോറിലെ ബിജെപി നേതാവ് രാജ് ഛദ്ധയെ ആണ് പാർട്ടി സസ്പെൻഡ് ചെയ്തത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ നന്ദകുമാര്‍ സിങ് ചൗഹാനാണ് രാജ് ഛദ്ധയ്ക്കെതിരെ നടപടിയെടുത്തത്. സസ്പെൻഷനെ കൂടാതെ കാരണം കാണിക്കൽ നോട്ടീസും രാജിന് നൽകിയിട്ടുണ്ട്.

'മുഖ്യമന്ത്രീ, സംസ്ഥാനത്ത് അഴിമതി തകർത്താടുകയാണ്. ആശുപത്രികളുടെ അവസ്ഥ അസഹനീയമാണ്. ദയവു ചെയ്ത് ഈ സ്ഥിതി മെച്ചപ്പെടുത്തുക. അല്ലെങ്കില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എല്ലാം ത്യജിച്ച ഞങ്ങളെപ്പോലുള്ള ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരെ നശിപ്പിക്കൂ' എന്നായിരുന്നു രാജ് ഛദ്ധയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.

എന്നാൽ, നടപടിയെടുത്ത ശേഷവും ഛദ്ധ വിമർശനം അവസാനിപ്പിച്ചില്ല. 'ദൈവമേ! എന്റെ പാര്‍ട്ടിയെ രക്ഷിക്കൂ. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ പിടിയില്‍ നിന്നും അതിനെ രക്ഷിച്ച് പാര്‍ട്ടിക്കുവേണ്ടി ത്യാഗം ചെയ്യുന്നവരുടെ കൈകളിലേക്കു നല്‍കൂ.' എന്നായിരുന്നു രാജ് ചദ്ധയുടെ രണ്ടാമത്തെ പോസ്റ്റ്. മാത്രമല്ല, 'വ്യക്തികളേക്കാള്‍ പ്രധാനം പാര്‍ട്ടിയാണെന്നും പാര്‍ട്ടിയേക്കാള്‍ പ്രധാനം രാജ്യമാണെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിക്കും രാജ്യത്തിനും മേലെയാണ് തങ്ങള്‍ എന്നാണ് അവരുടെ ധാരണ' എന്നും രാജ് ഛദ്ധ ആരോപിച്ചു.

മുമ്പ് ബിജെപിയുടെ ഗ്വാളിയോർ ജില്ലാ പ്രസിഡന്റായിരുന്നു രാജ് ഛദ്ധ.