അയോധ്യ വിഷയം സജീവമാക്കി ബിജെപി; വാഗ്ദാനങ്ങളുമായി യോഗി ആദിത്യനാഥ് തര്‍ക്കഭൂമിയില്‍

15 വര്‍ഷത്തിനു ശേഷം ആദ്യമയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അയോധ്യ സന്ദര്‍ശിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പനു മുമ്പ് അയോധ്യ വിഷയം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് ബിജെപിയുടേത്.

അയോധ്യ വിഷയം സജീവമാക്കി ബിജെപി; വാഗ്ദാനങ്ങളുമായി യോഗി ആദിത്യനാഥ് തര്‍ക്കഭൂമിയില്‍

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപനങ്ങളുമായി അയോധ്യ സന്ദര്‍ശിച്ചു. രാമന്റെ ജന്മഭൂമിയായ അയോധ്യയുടെ വികസനം സാധ്യമാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മുന്‍ സര്‍ക്കാരുകള്‍ അയോധ്യയെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയുടെ വികസനത്തിനായി 350 കോടി രൂപ അനുവദിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രദേശത്ത് 24 മണിക്കൂറും സൗജന്യ വൈദ്യുതി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തെരുവുകളില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

അയോധ്യ തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 15 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അയോധ്യ സന്ദര്‍ശിക്കുന്നത്. തര്‍ക്ക ഭൂമിയിലെ താത്കാലിക ക്ഷേത്രത്തില്‍ ആദിത്യനാഥ് പ്രാര്‍ത്ഥന നടത്തിയിരുന്നു.

ബാബ്റി മസ്ജിത് തകര്‍ത്തതുമായി ബന്ധപ്പെട്ട് എല്‍ കെ അഡ്വാനി അടക്കമുള്ള ബിജെപി-വിഎച്ച്പി നേതാക്കള്‍ക്കെതിരെ സിബിഐ കോടതി ഗൂഡാലോചന കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ആദിത്യനാഥിന്റെ അയോധ്യ സന്ദര്‍ശനം. 20 ശതമാനം മുസ്ലീങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.