അരുന്ധതി റോയിയെ ജീപ്പിന് മുന്നില്‍ കെട്ടിയിടണം: പ്രിയദർശന്റെ നായകനായ സംഘപരിവാർ എംപി

കല്ലെറിയുന്നവര്‍ക്കു പകരം മലയാളി എഴുത്തുകാരിയും ബുക്കര്‍ സമ്മാനജേതാവുമായ അരുന്ധതി റോയിയെ ആര്‍മി ജീപ്പില്‍ കെട്ടിയിടണം എന്നായിരുന്നു പരേഷ് റാവലിന്‌റെ ട്വീറ്റ്.

അരുന്ധതി റോയിയെ ജീപ്പിന് മുന്നില്‍ കെട്ടിയിടണം: പ്രിയദർശന്റെ നായകനായ സംഘപരിവാർ എംപി

കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സംഭവത്തിനെപ്പറ്റി അന്വേഷണങ്ങള്‍ നടക്കുമ്പോള്‍, ബിജെപി ലോകസഭാ എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവല്‍ വിവാദ ട്വീറ്റുമായി രംഗത്തെത്തി. കല്ലെറിയുന്നവര്‍ക്കു പകരം മലയാളി എഴുത്തുകാരിയും ബുക്കര്‍ സമ്മാനജേതാവുമായ അരുന്ധതി റോയിയെ ആര്‍മി ജീപ്പില്‍ കെട്ടിയിടണം എന്നായിരുന്നു പരേഷ് റാവലിന്‌റെ ട്വീറ്റ്.


ഏപ്രില്‍ ഒമ്പതിനായിരുന്നു ഫാറൂക്ക് അഹമ്മദ് ദര്‍ എന്ന ചെറുപ്പക്കാരനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് ആര്‍മി പട്രോള്‍ നടത്തിയത്. മണിക്കൂറുകളോളമാണു ഫാറൂക്കിനേയും കൊണ്ട് ആര്‍മി തെരുവുകളിലൂടെ പട്രോള്‍ നടത്തിയത്.

റാവലിന്‌റെ ട്വീറ്റ് കണ്ട ട്വിറ്റര്‍ ഫോളോവേഴ്‌സും സമാനമായ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ഇന്ത്യയ്‌ക്കെതിരേ ശബ്ദിക്കുന്ന അരുന്ധതിയെ ഓരോ ഇന്ത്യക്കാരനും ശാരീരികമായി ആക്രമിക്കണമെന്നായിരുന്നു ഒരാളുടെ ട്വീറ്റ്.റാവല്‍ സമാധാനപ്രിയനാണെന്നും താനായിരുന്നെങ്കില്‍ അരുന്ധതിയെ ജീപ്പിനു പിന്നില്‍ കെട്ടിയിട്ടു വലിക്കുമായിരുന്നെന്നും മറ്റൊരാള്‍.


ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ ശക്തമായി എതിര്‍ക്കുന്ന ആക്ടിവിസ്റ്റ് കൂടിയാണ് അരുന്ധതി റോയ്. അവരുടെ നിലപാടുകള്‍ പലപ്പോഴും സര്‍ക്കാരിന്‌റെ അതൃപ്തിക്കു പാത്രമായിട്ടുണ്ട്.

അതേ സമയം റാവലിനെതിരേ എഫ്‌ഐആര്‍ എഴുതണമെന്ന് ആക്ടിവിസ്റ്റ് ആയ ശബ്‌നം ഹാഷ്മി പറഞ്ഞു. എംപിയുടെ ട്വീറ്റിനെപ്പറ്റി ബിജെപി നേതൃത്വം എന്നും പറഞ്ഞില്ല. റാവലിന്‌റെ ട്വീറ്റ് വിവാദമായപ്പോള്‍ ബിജെപി വക്താവ് ജി വി എല്‍ നരസിംഹ റാവു പറഞ്ഞത് അരുന്ധതി റോയ് കശ്മീരിന്‌റെ കാര്യത്തില്‍ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നയാളാണ്. അങ്ങിനെയുള്ളവരെക്കുറിച്ചു സംസാരിക്കുന്നതിനേക്കാള്‍ അവഗണിക്കുകയാണു നല്ലത് എന്നായിരുന്നു.

ബിജെപി നേതാക്കള്‍ അഭിപ്രായം പറയുന്ന സ്ത്രീകള്‍ക്കെതിരേ എത്ര മോശമായിട്ടാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കാമെന്നു സിപിഎം നേതാവ് ആനി രാജ പറഞ്ഞു. ആര്‍മിയ്ക്കു സംരക്ഷണം വേണമെങ്കില്‍ റാവല്‍ തന്നത്താന്‍ പോകണമെന്നും മറ്റൊരാളുടെ പേരു നിര്‍ദ്ദേശിക്കേണ്ട കാര്യമില്ലെന്നും ആനി പറഞ്ഞു.

മലയാളി സംവിധായകൻ പ്രിയദർശന്റെ ഹിന്ദി സിനിമകളിലെ സ്ഥിരം സാന്നിധ്യമാണു പരേഷ് റാവൽ.