മഹാരാഷ്ട്ര ലോങ്ങ് മാർച്ചിന്റെ വിജയം; കർഷക സമരങ്ങളെ ഭയന്ന് ബിജെപി നേതൃത്വം

ഇടതുപക്ഷത്തിന് പുറമേ പ്രാദേശിക രാഷ്ട്രീയ കക്ഷികളും വിവിധ കർഷക സംഘടനകളും മഹാരാഷ്ട്ര മോഡൽ പോരാട്ടത്തിന്റെ പാതയിലാണ്.

മഹാരാഷ്ട്ര ലോങ്ങ് മാർച്ചിന്റെ വിജയം; കർഷക സമരങ്ങളെ ഭയന്ന് ബിജെപി നേതൃത്വം

മഹാരാഷ്ട്രയിലെ കർഷക ലോങ്ങ് മാർച്ചിന്റെ വിജയത്തെത്തുടർന്ന് സമാന സമരങ്ങളെ ഭയന്ന് ബിജെപി നേതൃത്വം. കേന്ദ്രസർക്കാരിന്റെയും രാജ്യത്തെ വരുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെയും കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്, മഹാരാഷ്ട്ര മാതൃകയിൽ സമരങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണ് നേതൃത്വം. മോദി ഭരണത്തിന്റെ ആദ്യ രണ്ടുവർഷങ്ങളിൽ കര്‍ഷ ആത്മഹത്യകളുടെ എണ്ണത്തില്‍ 2 വര്‍ഷം കൊണ്ട് 42 ശതമാനം വര്‍ദ്ധനയാണ് വന്നതെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാൽ ഇത് കേന്ദ്രസർക്കാർ കണക്കിലെടുത്തില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർക്ക് ഒരു പ്രാധാന്യവും ലഭിച്ചില്ല.

മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും കർഷകർ ദുരിതത്തിലാണ്. ഗുജറാത്തിൽ പോയ വർഷങ്ങളിൽ കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. വരൾച്ച രൂക്ഷമായി കടമെടുത്തതും മറ്റും കൃഷിക്കൊരുങ്ങിയ കർഷകർക്ക് വിത്തിറക്കാൻ പോലും കഴിഞ്ഞില്ല. സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. വെള്ളം സുലഭമായി ലഭ്യമാക്കുമെന്ന് ബിജെപിയുടെ മുതിർന്ന നേതാക്കൾ പ്രസംഗിച്ചു. നര്‍മദ നദിയില്‍ നിന്നു ലഭിക്കുന്ന വെള്ളത്തില്‍ നിന്ന് കർഷകർക്ക് പൊന്ന് കൊയ്‌തെടുക്കാമെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം. എന്നാൽ നേരത്തെ വിട്ടുനൽകിയിരുന്ന വെള്ളം പോലും മധ്യപ്രദേശ് ഇപ്പോൾ ഗുജറാത്തിനു നൽകുന്നില്ല. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പോലും നേതാക്കൾ ഇപ്പോൾ തയ്യാറല്ല.

മോദിയുടെ വിജയത്തിന് ശേഷം ബിജെപി ആഘോഷിച്ച യോഗി ആദിത്യനാഥിന്റെ വിജയം കൊണ്ട് ഉത്തർപ്രദേശിലെ കർഷകർക്ക് ദുരിതം മാത്രമാണ് ഉണ്ടായത്. കാർഷിക ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുപിയിലെ കർഷകർ മുഖ്യമന്ത്രിയുടെ വസതിക്കു മുൻപിൽ ഉരുളക്കിഴങ്ങ് തള്ളി കഴിഞ്ഞ ജനുവരിയിൽ പ്രതിഷേധിച്ചിരുന്നു. നിയമസഭാ മന്ദിരത്തിനു മുൻപിലും കർഷകർ ഉരുളക്കിഴങ്ങ് തള്ളി. കനത്ത സുരക്ഷാ പ്രദേശത്ത് കടന്ന് കർഷകർ ഉരുളക്കിഴങ്ങ് എറിഞ്ഞു.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട യോഗി ആദിത്യനാഥിന്റെ കാർഷിക കടാശ്വാസ പദ്ധതി വലിയ തട്ടിപ്പായിരുന്നു. 36,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതു വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകർക്ക് ലഭിച്ചത് 10 രൂപ മുതല്‍ 215 രൂപ വരെയുള്ള തുകകള്‍ എഴുതിത്തള്ളിയതിന്റെ രേഖകളാണ്. സെപ്തംബര്‍ എട്ടിന് ബരാബാംഗി ജില്ലയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്ത 5,000 കടം എഴുതിത്തള്ളിയെന്ന സാക്ഷ്യപത്രങ്ങളില്‍ പലതും ഇതുപോലെതന്നെയായിരുന്നു. 12 രൂപ മുതലുള്ള തുകകൾ എഴുതിത്തള്ളിയെന്ന സാക്ഷ്യപത്രങ്ങളാണ് കർഷകർക്ക് ലഭിച്ചത്. മഹാരാഷ്ട്ര സമരവിജയത്തിന്റെ പശ്ചാത്തലത്തിൽ 2.15 കോടി കർഷകരുള്ള ഉത്തർപ്രദേശിൽ ബിജെപി നേതൃത്വം ഏറെ ഭീതിയിലാണ്.

ഉത്തർപ്രദേശിൽ സിപിഐഎമ്മിന്റെ കിസാൻസഭയുടെ നേതൃത്വത്തിൽ സമരത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. മഹാരാഷ്ട്രയിലെ സമരവിജയത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പല കര്ഷകസംഘടനകളും സമരത്തിന്റെ ഒരുക്കത്തിലാണെന്നാണ് വിവരം. പ്രാദേശിക രാഷ്ട്രീയ കക്ഷികളും ബിജെപിയുടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ പോരാടാനുള്ള മികച്ച വഴിയായി കർഷകസമരങ്ങളെ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Read More >>